മൗലാനാ ഉമർ പാലമ്പോരി ലോക പ്രശസ്തനായ ഒരു മത പണ്ഡിതനായിരുന്നു. ഒരിക്കൽ ഒരു യാത്രയിൽ വെച്ച് യുക്തിവാദിയായ ഒരു ഡോക്ടറെ കണ്ട് മുട്ടി. ഡോക്ടർ ചോദിച്ചു: ‘മൗലവി സാഹിബ്, മരണശേഷം ഖബറിൽ ചോദ്യമുണ്ടാവുമെന്നും ദുർമാർഗ്ഗികൾക്ക് ശിക്ഷയുണ്ടാവുമെന്നും പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ടല്ലൊ. അവിടെ അഗ്നിയും പാമ്പും തേളുമെല്ലാം ഉണ്ടാകുമെന്നും പറയുന്നു. എന്നാൽ, ഏതെങ്കിലും അക്രമകാരിയായ ഒരു മനുഷ്യന്റെ ഖബറിനകത്ത് താങ്കൾക്ക് അത് കാണിച്ചു തരാമോ?
‘ ഒരിക്കലുമില്ല’. മൗലവി മറുപടി പറഞ്ഞു. ‘ അപ്പോൾ താങ്കൾ പ്രചരിപ്പിക്കുന്നത് അസത്യമല്ലേ? ജനങ്ങളെ വിഡ്ഢികളാക്കുകയല്ലേ താങ്കളെപ്പോലുളളവർ?’ ഡോക്ടർ തുടർന്നു ചോദിച്ചു: പാമ്പും തേളും തീയുമെല്ലാം ഞാൻ ഈ ലോകത്ത് കാണിച്ചു തരാം പക്ഷേ, ഖബറിൽ താങ്കൾക്കത് കാണിക്കാൻ കഴിയില്ല. ‘
ശാന്തമായി ഇത്രയും കേട്ട ശേഷം മൗലവി തിരിച്ചു ചോദിച്ചു: ‘താങ്കൾ പഠിച്ച മെഡിക്കൽ സയൻസ് പ്രകാരം മനുഷ്യൻ കഴിക്കുന്ന ആഹാര- പാനീയങ്ങളെല്ലാം വിവിധ പോഷകങ്ങളും ഷുഗറും അയണും കാൽസ്യവും മറ്റ് വിറ്റാമിനുകളുമെല്ലാമായി മാറുകയാണല്ലോ. എന്നാൽ, താങ്കൾ ഏതെങ്കിലും മനുഷ്യശരീരത്തിൽ നിന്ന് കുറച്ച് പഞ്ചസാരയോ അയണോ കാൽസ്യമോ എടുത്ത് തരാമോ? പുറത്ത് നിന്ന് അതെല്ലാം ഞാനെടുത്ത് തരാം. ശരീരത്തിൽ നിന്ന് താങ്കൾ എടുത്തു തരുമോ?
ഇതു കേട്ട ഡോക്ടർ ഇല്ലാ എന്ന് തലയാട്ടി.
‘അപ്പോൾ താങ്കൾ പ്രചരിപ്പിക്കുന്നതും അസത്യമല്ലേ? മൗലവി തിരിച്ചു ചോദിച്ചു.
‘അങ്ങനെയല്ല’. ഡോക്ടർ പറഞ്ഞു: അത് ബാഹ്യമായ പഞ്ചസാരയോ ഉപ്പോ അയണോ കാൽസ്യമോ ഒന്നുമല്ല. അത് തികച്ചും വ്യത്യസ്തമായതാണ് ‘.
അപ്പോൾ മൗലവി പറഞ്ഞു:
‘അതെ. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. ബാഹ്യമായ കാഴ്ച കൊണ്ട് കാണാനോ, ചിന്തകൊണ്ട് ഉൾക്കൊള്ളാനോ കഴിയാത്ത തികച്ചും വ്യത്യസ്തമായ ഒന്നാണ് പരലോകം. ‘ആഖിറത്ത് ‘ എന്ന വാക്ക് കൊണ്ടാണ് വിശുദ്ധ ഖുർആൻ പരലോകത്തെ വിശേഷിപ്പിച്ചത്. സാമാന്യ യുക്തികൊണ്ടോ, ബുദ്ധികൊണ്ടോ ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല അത്. തികച്ചും ഭൗതികാതീതമാണത്.
ആരോഗ്യ വിഷയങ്ങളിൽ ഡോക്ടർമാരെ നാം ആധികാരികമായി അംഗീകരിക്കുന്നത് പോലെ, പരലോക വിഷയത്തിൽ പ്രവാചകൻമാരെ നാം ആധികാരികമായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവരാണ് മരണത്തിന്റെ മുഖങ്ങളെ സംബന്ധിച്ചും പരലോകത്തിന്റെ നിശൂഢതയെക്കുറിച്ചുമെല്ലാം നമ്മെ ബോധ്യപ്പെടുത്തിയത്.
പ്രൊഫ.ജി.ബാലചന്ദ്രൻ