അമേരിക്കയും റഷ്യയും അതായത് കെന്നഡിയും ക്രൂഷ്ചെവും ശീതസമരത്തിൻ്റെ രണ്ടു ധ്രുവങ്ങളിൽ നിൽക്കുമ്പോഴാണ് സോവിയറ്റ് പടക്കപ്പലുകൾ ക്യൂബയിലേക്ക് പുറപ്പെട്ടത്. അമേരിക്കയുടെ മൂക്കിന് താഴെയുള്ള ഒരു കൊച്ചു കമ്യൂണിസ്റ്റ് രാജ്യം. അവിടേയ്ക്കാണ് റഷ്യ പടക്കോപ്പുകൾ നിറച്ച കൂറ്റൻ കപ്പലുകൾ അയക്കുന്നത്! അമേരിക്ക സന്ദർശിക്കാനെത്തിയ തകഴി അന്ന് അമേരിക്കയിലെ ന്യൂ ഓർളിയൻസിലായിരുന്നു. ഭയം തിളച്ചു മറിയുന്നതിനിടയിൽ നാല് മണിയ്ക്ക് ഒരറിയിപ്പ് . പ്രസിഡൻ്റ് കെന്നഡി എട്ട് മണിക്ക് ടെലിവിഷനിൽ ഒരു പ്രഖ്യാപനം നടത്തും. അതെന്താവും എന്നറിയാനുള്ള ഉത്കണ്ഠ ! തകഴി നിമിഷങ്ങളെണ്ണി കാത്തിരുന്നു… ആ നിശബ്ദതയിൽ ജനങ്ങളുടെ ചങ്കിടിപ്പ് കേൾക്കാം. ഒരു മൂന്നാം ലോക മഹായുദ്ധം. തകഴി എല്ലാ ദൈവങ്ങളേയും വിളിച്ചു പോയി.സ്വന്തം വീട്ടിൽ കിടന്ന് മരിക്കാൻ പോലും കഴിയില്ലല്ലോ? : അഭിശപ്തമായ ദിവസം ‘ തകഴിയുടെ ഹൃദയത്തിന് ഭാരം കൂടി. എട്ട് മണിയ്ക്ക് കെന്നഡി ടി.വി യിൽ പ്രത്യക്ഷപ്പെട്ടു. കെന്നഡിയുടെ പ്രഖ്യാപനം വന്നു. നിശ്ചയിക്കപ്പെട്ട സമുദ്രാതിർത്തികൾ ഭേദിച്ചാൽ റഷ്യൻ കപ്പൽ മുക്കിക്കളയാൻ സായുധ സേനയ്ക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. കല്ലേപ്പിളർക്കുന്ന കൽപ്പനയായിരുന്നു കെന്നഡിയുടേത്. തകഴി താമസിക്കുന്ന ഹോട്ടലിൽ നിന്ന് ക്യൂബയിലേക്കുള്ള അകലം 200 കിലോ മീറ്റർ മാത്രം. ജനങ്ങൾ പരിഭ്രാന്തരായി. റഷ്യൻ കപ്പലുകളെ അമേരിക്ക തകർത്താൽ സോവിയറ്റ് യൂണിയൻ തിരിച്ചടിക്കും. പിന്നെ സംഭവിക്കുന്നത് മൂന്നാം ലോകയുദ്ധമാവും. റഷ്യയുടെ പ്രതികരണം അറിയാൻ ചങ്കിടിപ്പോടെ ലോകം കാതോർത്തു. തകഴിയും. പതിനൊന്ന് മണിയ്ക്ക് ക്രുഷ്ചേവിൻ്റെ പ്രഖ്യാപനം വന്നു . സമാധാനത്തിനു വേണ്ടി റഷ്യൻ കപ്പലുകൾ ദിശ മാറ്റി യാത്ര തുടരും. അയ്യോ ! എന്തൊരാശ്വാസം.. അത് ഓർത്ത് പറയുമ്പോൾ തകഴിയ്ക്ക് ഒരു ദീർഘനിശ്വാസം. അമേരിക്കൻ തെരുവിൽ സമാധാന പ്രിയരായ ജനത സന്തോഷത്താൽ ആർത്തു വിളിച്ചു പറഞ്ഞു ‘ ” ലോംഗ് ലിവ് ക്രൂഷ്ചേവ്” :- ” എന്നാൽ പിറ്റേന്ന് മാധ്യമങ്ങൾ അച്ച് നിരത്തിയത് “ക്രൂഷ് ചെവ് മുട്ടുമടക്കി “. എന്നാണ് ‘. ഒരു മഹായുദ്ധത്തെ ഒഴിവാക്കിയത് കണ്ടറിയാതെ അഹങ്കാരത്തിൻ്റെ വിജയഭേരി മുഴക്കിയ അമേരിക്കക്കാരോട് തകഴിയ്ക്ക് ശരിക്കും അരിശം വന്നു. അമേരിക്കയുടെ സന്തോഷം മദ്യം കീഴടക്കിയപ്പോൾ തകഴിയും അത് ആസ്വദിച്ചു.
പ്രൊഫ ജി ബാലചന്ദ്രൻ