————————————————–
114 റാത്തൽ (57 Kg) ഭാരം,5 അടി ഉയരം , ബാലന്റേതു പോലെ ശോഷിച്ച കൈകാലുകൾ ഒട്ടും സുന്ദരമല്ലാത്ത മുഖം. ഒരു കല്ലേറു കൊണ്ടാൽ പോലും മരിച്ചു വീണു പോകുന്ന ശരീരം. ആ ശരീരത്തിലേക്കാണ് ഹിന്ദു തീവ്രവാദി വെടിയുണ്ട ഉതിർത്തത്.
മൂവായിരം പട്ടണങ്ങളിൽ അല്ല 7½ ലക്ഷം ഗ്രാമങ്ങളിലാണ് ഭാരതം നിലനില്ക്കുന്നത് എന്ന് ഗാന്ധിജി പ്രസ്താവിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റും നേതാവും ആരായാലും ഗാന്ധിജിയായിരുന്നു എന്നും നായകൻ.
ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പൊരുതിയ മഹാത്മാ ഗാന്ധി,വർഗ്ഗീയ കലാപം കൊണ്ട് ചോരപ്പുഴയൊഴുകിയ നവഖലിയിലും ഡെൽഹിയിലും ഓടിയെത്തി. നിരാഹാരത്തിലൂടെയും സർവ്വമത പ്രാർത്ഥനയിലൂടെയും സമാധാനം പുന:സ്ഥാപിച്ചു. ഗാന്ധിജിയുടെ മന:സാക്ഷിക്കനുസരിച്ചാണ് സ്വാതന്ത്ര്യ സമരത്തിന്റെ ഗതി മുന്നേറിയത്.
ഗാന്ധിജിയെ രാഷ്ട്ര പിതാവ് എന്ന് വിശേഷിപ്പിച്ചത് സുബാഷ് ചന്ദ്രബോസാണ്. മഹാത്മാവ് എന്ന് സംബോധന ചെയ്തത് രവീന്ദ്രനാഥ ടാഗൂറും. ഒറ്റ മുണ്ടും ഊന്നുവടിയുമായി നിസ്വനായ അദ്ദേഹം 78 – മത്തെ വയസ്സിലാണ് രക്തസാക്ഷിയായത്. 1920 മുതൽ 1947 വരെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പോരാളിയും തേരാളിയുമായിരുന്നു ഗാന്ധിജി. അഹിംസയുടെ പ്രവാചകനും സമാധാന ദൂതനുമായ ഗാന്ധിജിയെയാണ് വെടിവെച്ചു കൊന്നത്.
യേശുദേവനും ബുദ്ധനും പിറന്ന ലോകത്ത് ഗാന്ധിജി ഒരു ധ്രുവ നക്ഷത്രമായി പ്രകാശിക്കുന്നു. “ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നു എന്നത് അവശ്വസനീയമാണെന്ന് ” ആൽബർട്ട് ഐൻസ്റ്റൈൻ രേഖപ്പെടുത്തി.
ഉപ്പും നൂലും ചർക്കയും ആയിരുന്നു സമരായുധം. തോട്ടിപ്പണി ചെയ്യാനും കുന്നിക്കുരുപോലെ ചെറുതാകാനും ഗാന്ധിജിയ്ക്കു മടിയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അന്ത്യത്തോടെ ഈ ലോകത്തിന്റെ വെളിച്ചമണഞ്ഞു.
1948 ലെ കറുത്ത വെളിയാഴ്ചയാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്. 2000 വർഷങ്ങൾക്കു മുൻപ് ഇതു പോലൊരു വെളളിയാഴ്ചയാണ് യേശുദേവനും കുരിശിലേറ്റപ്പെട്ടത്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോടെ ലോകം നിശ്ചലമായി. അപ്പോൾ ബർണാർഡ് ഷാ പറഞ്ഞു: “നല്ലവനായി ജീവിക്കുന്നത് എത്ര ആപത്ക്കരമാണെന്നു ഗാന്ധി വധം തെളിയിച്ചിരിക്കുന്നു”.
അവസാനമായി പ്രിയ നേതാവിനെക്കാണാൻ ഗ്രാമ ഗ്രാമാന്തരങ്ങളിൽ നിന്ന് ജനലക്ഷങ്ങൾ ഡൽഹിയിലേക്കു പ്രവഹിച്ചു. തലസ്ഥാനം ആർത്ത നാദത്താൽ മുഖരിതമായി. ജനുവരി 31ാം തീയതി 11 മണിക്ക് സൈനിക വാഹനത്തിൽ രാജ്ഘട്ട് ലക്ഷ്യമാക്കി വിലാപയാത്ര പ്രയാണമാരംഭിച്ചു. 250-ൽ പരം സൈനികർ ആ ശവമഞ്ചം വലിച്ചു കൊണ്ടു നീങ്ങി. മുപ്പതു ലക്ഷത്തിലധികം ആളുകൾ “മഹാത്മാ അമർ ഹോഗയാ” എന്ന് ആർത്തു വിളിച്ചു കൊണ്ട് വിലാപയാത്രയെ അനുഗമിച്ചു. പിന്നീട് മഹാത്മാവിന്റെ ചിതാഭസ്മം ഗംഗാ നദി ഏറ്റുവാങ്ങി.
പ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി