സ്കുള്‍ പഠനകാലത്ത് പ്രസംഗകലയോട് ആഭിമുഖ്യമുണ്ടാകാന്‍ കാരണം കല്ലേലി രാഘവന്‍പിള്ള സാറാണ്. ആദ്യ മത്സരത്തില്‍ പിറകിലായിപ്പോയെങ്കിലും എനിക്കു പ്രസംഗകലയോടു കമ്പമായിരുന്നു. ബോട്ടുജട്ടിക്ക് എതിര്‍വശമുള്ള പിയേഴ്സ് ലെസ്ലി കയര്‍ ഫാക്ടറിയുടെ വലതുവശത്തുള്ള ഇടവഴിയിലൂടെ വേണം വീട്ടിലേക്കു പോകാന്‍. ഇരുട്ടിക്കഴിഞ്ഞാല്‍ ആ വഴിയില്‍ ആളും വെളിച്ചവുമില്ല. ഇരുട്ടു പരന്നു കഴിഞ്ഞാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങുക. ആ വഴിയില്‍ എത്തിയാല്‍ എനിക്കു പേടിയാണ്. ഉള്ളിലെ പേടി മാറാന്‍ ഉച്ചത്തില്‍ പ്രസംഗിച്ചുകൊണ്ട് ഓട്ടമാണ്. വായില്‍ വരുന്നതൊക്കെ വിളിച്ചുപറയും. രാത്രിയില്‍ ഒന്നുരണ്ടു പ്രാവശ്യം ആ വഴിയിലൂടെ പോകേണ്ടിവരും. അപ്പോഴത്തെ സ്ഥിരം പരിപാടിയാണ് പ്രസംഗം. ” *മാന്യ മഹാജനങ്ങളെ മാക്കാച്ചിക്കുഞ്ഞുങ്ങളെ ” എന്ന് സംബോധന ചെയ്താണ് പ്രസംഗം. വാക്കുകള്‍ പലതും മാറ്റിയും മറിച്ചും പറയും. ആരും കേള്‍ക്കാനില്ലല്ലോ. ഞാനങ്ങുവച്ചു കാച്ചും. നിത്യത്തൊഴില്‍ അഭ്യാസം എന്നു പറഞ്ഞതുപോലെ പേടി മാറ്റാനുള്ള പ്രസംഗം എനിക്കു പ്രയോജനപ്പെട്ടു. കുട്ടികളുടെ സമ്മേളനങ്ങളില്‍ പ്രസംഗിക്കാനുള്ള സങ്കോചവും സഭാകമ്പവും മാറി. മൂക്കില്ലാത്തിടത്ത് മുറിമൂക്കന്‍ രാജാവ്. ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ തന്നെ മൈക്ക് അനൗണ്‍സ്മെന്‍റിന് എന്നെ വിളിച്ചുകൊണ്ടു പോയിരുന്നു. ഓടുന്ന കാറിലിരുന്നു മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തുന്നത് എനിക്ക് ഹരമാണ്. ഭാഷാശുദ്ധിക്കും ശബ്ദശുദ്ധിക്കും വാക്കുകളുടെ ഒഴുക്കിനും അത് ഉപകരിച്ചു. പ്രസംഗകലയോടുള്ള ആഭിമുഖ്യമാണ് എന്‍റെ ജീവിതത്തിന്‍റെ വഴിത്തിരിവായത്. .
(പ്രൊഫ ജി ബാലചന്ദ്രൻ. ഇന്നലെയുടെ തീരത്ത് )