മരണത്തിന്റെ മണി എപ്പോൾ വേണമെങ്കിലും മുഴങ്ങാം.

മിത്തും ശാസ്ത്രവും വിശ്വാസവും തമ്മിലുളള വാദകോലാഹലങ്ങൾ. ആ വിവാദങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.

മരണമാണു സത്യം.

മരണത്തിന്റെ നടുവിലും ജീവിക്കാൻ കൊതിക്കുന്ന ചില ചിത്രങ്ങൾ എഴുത്തച്ഛനും ടോൾസ്റ്റോയിയും അവതരിപ്പിച്ചിട്ടുണ്ട്. പാമ്പിന്റെ വായിൽ പെട്ട തവള ഇരയെ പിടിക്കാൻ കാത്തിരിക്കുന്നതിനെ എഴുത്തച്ഛൻ ചിത്രീകരിച്ചിട്ടുണ്ട്. കരടിയെപ്പേടിച്ച് കിണറ്റിലേക്കു ചാടിയ യാത്രക്കാരൻ താഴെ ചീങ്കണ്ണിയെയാണ് കണ്ടത്. ഭയന്ന് വിറച്ച അയാൾ താഴേയ്ക്കു വീഴാതിരിക്കാൻ ശ്രമിക്കുമ്പോൾ ചാഞ്ഞു നിന്ന ഒരു വൃക്ഷക്കൊമ്പിൽപ്പിടിച്ച് ഞാന്നു കിടന്നു. അപ്പോൾ മുകളിൽ വിരിഞ്ഞു നിന്ന ഒരു പൂവിൽ നിന്നടർന്നു വീണ തേൻ തുള്ളി നാവുകൊണ്ട് നുണഞ്ഞിറക്കുന്ന ദൃശ്യവും അതിന്റെ കടയ്ക്കലിരുന്ന് ഒരു കറുത്ത എലിയും ഒരു വെളുത്ത എലിയും കരണ്ട് തിന്നുന്നതും ടോൾസ്റ്റോയി ആവിഷ്ക്കരിച്ചിട്ടുണ്ട്.

മരണം മുൻകൂട്ടി പ്രവചിക്കുന്ന ജീവൻ മശായി എന്ന കഥാപാത്രത്തെ താരാ ശങ്കർ ബാനർജി തന്മയത്വമായി ആരോഗ്യ നികേതനത്തിൽ വരച്ചിട്ടിട്ടുണ്ട്. ലോകത്തെ വെട്ടിപ്പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അലക്സാണ്ടർ ചക്രവർത്തിയും ഹിറ്റ്ലറും മുസ്സോളിനിയും സ്റ്റാലിനുമൊക്കെ ഒടുവിൽ ആറടി മണ്ണിൽ അഭയം തേടി.

ക്രൈസ്തവ ശവമഞ്ച വാഹനത്തിൽ “ഇന്നു ഞാൻ നാളെ നീ” എന്ന് വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. ജനിച്ചു ജീവിച്ചു മരിച്ചു പോകുന്ന കോടാനു കോടി ജനങ്ങൾക്കു നടുവിൽ യേശു ക്രിസ്തുവിനേയും മഹാത്മാ ഗാന്ധിയെയും പോലെയുള്ളവർ ഇന്നും മനുഷ്യ ഹൃദയങ്ങളിൽ ജീവിക്കുന്നു.

മരണത്തിനപ്പുറം ഒരു ജീവിത മുണ്ടെന്നും പുനർജന്മമുണ്ടെന്നും ആത്മാവുണ്ടെന്നും വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. പ്രതാപൈശ്വര്യങ്ങളോടെ സിംഹാസനാരുഢരായിരുന്ന ചക്രവർത്തിമാരുടെ കുലം ഇന്ന് അന്യം നിന്നു പോയി. കരഞ്ഞു കൊണ്ടു ജനിക്കുന്ന ശിശു ഒടുവിൽ ബന്ധുമിത്രാദികളെ കരയിച്ചു കൊണ്ട് പരലോകം പൂകുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ പതിനെട്ടു അക്ഷൗഹിണിപ്പട പതിനെട്ടു ദിവസം യുദ്ധം ചെയ്തു. ഒടുവിൽ അവശേഷിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രം.

ശ്രീകൃഷ്ണന്റെ യാദവകുലം പോലും തമ്മിൽത്തല്ലിയാണ് മുടിഞ്ഞത്. വേടന്റെ അമ്പേറ്റാണ് ശ്രീകൃഷ്ണൻ സ്വർഗ്ഗം പൂകിയത്. രാമായണവും ഭാരതവും ഭാഗവതവും ഭഗവത് ഗീതയും ബൈബിളും ഖുറാനുമൊക്കെ മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്. ഒമർഖയാമും ഓഷോയുമെല്ലാം ജീവിതം മുന്തിരിച്ചാറു പോലെ ആസ്വദിക്കണമെന്നും ഇഷ്ടം പോലെ ആഘോഷിക്കണമെന്നും ഉദ്ഘോഷിച്ചവരാണ്.

ദൈവവും ചെകുത്താനും മാലാഖയുമൊക്കെ വിശ്വാസ പ്രമാണങ്ങളുടെ പതാകാ വാഹകരാണ്. അമ്പലവും പള്ളിയും മോസ്ക്കുമൊക്കെ ആരാധനയുടേയും വിശ്വാസത്തിന്റേയും അഭയ കേന്ദ്രങ്ങളാണ്.

മരണത്തെപ്പേടിച്ച് സമുദ്രത്തിന്റെ നടുവിൽ കൊട്ടാരം പണിത് അതിനുളളിൽ ഒന്നും കടക്കാതെ രക്ഷപ്പെടാമെന്നു കരുതിയ പരീക്ഷിത്തിനെ പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ കൊല്ലുന്ന പ്രസിദ്ധമായ കഥ ഒരു വംശ പരമ്പരയുടെ ഒടുക്കവും തുടക്കവുമാണ്.

സർവ്വസംഗ പരിത്യാഗികളായി ഹിമവാന്റെ സാനു പ്രദേശങ്ങളിൽ ധ്യാനനിരതരായി ഇരിക്കുന്ന സന്യാസിമാരുടെ കഥകൾ നാമിന്നും കേൾക്കുന്നു. ‘ഒരു നിശ്ചയമില്ല ഒന്നിനും വരുമോരോ ദശ വന്ന പോലെ പോം’. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും രാജ്യാതിർത്തികളുടെയും പേരിൽ പരസ്പരം കൊലവിളി നടത്തുന്നവർ കഥയെന്തറിഞ്ഞു?

സിംഹാസനവും ചെങ്കോലും ഉപേക്ഷിച്ച് ജീവിതത്തിന്റെ അർത്ഥമറിയാൻ ഇറങ്ങിപ്പുറപ്പെട്ട മനുഷ്യനാണ് ശ്രീബുദ്ധനായത്. രോഗവും ദാരിദ്ര്യവും മരണവുമാണ് ശാശ്വത സത്യമെന്ന് ശ്രീ ബുദ്ധൻ ഉദ്ബോധിപ്പിച്ചു.

4000 വർഷങ്ങൾക്കു മുൻപ്. കൂറ്റൻ പിരമിഡുകൾക്കുള്ളിൽ രാജാക്കന്മാരുടേയും രാജ്ഞിമാരുടേയും ശരീരങ്ങൾ സ്വർണ്ണത്തിൽ പൊതിഞ്ഞ് മമ്മികളാക്കി സൂക്ഷിച്ചിരുന്നു. ഇപ്പോൾ ആ മമ്മികളെ ആരെങ്കിലും ഓർക്കുന്നുണ്ടോ?. അത്രയേയുള്ളു ജീവിതം. ഇന്ത്യയിലെ മുഗൾ ചക്രവർത്തിമാരുടെ ശവകുടീരങ്ങളും വിസ്മൃതിയിലാണ്ടുപ്പോയി.

മരണം ഒരു ശാശ്വത സത്യമാണ്. ‘ഇവിടമാണ് അദ്ധ്യാത്മ വിദ്യാലയം’

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ