ഒരു യുവതിയുടെ ഗവേഷണ പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിളിയുടേതാണെന്ന അബദ്ധ പഞ്ചാംഗം കണ്ടപ്പോഴാണ് വൈലോപ്പിള്ളിയെക്കുറിച്ചെഴുതാൻ തോന്നിയത്.
മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാവ്യ സംഭാവനകൾ നിസ്തുലമാണ്. സുപ്രസിദ്ധമായ അദ്ദേഹത്തിന്റെ മാമ്പഴം എന്ന കവിതയിലെ
“അങ്കണത്തൈമാവിൽ
നിന്നാദ്യത്തെപ്പഴം വീഴ്കെ
അമ്മതൻ നേത്രത്തിൽ
നിന്നുതിർന്നൂ ചുടു കണ്ണീർ “
എന്ന ഭാഗം ഓർത്തോർത്തു നാമിന്നും നൊമ്പരപ്പെടുന്നു. ഇടതുപക്ഷവുമായി ഇഴചേർന്ന് ജീവിതമാരംഭിച്ച വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്ത്, കുടിയൊഴിക്കൽ, ഓണപ്പാട്ടുകാർ,കടൽക്കാക്കകൾ,വിട, മകരക്കൊയ്ത്ത് തുടങ്ങിയവ ഇന്നും ജീവൻ തുടിക്കുന്ന കാവ്യങ്ങളാണ്. അനേകം അവാർഡുകൾ അദ്ദേഹം വാരിക്കുട്ടി. അദ്ദേഹത്തിന്റെ ജീവിതം നാടകീയത നിറഞ്ഞതാണ്. മനുഷ്യ പുരോഗതിയുടെ സങ്കീർത്തനകാരനായിരുന്നു അദ്ദേഹം. വൈലോപ്പിളളിയുടെ ‘പന്തങ്ങൾ ” എന്ന കവിതയിൽ
“ചോരതുടിക്കും ചെറുകൈകളേ
പേറുക വന്നീ പന്തങ്ങൾ”
എന്ന വരി യുവാക്കളെ ആവേശം കൊള്ളിച്ചു.
ആ മഹാനാണ് ഇന്നു കാണുന്ന യൂത്ത് ഫെസ്റ്റിവലിന്റെ സ്വർണ്ണക്കപ്പിന്റെ ആശയവും രൂപകല്പനയും നിർദ്ദേശിച്ചത്.
വൈലോപ്പിള്ളിയുടെ ജീവിതാന്ത്യത്തിൽ ചില വഴി പിരിയലുകൾ സ്വന്തം കുംബത്തിലും പാർട്ടിയിലും ഉണ്ടായി.
സാഹിത്യ രംഗത്തെന്നപ്പോലെ ജീവിതത്തിലും ഏകാന്തപഥികനായിരുന്നു. തന്റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും ചെയ്യരുതാത്തതിനെ പറ്റിയുമൊക്കെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നുവത്രെ. മൃതശരീരത്തിൽ ചുവന്ന പട്ട് അണിയിക്കരുതെന്ന് നിർബന്ധം പിടിച്ച മഹാകവി തന്റെ മൃതശരീരം സാഹിത്യ അക്കാഡമിയിൽ പൊതുദർശനത്തിന് കിടത്തരുതെന്നും പറഞ്ഞിരുന്നു. ഭാരതപ്പുഴയുടെ തീരത്തുവേണം ചിതയൊരുക്കാനെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. വൈലോപ്പിളളിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭാരതപ്പുഴയുടെ തീരത്തു ദഹിപ്പിക്കുന്നതിന് കൊണ്ട് വന്നു. ചുമട്ടു തൊഴിലാളികൾ അനുവദിച്ചില്ല. ചിതയൊരുക്കുന്നതുവരെ നദീ തീരത്ത് കാഴ്ചക്കാരായി നിന്ന അവർ എതിർപ്പുമായി ചാടി വീണു. കൂലിയ്ക്ക് വേണ്ടി തർക്കമുണ്ടാക്കി. മണൽ തിട്ടയിലാണ് മൃതദേഹം ദഹിപ്പിക്കുന്നതെങ്കിലും മഴ വരുമ്പോൾ ആ ഭാഗത്തും വെള്ളം എത്തുമെന്നും അങ്ങനെ വെള്ളം ഉപയോഗശൂന്യമാകുമെന്നുമായിരുന്നു അവരുടെ അടുത്ത വാദം. അവിടെയുണ്ടായിരുന്ന സാഹിത്യകാരന്മാരൊക്കെ താണുകേണപേക്ഷിച്ചിട്ടും തൊഴിലാളികൾ വിട്ടു കൊടുത്തില്ല. ഏതു വൈലോപ്പിളളിയായാലും ഞങ്ങൾക്ക് ശവം മാത്രമാണെന്നായിരുന്നു തൊഴിലാളികളുടെ പ്രതികരണം. പിന്നെ നൂറടിയോളം അകലെ ഒരു ഉയർന്ന പ്രദേശത്ത് ശ്മശാനം എന്ന് വിളിക്കുന്ന സ്ഥലത്ത് സംസ്ക്കരിച്ചു. മഹാകവിയുടെ വിധിവൈപരീത്യം.
പ്രൊഫ.ജി.ബാലചന്ദ്രൻ
#വൈലോപ്പിള്ളി
#Prof G Balachandran
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി