അസുര ഗുരുവായ ശുക്രാചാര്യർ പോലും മദ്യവിനയുടെ മരണ സാക്ഷിയാണ്. ശുക്രാചാര്യർ അസുര ഗുരുവും ബ്രഹസ്പതി ദേവഗുരുവുമാണ്. അസുരൻമാരും ദേവൻമാരും തമ്മിൽ നിരന്തരമായ യുദ്ധം. ദേവൻമാർ അസുന്മാരെ വെട്ടി വെട്ടി കൊന്നു. പക്ഷെ മരിച്ച അസുരന്മാരെല്ലാം വീണ്ടും ജീവിയ്ക്കുന്നു. ശുക്രാചാര്യർ മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് അസുരന്മാരെ ജീവിപ്പിക്കുന്നതാണെന്ന് അവർ മനസ്സിലാക്കി. ആ മന്ത്രം കൈക്കലാക്കാൻ ബൃഹസ്പതിയുടെ മകൻ കചനെ നിയോഗിച്ചു. ശുക്രാചാര്യരുടെ ആശ്രിതനായി കചൻ എത്തി. കുറച്ച് കഴിഞ്ഞപ്പോൾ ശുക്രാചാര്യരുടെ പുത്രി ദേവയാനിയുമായി കചൻ അടുപ്പത്തിലായി. അവർ പ്രണയബദ്ധരായി കഴിയുന്നു. . കചൻ ഏതോ സൂത്രപ്പണിക്ക് എത്തിയതാണെന്ന് അസുരൻമാർക്ക് മനസിലായി. അവർ കചനെ കൊന്ന് ചെന്നായ്ക്കൾക്ക് തീറ്റയായി കൊടുത്തു. കചനെ കാണാതെ ദേവയാനി ദു: ഖിതയായി. അവൾ കരഞ്ഞപേക്ഷിച്ചപ്പോൾ ശുക്രാചാര്യർ കചനെ ജീവിപ്പിച്ചു’ രണ്ടാം പ്രാവശ്യവും അവർ കചനെ കൊന്ന് അരച്ചുകലക്കി സമുദ്രത്തിലൊഴുക്കി, ദേവയാനി വീണ്ടും കചനില്ലാതെ ജീവിക്കുകയില്ലെന്ന് ശപഥം ചെയ്തു. ഗത്യന്തരമില്ലാതെ ആചാര്യൻ മൃതസഞ്ജീവനി മന്ത്രം പ്രയോഗിച്ച് വിളിച്ചപ്പോൾ കചൻ പുനർജനിച്ചു. മൂന്നാം പ്രാവശ്യവും അസുരൻമാർ കചനെ കൊന്ന് അരച്ചു കലക്കി മദ്യത്തിൽ കലർത്തി ശുക്രാചാര്യർക്ക് കൊടുത്തു. ദേവയാനി വീണ്ടും ദു:ഖിതയായി. കചൻ ശുക്രാചാര്യരുടെ ഉദരത്തിലാണ്. മോചിപ്പിച്ചാൽ ശുക്രാചാര്യർ മരിക്കും. അല്ലെങ്കിൽ ദേവയാനി ആത്മഹത്യ ചെയ്യും! ശുക്രാചാര്യർ കചനെ മൃതസഞ്ജീവനി ഉപയോഗിച്ച് ജീവിപ്പിക്കുന്നതിന് മുമ്പ് തനിക്ക് ജീവൻ നല്കാൻ വേണ്ടി മൃതസഞ്ജീവനി മന്ത്രം തൻ്റെ ഉദരത്തിലുള്ള കചനെ പഠിപ്പിച്ചു. കചൻ പുറത്ത് വന്നു. മരിച്ചു പോയ ശുക്രാചാര്യരെ, കചൻ താൻ തന്ത്രത്തിൽ പഠിച്ച മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് ജീവിപ്പിച്ചു. കചൻ പിന്നീട് അവിടെ നിന്നില്ല – മദ്യത്തിൻ്റെ വിപത്തിൽ പെട്ടു പോയ ശുക്രാചാര്യരുടെ മൃതസഞ്ജീവനി മന്ത്രമാണ് കൈവിട്ടു പോയത്. അത് അസുരകുലം മുടിയാൻ തന്നെ കാരണമായി. മദ്യം വിതയ്ക്കുന്ന ദുരന്തങ്ങൾക്ക് ഇന്ന് എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്.
പ്രൊഫ ജി ബാലചന്ദ്രൻ