ഉമ്മൻ ചാണ്ടിയും പിണറായി വിജയനും കേരളത്തിലെ രണ്ടു മുഖ്യമന്ത്രിമാർ. ജനസമ്പർക്കത്തിനു ഉമ്മൻ ചാണ്ടിയും ജന വിരുദ്ധതയ്ക്ക് പിണറായിയും പ്രസിദ്ധരാണ്. ആൾക്കൂട്ടത്തിനു നടുവിലാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതം, അന്നും ഇന്നും. പിണറായി ആകട്ടെ ജനങ്ങളിൽ നിന്ന് അകന്നു നില്ക്കുന്നു. ഉമ്മൻ ചാണ്ടിയുടെ സത് പേരിനേയും ഭരണത്തേയും തകർക്കാൻ സരിതയെന്ന സ്ത്രിയാണ് കാരണക്കാരി. സോളാർ വിവാദവും ലൈംഗികാപവാദവും സരിതയെ മുൻ നിർത്തി തൊടുത്തു വിട്ടു. ഒരു ഭൂകമ്പം പോലെയാണ് സരിതയുടെ ആരോപണം കേരളത്തിലെ മന്ത്രിസഭയെ പിടിച്ചു കുലുക്കിയത്. ആരോപണം അന്വേഷിക്കാൻ ഉമ്മൻചാണ്ടി തന്നെ അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ ദുഷ്ടലാക്കോടെ റിപ്പോർട്ടെഴുതി. പിന്നെ സി.ബി.ഐ അന്വേഷണമായി. എത്ര ദിവസങ്ങൾ, എത്ര മണിക്കൂറുകൾ ഉമ്മൻചാണ്ടി അന്വേഷണ കമ്മീഷനു മുൻപിൽ മൊഴി കൊടുത്തു. അതിൽ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചില്ല. ആരൊക്കെയോ സരിതയുടെ പിന്നിൽ അണി നിരന്ന് സമരങ്ങളുടെ കെട്ടഴിച്ചു വിട്ടു. ഗീബൽസിന്റെ നുണകൾ പോലെ എൽ.ഡി.എഫിന്റെ പ്രചരണം ജനങ്ങൾ കുറച്ചൊക്കെ വിശ്വസിച്ചതു കൊണ്ടാണ് പിണറായി അട്ടിമറി വിജയം നേടിയത്. സരിത ഉന്നയിച്ച അപവാദങ്ങൾ യഥാവസരം അന്വേഷിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചങ്കൂറ്റം കാണിച്ചു.
എന്നാൽ പിണറായി വിജയനെതിരെ സ്വപ്നാ സുരേഷ് ആരോപണങ്ങൾ അക്ഷരങ്ങളിൽ കോറിയിട്ടു. വളരെ ഗുരുതരമായ ആരോപണങ്ങൾ. ബിരിയാണിച്ചെമ്പു മുതൽ സ്വർണ്ണക്കടത്തു വരെ. പിണറായിക്കെതിരെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ഉയർത്തിയ അഴിമതിക്കഥകൾ അങ്ങാടിപ്പാട്ടായി. ചില മുൻ മന്ത്രിമാരുടെയും മുൻ സ്പീക്കറുടേയും ലൈംഗികാസക്തിയുടെ കഥകൾ അക്കമിട്ടു സ്വപ്നാ സുരേഷ് വെളിപ്പെടുത്തി.അതേക്കുറിച്ച് ഒരന്വേഷണം നടത്താനോ സ്വപ്നയ്ക്കെതിരെ കേസെടുക്കാനോ നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്താനോ മുഖ്യമന്ത്രി പിണറായി വിജയൻ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
രണ്ടു മുഖ്യമന്ത്രിമാർ തമ്മിലുള്ള സമീപനങ്ങളുടെ വ്യത്യാസമാണ് ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടിയിലൂടെ രാപകൽ ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ അദ്ധ്വാനിച്ചു. മുഖ്യമന്ത്രി പിണറായിയാകട്ടെ സമരത്തെ ഭയന്ന് എട്ടു പത്തു കാറുകളുടെ അകമ്പടിയോടെയാണ് സഞ്ചരിക്കുന്നത്. ഒരാൾ ജനങ്ങൾക്കിടയിലേക്കു ഇറങ്ങിച്ചെല്ലുന്നു. മറ്റേയാൾ ജനങ്ങളിൽ നിന്ന് ഒളിച്ചോടുന്നു.
അരാജകത്വവും പിൻ വാതിൽ നിയമനവും പോലീസിന്റെ ക്രിമിനൽ സ്വഭാവവും നാൾക്കു നാൾ വർദ്ധിക്കുന്നു. ദിവസവും പോലീസിൽ അഴിച്ചു പണിയാണ്. നഗരസഭയിലെ നിയമനവും വിഴിഞ്ഞത്തെ സ്ഫോടനാന്മക സമരവും പിണറായി സർക്കാരിനെ തിരിഞ്ഞു കൊത്തുന്നു. ജലരേഖപോലെയായ കെ. റെയിലിന് എത്ര കോടി രൂപയാണ് തുലച്ചത്. ഒരു വികസന പരിപാടിയും ക്ലച്ചുപിടിക്കുന്നില്ല. കടമെടുത്തു കേരളം മുടിഞ്ഞു. വൈദികം റിസോർട്ട്,ബഫർ സോൺ ,ജയരാജന്മാരുടെ ഉടക്ക് അങ്ങനെ കുരുക്കുകൾ മുറുകുകയാണ്.
സ്വപ്നാ സുരേഷ് ഉയർത്തിയ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കമാന്ന് ഒരക്ഷരം ഉരിയാടാതെ തടി തപ്പുന്നു.
ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായ കേസുകളിലെല്ലാം ക്ലീൻ ചിറ്റ് നൽകിക്കഴിഞ്ഞു. പിണറായിയും സധൈര്യം അന്വേഷണത്തെ നേരിടാൻ തയ്യാറാകണം
പ്രൊഫ.ജി.ബാലചന്ദ്രൻ