നിസ്വാർത്ഥനായ ഗാന്ധിയനായിരുന്നു ഗുൽസാരിലാൽ നന്ദ . പല സ്ഥാനങ്ങളിലും തിളങ്ങി. പത്മ വിഭൂഷൻ, ഭാരതരത്നം ബഹുമതികൾ നല്കി ആദരിച്ചു. തൊഴിൽ പ്രശ്ന പണ്ഡിതൻ മാത്രമല്ല മികച്ച ഗന്ഥകാരൻ കൂടിയായിരുന്നു നന്ദ. അദ്ദേഹം ആദ്യത്തെ ആസൂത്രണ മന്ത്രിയും ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷനുമായിരുന്നു. എന്നും കേന്ദ്ര മന്ത്രി സഭയിലെ രണ്ടാമൻ.
രണ്ടു തവണ താത്ക്കാലിക പ്രധാനമന്ത്രിയായി. ജവഹർലാൽ നെഹ്റു അന്തരിച്ചപ്പോഴും ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചപ്പോഴും നന്ദ പ്രധാനമന്ത്രിയായി. താത്കാലിക പ്രധാനമന്ത്രിയായി മൊത്തം 31 ദിവസം മാത്രമേ പ്രധാനമന്ത്രിക്കസേരയിരുന്നുള്ളു. അച്ചടക്കവും അനുസരണയുമുള്ള കോൺഗ്രസ്സ് ധർമ്മ ഭടനായിരുന്നു നന്ദ. പ്രധാനമന്ത്രി പദത്തിൽ നിന്ന് നിശ്ശബ്ദനായി സ്ഥാനമൊഴിയുകയും ചെയ്തു. ഇന്നത്തെക്കാലത്ത് ഓർക്കാൻ പോലും കഴിയാത്ത സംഭവം.
അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പശു സംരക്ഷണത്തിന്റെ പേരിൽ സന്യാസിമാർ സമരം നടത്തി. അതിന്റെ പേരിൽ പാർലിമെന്റിൽ ബഹളമായപ്പോൾ മന്ത്രിസ്ഥാനം രാജിവച്ചു. ധാർമ്മികോത്തരവാദിത്ത്വത്തിന്റെ പേരിൽ മന്ത്രിമാർ രാജിവയ്ക്കുന്ന കാര്യം ഇന്നത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഓർക്കാൻ കുടി സാദ്ധ്യമല്ല.
പഞ്ചാബിൽ,( ഇന്ന് പാക്കിസ്ഥാനിൽ പെടുന്ന ) ബദാകി ഗ്രാമത്തിൽ 1898 ജൂലൈ നാലിന് ബുലാഗി റാമിന്റെ മകനായി നന്ദ ജനിച്ചു. സ്തുത്യർഹമായി വിദ്യാഭ്യാസം നടത്തി. തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടയിൽ നന്ദയ്ക്ക് നാഷണൽ കോളേജിൽ അദ്ധ്യാപകനായി ജോലികിട്ടി. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ നന്ദ എല്ലാം ഇട്ടെറിഞ്ഞ് അതിൽ സജീവമായി പങ്കെടുത്തു.പിന്നീട് സ്വാതന്ത്ര്യ സമരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതരംഗം. ഗാന്ധിജിയുടെ ഉപദേശ പ്രകാരം അഹമ്മദാബാദിൽ തൊഴിലാളി രംഗത്ത് പ്രവർത്തനം ആരംഭിച്ചു. യൂണിയൻ ശക്തിപ്പെട്ടു. മുൻസിപ്പൽ കൗൺസിലറായി, നിയമ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ബോംബെ ഇൻഡസ്ട്രീയൽ റിലേഷൻസ് ആക്ടിന്റെ മുഖ്യശില്പി നന്ദയായിരുന്നു. നെഹ്റുവിന്റെ നിർദ്ദേശപ്രകാരം ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷനായപ്പോൾ പഞ്ചവത്സര പദ്ധതിക്കു അടിത്തറയിട്ടു.
നാലു പ്രാവശ്യം നന്ദ ലോക് സഭാംഗമായി. ആസൂത്രണ-തൊഴിൽ മന്ത്രി, റെയിൽവേ മന്ത്രി എന്നീ നിലകളിൽ ശോഭിച്ചു. ശാസ്ത്രി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. സന്യാസിമാർക്കെതിരെ നടത്തിയ ലാത്തിച്ചാർജിന്റെ പേരിൽ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചു. അതോടെ രാഷ്ട്രീയ ജീവിതം മതിയാക്കുകയായിരുന്നു. പിന്നീട് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നന്ദ രാഷ്ട്രീയം വിട്ട് ഡൽഹി
യിൽ ഒരു കൊച്ചു വീട്ടിലേക്കു താമസം മാറ്റി അവിടെ ഒതുങ്ങിക്കഴിഞ്ഞു. അയൽപക്കക്കാർ പോലും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അർഹമായ പെൻഷൻ ഒഴികെ മറ്റൊരു സഹായവും സർക്കാരിൽ നിന്ന് സ്വീകരിച്ചില്ല.
ഏതാണ്ടു നൂറു വയസ്സുവരെ അദ്ദേഹം ജീവിച്ചു. വാർദ്ധക്യാകുലതകൾ അദ്ദേഹത്തെ ബാധിച്ചു. ഒരു സാധാരണ പൗരനെ പോലെ 1998 ജനുവരി 15 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. നിസ്സാർത്ഥതയുടേയും. ത്യാഗത്തിന്റേയും മൂർത്തീമത് ഭാവമായിരുന്ന ഗുൽസാരിലാൽ നന്ദയെ ജനങ്ങളും പാർട്ടിയും ചരിത്രവും വിസ്മരിച്ചത് തികഞ്ഞ വേദനയോടെയാണ് ഞാനോർക്കുന്നത്. അദ്ദേഹത്തിന് എന്റെ എളിയ നമോവാകം.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി