ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായിരുന്നു അബുൾ കലാം ആസാദ്’ . 35 വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം എ ഐ സി സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. 1923 സെപ്റ്റംബറിൽ ദില്ലിയിൽ വച്ചു നടത്തിയ കോൺഗ്രസ്സ് പ്രത്യേക സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് മൗലാനാ അബുൾ കലാം ആസാദ് പറഞ്ഞ വാക്കുകൾ ഇന്നും പ്രസക്തമാണ് ,: ” _ഇന്ന് ഒരു ദൈവദൂതൻ ആകാശത്തു നിന്നു ഇറങ്ങി വന്ന് ദില്ലിയിലെ കുത്തബ് മീനാറിന്റെ മുകളിൽ നിന്നു കൊണ്ട് ഹിന്ദു-മുസ്ലീം ഐക്യ വാദം ഉപേക്ഷിക്കാമെങ്കിൽ ഇരുപത്തി നാലു മണിക്കുറിനുള്ളിൽ ഇന്ത്യയ്ക്ക് സ്വരാജ് ലഭിക്കുമെന്നു പറഞ്ഞാൽ ഞാൻ വേണ്ടെന്നു വയ്ക്കുക സ്വരാജിനെ ആയിരിക്കും, അല്ലാതെ ഹിന്ദു മുസ്ലീം മൈത്രിയെ അല്ല.”_
കോൺഗ്രസ്സ് വലിയ ഒരു പ്രതിസന്ധിയെ അഭിമുഖികരിക്കുന്ന സന്ദർഭത്തിലായിരുന്നു അദ്ധ്യക്ഷ പദവിയെന്ന ചരിത്ര പദവി ആസാദിനെ തേടിയെത്തിയത്. പ്രവിശ്യാ കൗൺസിൻ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ രണ്ടു പക്ഷമുണ്ടായപ്പോൾ അതിന് അനുരഞ്ജനമുണ്ടാക്കിയതു അദ്ദേഹമാണ്.. നിയമസഭയിൽ പ്രവേശിക്കുന്നതിന് വിരോധമില്ലാത്ത കോൺഗ്രസ്സുകാർക്ക് മത്സരിക്കാം എന്ന ഒത്തുതീർപ്പ് സർവ്വരാലും അംഗീകരിക്കപ്പെട്ടു.
ഉജ്ജ്വലനായ വാഗ്മി, ഉല്പതിഷ്ണുവായ എഴുത്തുകാരൻ മികവുറ്റ വിദ്യാഭ്യാസ വിചക്ഷണൻ ക്രാന്ത ദർശിയായ ഭരണാധികാരി,മനുഷ്യ സ്നേഹത്തിന്റെ പ്രതീകം – അതാണ് മൗലാനാ. സ്വാതന്ത്ര്യ സമരത്തിന്റെ നെടും തൂൺ, തികഞ്ഞ മത വിശ്വാസി എന്നീ നിലയിലാണ് അബുൽ കലാം ആസാദിനെ ചരിത്രം വിലയിരുത്തുന്നത്. 1888 നവംബർ 11 ന് ആസാദ് അറേബ്യയിലാണ് ജനിച്ചത്. അഞ്ചു വയസ്സായപ്പോൾ ആസാദിന്റെ കുടംബം തിരിച്ചെത്തി. ആസാദിന്റെ യഥാർത്ഥ നാമം മുഹിയദീൻ അഹമ്മദ് എന്നായിരുന്നു. അദ്ദേഹം പില്ക്കാലത്തു സ്വീകരിച്ച പേരാണ് അബുൾ കലാം ആസാദ്. ചെറുപ്പത്തിൽ തന്നെ പാണ്ഡിത്യത്തിന്റെ സോപാനം ചവിട്ടിക്കയറി. പന്ത്രണ്ടാം വയസ്സിൽ ഒരു ഗ്രന്ഥശാലയുണ്ടാക്കി. പതിനഞ്ചാമത്തെ വയസ്സിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചു..
വടക്കേ ഇന്ത്യയിൽ മുഴുവൻ പ്രസിദ്ധനായ ആസാദിന് , ലാഹോറിൽ ഒരു ഉറുദു ഭാഷാ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി. സമ്മേളനത്തിൽ പങ്കെടുക്കാൻ ലാഹോർ റെയിൽവേ സ്റ്റേഷനിലെത്തി. ആജാനുബാഹുവായ ഒരു സീനിയർ നേതാവിനെനെയാണ് അവർ പ്രതീക്ഷിച്ചത് . എന്നാൽ സ്വീകരിക്കാനെത്തിയവർ പതിനാലു വയസ്സു മാത്രം പ്രായമുളള മെലിഞ്ഞു വെളുത്ത ദീർഘകായനായ ഒരു യുവാവ്. സംഘാടകർ അതിശയിച്ചു പോയി. ആസാദ് ഉറുദു സമ്മേളനത്തിൽ രണ്ടര മണിക്കൂർ പ്രസംഗിച്ചു. ആസാദിന്റെ വാഗ്ധോരണിയിൽ സദസ്യർ ആവേശം കൊണ്ടു. എല്ലാവരും ‘പയ്യൻ പണ്ഡിതനെ’ നമിച്ചു.
അക്കാലത്ത് മുസ്ലിംങ്ങൾ ദേശീയ പ്രസ്ഥാനത്തിൽ സജീവമായിരുന്നില്ല. അതിനാൽ മുസ്ലീം വിശ്വാസം ആർജ്ജിച്ച് ആസാദ് വിപ്ലവ സംഘത്തിന്റെ ശാഖകൾ സ്ഥാപിച്ചു. ഇസ്ലാം മത വിശ്വാസവും ദേശീയതയും തമ്മിൽ ഒരു സംഘട്ടനത്തിനു കാരണമില്ലെന്ന് ആസാദ് പ്രസ്താവിച്ചു. 1910 ൽ കോൺഗ്രസ്സിൽ ചേർന്ന ആസാദ് മരണം വരെ കോൺഗ്രസ്സിൽ തന്നെ ഉറച്ചു നിന്നു . 1905 ൽ കഴ്സൻ പ്രഭുവിന്റെ ബംഗാൾ വിഭജനം വലിയ പ്രതിഷേധത്തിനിടയാക്കി. ആസാദ് തന്റെ അഭിപ്രായം നിശിതമായി പ്രകടിപ്പിക്കാൻ രണ്ടു പത്രങ്ങൾ തുടങ്ങി. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ അലിസഹോദരന്മാരും ആസാദും അദ്ദേഹത്തോടൊപ്പം പ്രചരണ പരിപാടികളിൽ ശക്തമായി പങ്കെടുത്തു. മുസ്ലിം പണ്ഡിതന്മാർ ആസാദിന് ‘ഇമാം’ (ആത്മീയ ഗുരു) പദവി നല്കാൻ തീരുമാനിച്ചു. എന്നാൽ ആ പദവി തന്റെ ദേശീയചിന്താപദ്ധതിക്ക് സഹായകമല്ലെന്ന് പറഞ്ഞ് അദ്ദേഹം ‘ഇമാം’ സ്ഥാനം നിരസിച്ചു.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കെടുത്ത ആസാദ് പത്തു വർഷവും അഞ്ചു മാസവും ജയിൽ ശിക്ഷയനുഭവിച്ചു.
ബ്രിട്ടനെതിരെ സായുധ പോരാട്ടത്തേക്കാൾ ഗാന്ധിയൻ മാർഗത്തിലുള്ള ജനമുറ്റേത്തിനായിരുന്നു അദ്ദേഹം മുൻഗണന നൽകിയത്. ജയിൽ വാസമനുഷ്ഠിച്ച കാലത്ത് ആസാദിന്റെ ഭാര്യ ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലാണെന്നറിഞ്ഞപ്പോഴും പരോളിലിറങ്ങാൻ ഭരണാധികാരികളോട് യാചിക്കാൻ ആസാദ് തയ്യാറായില്ല. തടവിൽ നിന്നിറങ്ങിയ ആസാദ് ഭാര്യയുടെ നിര്യാണ വാർത്തയറിഞ്ഞു. പ്രിയതമയുടെ ശവകുടീരത്തിൽ പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു : ‘സ്വർഗ്ഗത്തിൽ വച്ചു കണ്ടുമുട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ’ എന്ന്. ദ്വിരാഷ്ട്ര വാദം പ്രബലമായി. ഇടക്കാല സർക്കാരുണ്ടാക്കാൻ തീരുമാനിച്ചു. ലീഗിന് ധനകാര്യ വകുപ്പു കൊടുത്തത് തലവേദനയുണ്ടാക്കുമെന്നു ആസാദ് പറഞ്ഞു. ഗാന്ധിയുടെ നിർബ്ബന്ധം കൊണ്ട് ആസാദ് വിദ്യാഭ്യാസ മന്ത്രിയായി. . തികഞ്ഞ മതനിരപേക്ഷ വാദിയും മനുഷ്യസ്നേഹിയും ആയിരുന്ന ആസാദ്
കാര്യങ്ങൾ സൂക്ഷ്മമായി ഗ്രഹിക്കാനും തന്റെ അഭിപ്രായം സുദൃഢമായി പറയാനും എന്നും ആർജ്ജവം കാണിച്ചു.
ഭൂരിപക്ഷ വർഗ്ഗീയതയുടേയും ന്യൂനപക്ഷ വർഗ്ഗീയതയുടേയും കരാളഹസ്തങ്ങൾ ഇൻഡ്യയിൽ പിടിമുറുക്കിയിരിക്കുന്ന കാലത്ത്, അസഹിഷ്ണുതയും വെറുപ്പും ഇല്ലാതാക്കാൻ ആസാദ് വീണ്ടും വായിക്കപ്പെട്ടണം . കേവലം വോട്ടുകൾക്കു വേണ്ടി വർഗ്ഗീയതയെ ഉപയോഗികുന്നത് അക്ഷന്തവ്യമായ കുറ്റമാണ്. . വർഗ്ഗീയ കലാപത്തിനു രാഷ്ട്രീയ പാർട്ടികൾ വളം വയ്ക്കുന്നത് ജനാധിപത്യത്തിന് ആപത്താണ് .
പ്രെഫ ജി ബാലചന്ദ്രൻ