റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം ഭയനാകരമാം വിധം വർദ്ധിക്കുകയാണ് . വാഹനാപകടങ്ങൾ ഉണ്ടാക്കുന്ന വിപത്ത് നാം അറിയാതെ പോകരുത്. വടക്കാഞ്ചേരി അപകടം വന്നപ്പോഴാണ് മനുഷ്യർ വരുത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. കഴിഞ്ഞ ഒൻപതു മാസത്തിനുളളിൽ 2838 മനുഷ്യജീവനാണ് റോഡപകടങ്ങളിൽ കേരളത്തിൽ മാത്രം പൊലിഞ്ഞത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വാഹനപകടങ്ങളിൽ കൊല്ലപ്പെട്ടത് 17989 പേരാണ്. കഴിഞ്ഞ വർഷം മാത്രം നടന്നത് 28876 അപകടങ്ങളാണ്. അതിൽ 32374 പേർക്ക് പരുക്കു പറ്റുകയും ചെയ്തു.
ഇരുചക്ര വാഹനങ്ങളിലെ അപകടമാണ് കുടുതൽ. മോട്ടോർ ബൈക്കുകളിൽ ‘ചെത്തുന്ന’ യുവാക്കൾക്ക് ലക്കും ലഗാനുമില്ല. ഡാൻസ് ചെയ്തുകൊണ്ട് വണ്ടിയോടിക്കുന്നത് ഈയിടെ നാം നേരിട്ട് കണ്ടതാണ്. ഹെൽമെറ്റില്ലാതെയും മൊബൈൽ ഫോണിൽ സംസാരിച്ചുമുള്ള യാത്ര,മത്സര ഓട്ടം, ഓവർ സ്പിഡ് എന്നിവ അപകടങ്ങളെ ക്ഷണിച്ചു വരുത്തും. അപകടം സംഭവിക്കുമ്പോൾ മാത്രമാണ് മോട്ടോർ വാഹന വകുപ്പു പൊടിതട്ടി എണീറ്റ് ജാഗരുകരാകുന്നത്. വാഹനങ്ങൾ യാത്ര ചെയ്യാനാണ്, അല്ലാതെ അഭ്യാസ പ്രകടനത്തിനല്ല. കാൽനടയാത്രക്കാരെയും വണ്ടിയിടിച്ചു കൊല്ലുന്നു. അപകടങ്ങളിൽ പെട്ടാൽ നിറുത്തുക പോലുമില്ല.
ഇപ്പോൾ സത്വരമായ നടപടിയുണ്ടാകുന്നത് ആശ്വാസകരമാണ്. വാഹനങ്ങളുടെ പെർമിറ്റ് ക്യാൻസൽ ചെയ്യാനും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും നടപടിയെടുക്കുന്നുണ്ട്. എന്നാലും അശ്രദ്ധയും അഹങ്കാരവും ആർക്കും ഒട്ടും കുറവല്ല. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇക്കാര്യത്തിൽ വ്യാപകമായ ബോധവല്ക്കരണം ഉണ്ടാക്കണം.
അപകടങ്ങൾ മന:പൂർവ്വമാകാതിരിക്കാനാണ് നിയമ നിർമ്മാണം വേണ്ടത്. സ്വകാര്യ ബസ്സുകളുടെയും സർക്കാർ ബസ്സുകളുടെയും മത്സര ഓട്ടവും നിയന്ത്രിക്കണം. ഉറക്കമിളച്ചും മദ്യപിച്ചും വണ്ടിയോടിക്കുന്നതും തടയേണ്ടതാണ്. ട്രാഫിക്ക് സംവിധാനം ശാസ്ത്രീയമായി പരീഷ്ക്കരിക്കണം. സ്ട്രീറ്റ് ലൈറ്റും സിഗ്നലുകളും ഡിവൈഡറുകളും സമയോചിതമായി അറ്റക്കുറ്റപ്പണികൾ ചെയ്യണം.സ്പീഡ് ഗവേർണൻസ് സംവിധാനം വാഹനങ്ങളിൽ നിർബ്ബന്ധമായും ഘടിപ്പിക്കണം. ദൂരെ സ്ഥലങ്ങളിലേക്ക് കാർ യാത്ര ഒഴിവാക്കി ട്രെയിൻ യാത്രയാകാവുന്നതാണ്.
വെള്ളത്തിൽ മുങ്ങി മരിക്കുന്നവരുടേയും എണ്ണം കൂടുതലാണ്. കടലിൽ പോകുന്ന മത്സ്യതൊഴിലാളികളുടെ വള്ളം മറിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നു. ആറ്റരികിൽ ഉല്ലാസത്തിന് കുളിക്കുന്നവരുടെയും മരണം എണ്ണപ്പെട്ടതാണ്. അതിനും ഒരു കരുതൽ വേണം.
ജനം പെരുകി, വാഹനങ്ങൾ പെരുകി. അതിനനുസരിച്ച് സൗകര്യങ്ങളോ നിരത്തുകളുടെ വീതിയോ വർദ്ധിച്ചിട്ടില്ല. ഈ കാര്യം ഉൾക്കൊണ്ട് ജനങ്ങളുടെ മനോഭാവത്തിലും കാതലായ മാറ്റം വരേണ്ടതുണ്ട്. സ്വന്തം ജീവനും അന്യരുടെ ജീവനും ഒരുപോലെ വിലപ്പെട്ടതാണെന്നറിഞ്ഞാൽതന്നെ യാത്രകൾ അപകടരഹിതമാവും. യാത്രകൾ ശുഭമാകാൻ നമുക്കും കൈകോർക്കാം.
പ്രൊഫ ജി ബാലചന്ദ്രൻ