ചന്ദനപ്പല്ലക്കിൽ എത്തിയ ഗന്ധർവ്വ രാജകുമാരനാണ് വയലാർ രാമവർമ . ഒരു ദേശത്തിൻ്റെ നാമം അനശ്വരമാക്കിയ മഹാകവി. വയലാറിനോട് എനിക്ക് സ്വപനാത്മകമായ ഒരിഷ്ടമുണ്ടായിരുന്നു. നേരിൽ കാണണമെന്ന മോഹം കലശലായി. ആലപ്പുഴ പ്രസ് ക്ലബ്ബിൽ വയലാറിൻ്റെ പ്രഭാഷണം ഉണ്ടെന്നറിഞ്ഞു. ഇതിഹാസവും പുരാണവും ഭാരതീയയതയും എല്ലാം കോർത്തിണക്കി വയലാർ പ്രസംഗം തുടങ്ങി. വാക്കുകകളുടെ അനർഗള പ്രവാഹം. ഒന്നര മണിക്കൂർ. പ്രസംഗമവസാനിച്ചിട്ടും കരഘോഷങ്ങൾ നിലച്ചില്ല. അഭിനന്ദിക്കാൻ എനിക്കും കിട്ടി ഒരവസരം. കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് ഞാൻ നെഞ്ചോട് ചേർത്തു പറഞ്ഞു: പ്രസംഗം അപാരം. അദ്ദേഹം എന്നെ ചേർത്തു പിടിച്ച് പടികളിറങ്ങി താഴെയെത്തി . പ്രസ് ക്ലബ് പ്രസിഡണ്ട് വർഗീസ് വയലാറിനെ കാറിൽ കയറ്റിയിട്ട് എന്നോട് പറഞ്ഞു. ബാലചന്ദ്രൻ കൂടി കയറൂ. വയലാറുമായ് അന്ന് തുടങ്ങിയ സൗഹൃദം ജീവിതാന്ത്യം വരെ തുടർന്നു. ഉദയാ സ്റ്റുഡിയോ കാണാൻ മോഹം തോന്നിയപ്പോൾ വയലാറാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്. ഗാനരചനാ രംഗത്ത് എത്തിപ്പെട്ടതിനെ പറ്റി അദ്ദേഹം എന്നോട് വാചാലനായിട്ടുണ്ട്. വയലാറിനു പാട്ടെഴുതാൻ മോഹം. കൂട്ടുകാരൻ ഗോപാലകൃഷ്ണനെയും കൂട്ടി കുഞ്ചാക്കോയെ കാണാൻ ഉദയായിൽ പോയി. കുഞ്ചാക്കോ വിരട്ടി .പാൽമണം മാറാത്ത നീയാണോ പാട്ടെഴുതാൻ വന്നത് എന്നു പറഞ്ഞ് കുഞ്ചാക്കോ ഓടിച്ചു വിട്ടു വത്രെ! വയലാർ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നു. പക്ഷെ ആ കരച്ചിലിലുടെ ശർക്കരപ്പന്തലിൽ തേന്മഴ ചൊരിയുന്ന ചക്രവർത്തി കുമാരൻ ഉയർത്തെണീറ്റു. മലയാള ചലച്ചിത്ര ഗാന രംഗത്ത് വയലാർ തീർത്ത അശ്വമേധം കാണാൻ ഗന്ധർവ്വ രാജകുമാരൻമാർ ചന്ദനപ്പല്ലക്കിലെത്തി. അങ്ങനെ വയലാറിൻ്റെ വരികളും വയലാർ എന്ന ദേശവും ദേശാതിർത്തികൾ കടന്നു. വയലാർ സ്നേഹ വാത്സല്യങ്ങളുടെ തമ്പുരാനായിരുന്നു. ഒരു ദിവസം മാതൃഭൂമി ഓഫീസിലിരിക്കുമ്പോൾ എം.എം. വർഗീസ് എൻ്റെ കല്യാണക്കാര്യം വയലാറിനോട് പറഞ്ഞു. കേട്ടപാടെ വയലാർ പറഞ്ഞു. ‘എനിക്ക് ബാലചന്ദ്രൻ്റെ വീട്ടിൽ പോകണം’ ‘ ശാന്തിമണിയുടെ ബഗ് ഫിയറ്റ് കാറിൽ വർഗ്ഗീസും വയലാറും കൂടി എൻ്റെ വീട്ടിലെത്തി. ‘ഭാര്യയെ കാണണമെന്ന് വയലാർ പറഞ്ഞു. ആ വലിയ മനുഷ്യൻ്റെ വിനയത്തിനു മുന്നിൽ ഞങ്ങളമ്പരന്നു പോയി. ഇന്ദിരയെ കണ്ടയുടനെ ” ഇന്ദിരക്കുഞ്ഞമ്മേ, ‘ബാലചന്ദ്രനെ നിങ്ങൾ ഒരു നല്ല പയ്യനാക്കി മാറ്റണം’. വയലാർ എന്നും എനിക്ക് ജ്യേഷ്ഠ സഹോദരനായിരുന്നു. മണ്ണിനെ പൊന്നാക്കുന്ന മന്ത്രസിദ്ധിയുള്ള മഹാകവി . സ്നേഹ ബന്ധങ്ങളെ ഹൃദയത്തോട് ചേർത്ത ഗന്ധർവ്വ രാജകുമാരൻ. എനിക്ക് പലമേഖലകളിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും വയലാർ മെമ്മോറിയൽ ട്രസ്റ്റിൻ്റെ വൈസ് പ്രസിഡണ്ട് പദവി വയലാറുമായുള്ള ഒരു ആത്മബന്ധമായി ഞാൻ ഇന്നും ഹൃദയത്തിലേറ്റുന്നു. മരണമില്ലാത്ത വയലാർ ഓർമകൾ ദീർഘമായി എന്റെ ആത്മകഥയിൽ പ്രതിപാദിച്ചിട്ടുണ്ട്. ജീവിച്ചു കൊതിതീരാതെ വയലാർ നാല്പ്ത്തി ഏഴാമത്തെ വയസ്സിൽ ഈ ലോകത്തേടു വിട പറഞ്ഞു. കവിതയുടെ ഗന്ധമുള്ള സിനിമാ ഗാനങ്ങളാണ് വയലാറിന്റേത് എന്ന് മുൻ മുഖ്യമന്ത്രി സി. അച്ചുത മേനോൻ പറഞ്ഞിട്ടുണ്ട്. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വ ശാസ്ത്രത്തേയും.”
എന്നായിരുന്നു വയലാർ നല്കിയ ജീവിത സന്ദേശം. എട്ടു കവിതാ സമാഹാരങ്ങളും ആയിരത്തിലധികം സിനിമാപ്പാട്ടുകളും രചിച്ച വയലാറിന്റെ ജീവിതം ഒരു കടം കഥ പോലെയാണ് അവസാനിച്ചത്. അരന്നുറ്റാണ്ടിനു മുൻപ് ചെറുപ്പക്കാരെല്ലാം പാടി നടന്നത് വയലാർ ഗാനങ്ങളാണ്. മഞ്ഞു കണത്തിൽ പ്രപഞ്ചം പ്രതിഫലിക്കുന്നതു പോലെയാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ
പ്രൊഫ ജി ബാലചന്ദ്രൻ
#ഇന്നലെയുടെതീരത്ത് (ആത്മകഥ)