മാറ്റമാണ് എപ്പോഴും എവിടെയും ഉണ്ടാകേണ്ടത്. കെട്ടിക്കിടക്കുന്ന ജലം മലിനമാകും. ചലനവും വികാസവുമാണ് ജീവന്റെയും സംഘടനയുടെയും മുഖമുദ്ര. വിമർശനത്തിന്റെ മുൾമുനയിൽ നില്ക്കുന്ന കോൺഗ്രസ്സിന് ഒരു ഉയർത്തെഴുനേൽപ്പ് ഉണ്ടാകാനുള്ള ഒരു ലക്ഷണം തുടങ്ങിയിട്ടുണ്ട്. .
കോൺഗ്രസിൻ്റെ ഉദയ്പൂർ ചിന്തൻ ശിബിരം ചിന്തോദ്ദീപകമായിരുന്നു. സോണിയാ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷയായ ശേഷമുള്ള രണ്ടാമത്തെ ചിന്തൻ ശിബിരം പൂർത്തിയാകുമ്പോൾ വെല്ലുവിളികളെ മറികടക്കാൻ കോൺഗ്രസ്സിന് കഴിയണം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും ഇന്ത്യാ മഹാരാജ്യത്തിൻ്റെയും ഭരണം ഇപ്പോൾ ബി.ജെ. പി യുടെ കൈപ്പിടിയിലാണ്. പ്രതാപങ്ങൾ വീണ്ടെടുക്കാൻ സമഗ്രമായ ഒരു പൊളിച്ചെഴുത്ത് കോൺഗ്രസിന് അത്യാവശ്യമായിരുന്നു.
W.C ബാനർജി മുതൽ സോണിയാ ഗാന്ധി വരെയുള്ള കോൺഗ്രസ്സ് പ്രസിഡണ്ടുമാർ പിന്തുടർന്ന നയങ്ങൾക്കും പരിപാടികൾക്കും കാലോചിതമായ മാറ്റം അനിവാര്യമാണ്. ജനങ്ങളുമായി സമ്പർക്കമില്ലാതെ നേതാക്കൾ നിലത്തിറങ്ങാതെ മേൽത്തട്ടിൽ മാത്രം ഒഴുകിനടക്കുന്നത് പാർട്ടിയ്ക്ക് ഭൂഷണമല്ല. വായനയും പഠനവും നാം വീണ്ടെടുക്കണം. അതുകൊണ്ട് തന്നെ ഉദയ്പൂർ സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങൾ ഏറെ ശ്രദ്ധേയമാണ്.
അതിൽ പ്രധാനം പാർട്ടിയുടെ നയങ്ങളും , സംഘടനാ വിഷയങ്ങളും, കേന്ദ്ര സർക്കാർ തുടരുന്ന നയസമീപനങ്ങളും വിശദമായി പഠിക്കാനും പഠിപ്പിക്കാനും ഉതകണം. അതിന് ദേശീയ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം. നേതാക്കൾക്കും പ്രവർത്തകർക്കും പാർട്ടിയെപ്പറ്റി വ്യക്തമായ ദിശാബോധം നൽകാൻ ഇത്തരം പഠനക്കളരികൾ അവശ്യമാണ്. തിരുവനന്തപുരത്ത് സ്ഥാപിച്ച രാജീവ് ഗാന്ധി പഠന ഗവേഷണകേന്ദ്രത്തെ ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതേയുള്ളൂ.
തിരഞ്ഞെടുപ്പുകളെ ചിട്ടയോടെ നേരിടാനുതകുന്ന ഇലക്‌ഷൻ മാനേജ്മെൻറ് വിഭാഗവും പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള പബ്ലിക്ക് ഇൻസൈറ്റ് ഡിപ്പാർട്ട്മെന്റും രാഷ്ടീയമായും സംഘടനാപരമായും കോൺഗ്രസ്സിന് ഗുണം ചെയ്യും.
ഗാന്ധി ജയന്തി ദിനത്തിൽ കാശ്മീർ മുതൽ കന്യാകുമാരി വരെ ഭാരതപര്യടനം നടത്താൻ “ചിന്തൻ ശിബിരം ” തീരുമാനിച്ചത് സ്വാഗതാർഹമാണ്. കോൺഗ്രസ് തകർന്നു എന്ന പ്രചരണങ്ങൾക്കുള്ള മറുപടി നൽകാനും ജനബന്ധം ഊട്ടിയുറപ്പിക്കാനും പ്രസ്തുത യാത്രക്ക് കഴിയും.
ബി.ജെ.പി കഴിഞ്ഞാൽ ആൾബലം കൊണ്ടും നിയമനിർമ്മാണ സഭകളിലെ അംഗബലം കൊണ്ടും വലുത് ഇന്ത്യയിൽ കോൺഗ്രസ്സാണെന്ന കാര്യം കോൺഗ്രസ്സുകാർ പോലും മറന്നു പോകുന്നു. അതു ജനങ്ങളെ ബോധ്യപ്പെടുത്തലാണ് ഈ ദേശയാത്രയുടെ പ്രാധാന്യം കൂട്ടുന്നത് ‘.
ലോകസഭയിൽ മാത്രമല്ല വിവിധ സംസ്ഥാന നിയമസഭകളിലും മുഖ്യ പ്രതിപക്ഷം കോൺഗ്രസ്സാണെന്നും ഇന്ത്യയെന്ന വികാരത്തെ ഒന്നിപ്പിക്കാനുള്ള ഒറ്റമൂലിയാണ് കോൺഗ്രസെന്നും ജനങ്ങളോട് പറയാൻ ഈ യാത്രയ്ക്ക് കഴിയും. മതേതരത്വമാണ് നമ്മുടെ ലക്ഷ്യവും മാർഗവും എന്ന് യാത്രയിലൂടെ ഇന്ത്യൻ ജനതതിയോട് തുറന്ന് പറയണം
കുടുംബാധിപത്യവും മക്കത്തായവും മരുമക്കത്തായവും അവസാനിപ്പിച്ച് “ഒരാൾക്ക് ഒരു പദവി ” “ഒരു കുടുബം ഒരു ടിക്കറ്റ്”എന്ന നിലയിലേക്ക് മാറാനുള്ള തീരുമാനവും ഏറെ ശ്രദ്ധേയം. ഒരു സ്ഥാനത്ത് ആചന്ദ്രതാരം കടിച്ചു തൂങ്ങിക്കിടക്കുന്ന പ്രവണതയിൽ നിന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പിൻമാറണം. 75 തികഞ്ഞ നേതാക്കളെല്ലാം സ്വമേധയാ പദവികൾ പുതുതലമുറക്കായി ഒഴിഞ്ഞു കൊടുക്കണം. ഇക്കാര്യത്തിൽ ഇടതുകക്ഷികൾ പിന്തുടരുന്ന മാതൃക നടപ്പിലാക്കണം M.L.A, M.P മാർക്കും കോൺഗ്രസ്സ് നേതാക്കൾക്കും രണ്ടോ മൂന്നോ പ്രാവശ്യം മത്സരിക്കാനേ അവസരം നൽകാവൂ.
ഭാരവാഹികളുടെ പ്രായം 50 വയസ്സിൽ താഴെയാക്കാനുള്ള നിർദ്ദേശം കോൺഗ്രസിന് യുവ ചൈതന്യം നൽകട്ടെ . പാർലമെന്ററി ബോർഡും രാഷ്ട്രീയ കാര്യ സമിതിയും ശക്തിപ്പെടുത്തണം. ശാസ്ത്രിയമായ സമീപനം സൈബർ പോരാളികൾക്ക് ഉണ്ടാകണം. ഇതൊക്കെ അത്രയെളുപ്പത്തിൽ നടപ്പിലാക്കാവുന്ന കാര്യമല്ല. ഇച്ഛാശക്തിയും ത്യാഗവും അർപ്പണബോധവുമുള്ള ഒരു നേതൃനിര ഉണ്ടാകണം. അതിന് കേരളത്തിൽ നിന്നു തന്നെ തുടക്കം കുറിക്കുമെന്നാണ്
എന്റെ പ്രതീക്ഷ.
പ്രൊഫ ജി ബാലചന്ദ്രൻ