മയിലുകൾക്കു വർണ്ണപ്പീലികൾ ഉണ്ടായ ഗ്രീക്ക് കഥ


നമ്മുടെ വിശ്വാസത്തിലെ ദേവേന്ദ്രനു തുല്യനാണ് ഗ്രീസുകാർക്ക് സ്വർഗ്ഗത്തിലെ സ്യൂസ് ദേവൻ. സ്യൂസിന്റെ ഭാര്യയാണ് ഹീരാദേവി. ഹീരാദേവിയെ ഒളിച്ച് സ്യൂസിന് ഭൂമിയിലെ ചില തരുണികളുമായി ചില്ലറ ചുറ്റിക്കളിയുണ്ടായിരുന്നു. നമ്മുടെ ദേവേന്ദ്രനും മോശമല്ലായിരുന്നല്ലോ.സ്വർഗ്ഗത്തിൽ നിന്ന് സ്യൂസ് ഭൂമിയിലേക്കു തിരിക്കുമ്പോൾ സ്വർഗ്ഗത്തിന്റെ മുഖം മറയ്ക്കാൻ മേഘങ്ങളെ സ്യൂസ് ചുമതലപ്പെടുത്തിയിരുന്നു.

ഉച്ചയൂണു കഴിഞ്ഞുള്ള സമയത്താണ് സ്യൂസിന്റെ ഭൂമിയിലേക്കുളള സന്ദർശനം. ഹീരാദേവി ഒളിക്കണ്ണോടെ ഭൂമിയിലേക്കു നോക്കി. മുഖം മറയ്ക്കുന്ന മേഘങ്ങളോട് മാറി നില്ക്കാൻ ഹീരദേവി കല്പിച്ചു. സ്യൂസ് ഏതോ സൂന്ദരിയുമായി നദീ തീരത്ത് ഉല്ലസിക്കുന്നത് ഹീരാദേവി കണ്ടു. മിന്നൽ രഥത്തിൽ അവർ ശീഘ്രം ഭൂമിയിലെത്തി. ഇതു കണ്ട സ്യൂസ് തന്നോടൊപ്പം നടന്ന സുന്ദരിയെ ഒരു പശുക്കുട്ടിയാക്കി. ഇതു മനസ്സിലാക്കിയ ഹീരാദേവി പശുക്കുട്ടിയെ തനിക്കു തന്നേക്കാൻ അപേക്ഷിച്ചു. ഗത്യന്തരമില്ലാതെ സ്യൂസ് ആ പശുക്കുട്ടിയെ ഹീരയ്ക്കു നല്കി. അത് ഒരു അപ്സരകുമാരി തന്നെയെന്നു ഹീര മനസ്സിലാക്കി. സ്വർഗ്ഗത്തിലെ കാവൽക്കാരനായ ആർഗസിനെ വിളിച്ച് ഹീര പശുക്കുട്ടിയെ സൂക്ഷിക്കാൻ ഏല്പിച്ചു. സ്യൂസ് ദേവൻ തട്ടി കൊണ്ടു പോകാൻ ശ്രമിക്കുമെന്നും മുന്നറിയിപ്പു നല്കി.
സമർത്ഥനായ ആർഗസിന് നൂറു കണ്ണുകളുണ്ട്. ഉറങ്ങുമ്പോൾ രണ്ടു കണ്ണുകൾ മാത്രമേ അടയുകയുളളു. ബാക്കി തൊണ്ണിറ്റിയെട്ടു കണ്ണുകൾ ജാഗ്രത്തായിരിക്കും.
സുന്ദരിയായിരുന്ന ഇയോവാണ് പശുക്കുട്ടിയായി മാറിയത്. അച്ഛനോടുമമ്മയോടും എല്ലാം വിളിച്ചു പറയണമെന്നുണ്ട്. പക്ഷേ പശുക്കുട്ടിയുടെ കരച്ചിലേ പുറത്തുവരൂ. സ്യൂസിന്റെ ആശ്രിതനായ ഹെർമീസിനോട് കാര്യം പറഞ്ഞു. എങ്ങനെയും പശുക്കുട്ടിയായ ഇയോവിനെ രക്ഷിച്ചു കൊണ്ടു വരണം. ഹെർമീസ് ഒരു ഇടയ ബാലന്റെ വേഷത്തിൽ എത്തി. അതിലേ വന്ന ആർഗസ് ആകെ മുഷിഞ്ഞിരിക്കുന്ന നേരം. ആ ഇടയ ബാലനുമായി വെടി പറഞ്ഞിരുന്നു. ഹെർമീസ് തുടരെത്തുടരെ കഥകൾ പറഞ്ഞു. രസം കൊല്ലിക്കഥകൾ. ആർഗസിന് കലശലായ ഉറക്കം വന്നു. ഇടയ ബാലൻ കയ്യിൽ കരുതിയിരുന്ന പാച്ചോറ്റി പൂങ്കുല മണപ്പിച്ചപ്പോൾ അയാൾ ഉറങ്ങിപ്പോയി. പെട്ടെന്ന് ഹെർമീസ് ആർഗസിനെ വധിച്ചു. ഇയോവ് എന്ന പശുക്കുട്ടിയുമായി ഹെർമിസ് സ്യൂസിന്റെ സവിധത്തിലെത്തി. സ്യൂസ് പശുക്കുട്ടിയെ പൂർവ്വ രൂപത്തിലാക്കി. ആർഗസിന്റെ ശവ ശരീരം കണ്ട് ഹീരാ ദേവിയ്ക്കു നൈരാശ്യവും കോപവുമുണ്ടായി. ആർഗസിന്റെ നിശ്ചലങ്ങളായ കണ്ണുകൾ ചൂഴ്ന്നെടുത്ത്,കഴിഞ്ഞ കഥയുടെ സ്മാരകമായി മയിലിന്റെ ചിറകുകളിൽ ചേർത്തു വച്ചു. അങ്ങനെയാണ് മയിലിന്റെ ചിറകുകൾക്ക് വർണ്ണപ്പീലിക്കണ്ണുകൾ ഉണ്ടായത്. ചിറകുവിരിച്ചാടുന്ന മയിലിനെ കാണുമ്പോൾ ആർഗസിന്റെ കഥയാണ് ഗ്രീക്കുകൾ ഓർമ്മിക്കുന്നത്. അങ്ങനെയാണ് മയിലുകൾക്കു വർണ്ണ ഭംഗിയുള്ള പീലിക്കണ്ണുകളുണ്ടായതത്രേ ഈ ഐതിഹ്യകഥ തലമുറ തലമുറ കൈമാറി ഗ്രീക്ക് ജനത വാഴ്ത്തിപ്പാടുന്നു.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ