കാവ്യകലയുടെ ആശാനായ കുമാരനാശാന്റെ 150-ാം ജന്മവാർഷികമാണ്. മലയാളത്തിൽ നവീന കവിതയുടെ ശംഖനാദമുയർത്തിയ കവിക്ക് ശതകോടി നമസ്ക്കാരം.
അനവധി പുരോഗമന പ്രവണതകളുടെ കൈമുതലുകളുമായി ഉയർന്നു നില്ക്കുന്ന മഹാകവി കുമാരനാശാൻ മലയാള കവിതയിലെ രാജശിൽപിയാണ്. ചിരകാലമായി ഇവിടെ പൂവിട്ടാരാധിച്ചിരുന്ന പല വിഗ്രഹങ്ങളേയും ആശാൻ കടപുഴക്കിയെറിഞ്ഞു. അന്നുവരെയുണ്ടായിരുന്ന ലൈംഗികതയിൽ വേരുറച്ച സ്നേഹ സങ്കൽപങ്ങളെ ആശാൻ തിരുത്തിക്കുറിച്ചു. സാഹിത്യ ശാസ്ത്ര സങ്കേതങ്ങളെ നിഷേധിച്ചു. ശബ്ദ ശാസ്ത്രത്തിനു ആശാൻ വഴങ്ങിയില്ല. ബ്രാഹ്മണ സ്ത്രീയും അധ:സ്ഥിതനും ഒരുമിച്ചാൽ രത്യാഭാസമുണ്ടാകുമെന്ന ധാരണയെ പൊളിച്ചെഴുതി. രാജാക്കന്മാരെ സാഹിത്യത്തിൽ നിന്ന് കുടിയിറക്കിയിട്ട് അവിടെ ചാത്തനേയും മാതംഗിയേയും സ്വൈരവിഹാരത്തിന്നനുവദിച്ചു. ഇന്നു പോലും ഒരു സ്ത്രീക്കു ഭർത്താവിനെ സ്വയംവരിക്കാൻ അനുവാദമില്ലാതിരിക്കെ, ആശാന്റെ നായികമാർ സ്വന്തം കാമുകരെത്തേടി വീടും നാടുമുപേക്ഷിച്ച്,ഒടുവിൽ ജീവൻ പോലും വെടിയുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്. ശൂദ്രൻ തപസ്സു ചെയ്താൽ വധിക്കാൻ പോലും നിയമമുണ്ടായിരുന്ന ഭാരതത്തിൽ ഒരു ചണ്ഡാലകന്യകക്ക് സന്യസിക്കുവാൻ സ്വാതന്ത്ര്യവും വേശ്യയ്ക്കു മോക്ഷവും കൊടുക്കുന്നത് ചിന്താപരമായ പുരോഗതിയുടെ നിദർശനമാണ്. സാഹിത്യ സങ്കൽപങ്ങളുടേയും പാരമ്പര്യത്തിന്റേയും എസ്റ്റാബ്ളിഷുമെന്റുകളെ ഉടയ്ക്കുമ്പോഴാണ് പുരോഗതിയുടെ തീനാളമുയരുന്നത്.
മലയാളത്തിൽ പ്രതിരൂപാത്മക കാവ്യം ആദ്യമായി അവതരിപ്പിച്ചത് കുമാരനാശാനാണ്. പ്രാപഞ്ചിക ജീവിതത്തിന്റെ ക്ഷണികത ദർശിച്ച് തത്വചിന്താപരമായ ഒരു വിശകലനം അനായാസമായി വീണപൂവിലൂടെ സാധിച്ചിരിക്കുന്നു. അതിലെ വിഷയവും ഭാഷയും ഭാവനയും ഒരു വഴിത്തിരിവിന്റെ പ്രതീകമായി ഏതുകാലത്തും ഏതു ജനതയ്ക്കും അനുഭവപ്പെടും. ഹ്രസ്വമായ ആത്മനിഷ്ഠ കവനങ്ങളുടെ ഭാവ സൗകുമാര്യം ആദ്യം കണ്ടെത്തിയത് കുമാരനാശാനാണ്.
ഒന്നര നൂറ്റാണ്ടിന് ശേഷവും വീണ
പൂവ് മുതൽ കരുണ വരെയുള്ള കൃതികൾ പൂർണ ശോഭയോടെ നിലകൊള്ളുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി