മത വൈരത്തിന്റെ അഗ്നികുണ്ഡം

ലോകത്തിലെ ഏറ്റവും വലിയ മതനിരപേക്ഷ രാജ്യമാണ് ഭാരതം . 1947 ആഗസ്ത് 15 ന് രാജ്യം സ്വതന്ത്രമാവുമ്പോൾ ഇവിടെയുണ്ടായ കലാപത്തിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് പരസ്പരം വെട്ടി മരിച്ചത്. അന്ന് കൽക്കത്തയിൽ ഉപവാസത്തിലായിരുന്ന രാഷ്ട്രപിതാവ് ഗാന്ധിജി പറഞ്ഞത് “എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സമാധാനമാണ് സ്വാതന്ത്ര്യ പ്രഖ്യാപനത്തേക്കാൾ പ്രധാനം” എന്നായിരുന്നു. ഹിന്ദു – മുസ്ലീം മൈത്രിക്ക് വേണ്ടി ഉറച്ച നിലപാട് എടുത്തത് കൊണ്ടാണ് ഗാന്ധിജി രക്തസാക്ഷിയായത്.

“ലോകത്തിന് നല്ലത് മാത്രം വരട്ടെ” എന്ന് ആഗ്രഹിച്ച ചിരപുരാതനമായ ഭാരതത്തിൻ്റെ മണ്ണിൽ ഇന്ന് ചിലർ വെറുപ്പിൻ്റെ വിഷം കലർത്തുകയാണ്. വടക്കെ ഇന്ത്യയിൽ ഹിന്ദു – മുസ്ലീം വൈരത്തിൻ്റെ തീപ്പൊരികൾ കത്തിയെരിയുന്നു. പുണ്യപുരാവസ്തു സങ്കേതങ്ങളായ താജ് മഹലിലും കുത്തബ് മിനാറിലും വാരണാസിയിലെ ഗ്യാൻവ്യാപി മസ്ജിദിലും പുതിയ വാദമുഖങ്ങളുമായി ചില മതമൗലികവാദികൾ രംഗത്ത് വന്നിട്ടുണ്ട്.

ഹാഗിയ സോഫിയയിൽ നിന്നും, കുത്തബ് മീനാറിൽ നിന്നും മാത്രമല്ല കൊച്ചു കേരളത്തിലും വർഗീയ കലാപത്തിൻ്റെ ഭ്രാന്തൻ വർത്തമാനങ്ങൾ ഉയർന്നു വരുന്നു. ഹിന്ദു – മുസ്ലീം വൈരത്തിൻ്റെ പേരിൽ പല കൊലപാതകങ്ങൾ നടന്നു കഴിഞ്ഞു. ഇപ്പോഴിതാ ആലപ്പുഴയിൽ നടന്ന ഒരു ജാഥയും അതിലെ മുദ്രാവാക്യം വിളിയും വലിയ വിവാദങ്ങൾ ഉണ്ടാക്കിട്ടുണ്ട്. എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞിനെ കൊണ്ട് വിഷലിപ്തമായ മുദ്രാവാക്യം വിളിപ്പിച്ച് അന്യമതസ്ഥരോട് അന്ത്യയാത്രക്കുള്ള അരിയും മലരും കുന്തിരിക്കവും കരുതി വെയ്ക്കാനുള്ള ആഹ്വാനം തിരി കൊളുത്തിയത് ഒരു തീക്കുണ്ഡത്തിനാണ് . മതവൈരവും വംശഹത്യയും പ്രാകൃതം തന്നെ . അതിനെ മുളയിലേ നുള്ളിയില്ലെങ്കിൽ വംശഹത്യകൾ ആവർത്തിക്കും. വളർന്നു വരുന്ന ഒരു കുഞ്ഞിനെക്കൊണ്ട് കൊലവിളി നടത്തിച്ചവർ മാപ്പർഹിക്കാത്ത അപരാധമാണ് ചെയ്തത്. കൈ വെട്ടി മാറ്റിയിട്ടും തല വെട്ടി മാറ്റിയിട്ടും കലിയടങ്ങാതെ ഒരു ചെറിയ വിഭാഗം (രണ്ട് കൂട്ടത്തിലും പെട്ട) ഇന്നും സംഹാര താണ്ഡവമാടുകയാണ്. അവർ മാതൃകയാക്കേണ്ടത് കണ്ണിന് കണ്ണ് എന്നു പറഞ്ഞ ഹമുറാബിയെ അല്ല, മറിച്ച് ഖലീഫ ഉമറിനെയാണ്.

കേരളത്തിലെ ഒരു മുൻ നിയമസഭാ സാമാജികനെ മത വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യേണ്ടി വന്നു എന്നത് സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കി. മുൻ MLA ഉയർത്തിയ വിദ്വേഷ പ്രസംഗം ക്രിമിനൽ കുറ്റം തന്നെയാണ്. അദ്ദേഹത്തെ ജയിലിലടച്ചത് നീതിന്യായ വ്യവസ്ഥയുടെ വിജയമാണ്.

യേശുദേവൻ്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കാൻ അജ്ഞാനികൾക്ക് അവകാശമില്ല. സെൻ്റ് തോമസിലൂടെ കേരളത്തിലെത്തിയ ക്രിസ്തുമതത്തിൻ്റെ പ്രചാരക വേഷം കെട്ടേണ്ടത് ആ മതത്തെ അവഹേളിക്കുന്നവരല്ല. ക്രിസ്തുദേവൻ്റെ ദർശനങ്ങളെയും, മുഹമ്മദ് നബിയുടെ ആശയങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ച മണ്ണിൽ ഉന്മൂലനാശത്തിൻ്റെ രാഷ്ട്രീയം പറയുന്നവരെ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. അദ്വൈത ദർശനം കൊണ്ട് സർവ്വജ്ഞ പീഠം കയറിയ ശ്രീ ശങ്കരൻ്റെ നാട്ടിലെ അദ്ധ്യാപകരുടെ നാവിൽ നിന്ന് അസഹിഷ്ണുതയുടെ വാക്കുകൾ വന്നു കൂടാ. അതെല്ലാം നമ്മളെ വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയത്തിലേക്കാണ് വീണ്ടും എത്തിക്കുക ..

ധർമ്മത്തിൻ്റെ സുദർശനം ഉയർത്തിയ ക്യഷ്ണൻ്റെയും,സത്യബോധത്തിൻ്റെയും അഹിംസയുടെ പ്രവാചകനായ ബുദ്ധൻ്റെയും മണ്ണിൽ വിദ്വേഷത്തിൻ്റെ വിത്തുകൾ വിതയ്ക്കാൻ ആരെയും അനുവദിച്ചുകൂടാ. നല്ലൊരു നാളേക്കായി നമുക്കൊരുമിക്കാം

പ്രൊഫ.ജി. ബാലചന്ദ്രൻ

#തീവ്രവാദം

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ