സിസിഫസ് എന്ന വാക്കിന്റെ അർത്ഥം ബുദ്ധിമാൻ എന്നാണ്. പക്ഷേ അയാളുടെ കയ്യിലിരിപ്പ് കുരുട്ടുബുദ്ധിയും സൂത്രവും വഞ്ചനയുമാണ്. കുശാഗ്ര ബുദ്ധിയ്ക്കു മുമ്പനാണുതാനും. തന്നെ ചതിച്ചാൽ ഏതറ്റം വരെ പോകാനും സിസിഫസ് തയ്യാറാകും. ഒരുപാടു ക്രൂരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. നദീ ദേവനായ അസോപ്പസിന്റെ പുത്രിയായ എജീനയെ സീയൂസ് ദേവൻ തട്ടി കൊണ്ടുപോയി. നദീ ദേവൻ അന്വേഷിച്ചിറങ്ങി. ഒരു വലിയ പാറക്കല്ലിന്നപ്പുറത്തു മറഞ്ഞിരുന്ന സീയൂസ് ദേവനെ സിസിഫസ് ഒറ്റുകൊടുത്തു. ആ സംഭവമാണ് കഥാന്ത്യത്തിൽ കലാശിച്ചത്. സിസിഫസിന്റെ ബുദ്ധിയുടെ ദുസാമർത്ഥ്യം കൊണ്ട് പല സാഹസങ്ങളും ചെയ്തു. ചതിക്കാനും വഞ്ചിക്കാനും വിരുതനാണ്. എല്ലാക്കുടുക്കിൽ നിന്നും സൂത്രത്തിൽ രക്ഷപെടും. മരണ ദേവൻ സിസിഫസിനെ യമപുരിയിലേക്കു കൊണ്ടു പോകാൻ വന്നപ്പോൾ തന്നെ വിലങ്ങുവച്ചു കൊണ്ടു പോകണമെന്ന് ശഠിച്ചു. കൈ ചങ്ങലയിട്ടു പൂട്ടി കാണിക്കണം. കാലൻ അങ്ങനെ ചെയ്തപ്പോൾ സിസിഫസ് ബലം പ്രയോഗിച്ച് താക്കോൽ കൈക്കലാക്കി. കാലനെ തടവറയിലിട്ടു പൂട്ടി. അതോടെ നാട്ടിൽ കാലനില്ലാത്ത കാലമായി. ആരും മരിക്കുന്നില്ല മൂത്തു മുരടിച്ച് ജനങ്ങൾ നാടു മുഴുവൻ നിറഞ്ഞു. പട്ടിണിയും രോഗവും അവരെ അലട്ടി. ജനങ്ങൾ മരണത്തിനു വേണ്ടി നിലവിളിച്ചു. ദേവന്മാരും മനുഷ്യരും പരിഭ്രാന്തരായി. ഒടുവിൽ ആരസ് ദേവൻ മുന്നോട്ടു വന്നു. ആരസിന്റെ മുഷ്ടിപ്പിടിയിൽ സിസിഫസ് അമർന്നു. തനിക്കു മരണം സുനിശ്ചിതമാണ്. താൻ മരിച്ചു കഴിഞ്ഞാൽ തന്റെ ശവം മറവു ചെയ്യരുതെന്ന് ഭാര്യയോടു പറഞ്ഞു. അവിടെ നിന്ന് കൗശലത്തിൽ സിസിഫസ് പാതാളത്തിലെത്തി. പിന്നെ നടന്നതെല്ലാം രക്ഷപ്പെടലിന്റെ കുതന്ത്രങ്ങളാണ്. പാതാള രാജ്ഞിയെ പറഞ്ഞു പറ്റിച്ച് അവിടെ നിന്നു കടന്നു കളഞ്ഞു. ഹെർമസ് ദേവൻ കടന്നു പിടിച്ച് സിസിഫസിനെ സീയൂസ് ദേവന്റെ മുന്നിലെത്തിച്ചു. സീയൂസ് ദേവൻ കോപം കൊണ്ടു ജ്വലിച്ചു. അനേകം കുറ്റങ്ങളാണ് സിസിഫസ് ചെയ്തു കൂട്ടിയത്. ദേവിമാരെ ബലാൽ സംഗം ചെയ്തതും, ധനം കവർന്നതും എല്ലാം ഒന്നൊന്നായി തെളിഞ്ഞൂ. സീയൂസ് ദേവൻ മഹായോഗം വിളിച്ച് കൂട്ടി. ശിക്ഷ നിശ്ചയിച്ചു. ഒരു വലിയ കല്ല് ഉരുട്ടി മലമുകളിലെത്തിക്കാൻ സിസിഫസിനോടു കല്പിച്ചു. താൻ ഒരിക്കൽ ഒളിച്ചിരുന്ന വലിയ പാറയുടെ ഓർമ്മ സീയുസിനുണ്ടായി. ആ പാറ തട്ടിമറിച്ചിട്ട് ഓടിയാണ് രക്ഷപ്പെട്ടത്. അത്രതന്നെ വലുപ്പമുള്ള കല്ല് മലമുകളിലേക്കു ഉരുട്ടിക്കയറ്റണമെന്നാണ് വ്യവസ്ഥ . അടിവാരത്തിൽ നിന്ന് സിസിഫസ് വലിയ പാറക്കല്ല് ഉരുട്ടി മലമുകളിലെത്തിക്കാൻ ശ്രമിക്കുന്നു. എല്ലാ പ്രാവശ്യവും ശ്രമം വിഫലമാകുന്നു. അദ്ധ്വാനം കൊണ്ട് വിയർത്ത് ക്ഷീണിച്ച സിസിഫസ് ശ്രമം തുടർന്നു കൊണ്ടിരുന്നു. ഒരിക്കലും പാറക്കല്ല് മല മുകളിലെത്തിക്കാൻ കഴിയാതെ പരിഹാസ്യനായി ഇപ്പോഴും ആ വിഫല ശ്രമം തുടരുന്നതായാണ് വിശ്വാസം. ഇതുപോലെരു കഥ നാറാണത്തു ഭ്രാന്തനെക്കുറിച്ചും കാലനില്ലാത്ത കാലത്തെക്കുറിച്ചും കേരളത്തിലുണ്ട്.
പ്രൊഫ ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി