ജീവൻ മുക്തിയുടെ പ്രവാചകനായിരുന്നു രമണ മഹർഷി. മുഖ്യമായും അറിയപ്പെടുന്നത് ഭഗവാൻ ശ്രീ രമണ മഹർഷി എന്നാണ്. എല്ലാ ചിന്തകളും ഉയരുന്നത് മനുഷ്യ മനസ്സിലാണ്. അരുണാചലം എന്ന പരിശുദ്ധ മലയിലാണ് 16ാം വയസ്സിൽ അദ്ദേഹം ധ്യാനവും തപസും ആരംഭിച്ചത്. കറന്റ് പോലെ,ഒരു മിന്നൽ പിണർപോലെ ഉണർവ്വുണ്ടായി. സ്വന്തം എന്നതിൽ നിന്ന് ദൈവത്തിലേക്കുള്ള അഭ്യൂന്നതിയിലേക്ക് മനസ്സ് വ്യാപരിച്ചു. അരുണാചല പർവ്വതത്തിലെത്തിയ രമണ മഹർഷി സ്വയം സന്യാസം സ്വീകരിച്ച് ജീവിതാവസാനം വരെ അവിടെ കഴിഞ്ഞു. ശിവന്റെ അവതാരമെന്നു വിശ്വസിച്ച് അദ്ദേഹത്തിനു ചുറ്റും ഭക്ത ജനങ്ങൾ കൂടി. ദൈവാവതാരമായ അദ്ദേഹത്തിന്റെ ദർശനം പുണ്യമെന്നു കരുതി.
ഇതുപതാം നൂറ്റാണ്ടിലെ ദിവ്യ തേജസ്സാണ് രമണ മഹർഷി. കൗപീനം മാത്രം ധരിച്ച് നിസംഗനായി നിർമ്മമനായി അദ്ദേഹം ജീവിച്ചു.
നവ ഭാരതത്തിലെ പ്രമുഖ ആദ്ധ്യാത്മികാചാര്യൻ, ബ്രഹ്മജ്ഞാനി. അദ്വൈത ചിന്തയുടെ വക്താവും പ്രചാരകനുമായ ശങ്കരാചാര്യരുടെ അവതാരമായി പോലും കണക്കാക്കുന്നു.
തമിഴ് നാട്ടിൽ മധുരയ്ക്കടുത്ത് തിരുച്ചൂളി ഗ്രാമത്തിൽ വെങ്കിട്ട രമണൻ ജനിച്ചു. ശൈവസിദ്ധന്മാരുടെ ജീവിത കഥകളിൽ ആകൃഷ്ടനായി. 16ാം വയസ്സിലാണ് രമണന് ആത്മ സാക്ഷാത്ക്കാരം ലഭിച്ചത്. അന്നു മുതൽ അന്തരാത്മാവിൽ ലയിച്ചു. അതോടെ എല്ലാം ത്യജിച്ച് ഭക്തിപാരവശ്യത്തിലായി. അദ്ദേഹം തിരുവണ്ണാമലയിലെ പ്രസിദ്ധമായ ക്ഷേത്രത്തിനുള്ളിലെ ആയിരം കാൽ മണ്ഡപത്തിലാണ് ആദ്യം താമസിച്ചത്.
യുവ സന്യാസി അരുണാചല മലയുടെ മുകളിലും വിരൂപാക്ഷ ഗുഹയിലും സ്കന്ദാശ്രമ ഗുഹയിലും താമസമാക്കി. ആത്മാവിനെ അറിയുകയാണ് ഈശ്വര സാക്ഷാത്ക്കാരമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. തേജസ്സാർന്ന മുഖവും തിളങ്ങുന്ന കണ്ണുകളും ഭക്തരിൽ ദിവ്യാനുഭവമുണ്ടാക്കി. മനുഷ്യരെ മാത്രമല്ല സർവ്വചരാചരങ്ങളേയും അദ്ദേഹം സ്നേഹിച്ചു. പക്ഷിമൃഗാദികളും പാമ്പുകളും ഉൾപ്പെടെ എല്ലാം ആശ്രമത്തിലുണ്ടായിരുന്നു. അവയുടെ ഭാഷയും ഇംഗിതവും രമണ മഹർഷിക്കറിയാമായിരുന്നു. അദ്ദേഹത്തെ കാണാനും അനുഗ്രഹം തേടാനും നിരവധി പേർ എത്തിക്കൊണ്ടിരുന്നു. പലരും ശിഷ്യരായി. രമണ മഹർഷി തിരുവണ്ണാമലയിലെത്തിയതിന്റെ സൂവർണ്ണ ജൂബിലി 1945-ൽ ആഘോഷിച്ചു. ആത്മാവിനെ അറിയുക അത് നമ്മെ വിശുദ്ധരാക്കുമെന്ന അദ്വൈത സന്ദേശമാണ് അദ്ദേഹം നല്കിയത് . . ഒരിക്കൽ ശ്രീനാരായണ ഗുരു രമണമഹർഷിയുടെ ആശ്രമത്തിലെത്തി. അവർ പരസ്പരം കണ്ണുകളിൽ നോക്കി. ആ മൗനദർശനം വാചാലമായിരുന്നു. രമണമഹർഷി , നാരായണ ഗുരുവിൽ വലിയ സ്വാധീനം ചെലുത്തി. അതിനു ശേഷം ഗുരു, രമണ മഹർഷിയെ കുറിച്ച് അഞ്ച് ശ്ളോകങ്ങൾ എഴുതി.
“ഞാൻആര്?,ഉപദേശ സാരം,ദക്ഷിണാമൂർത്തി സ്ത്രോത്രം, രമണ ഗീത” തുടങ്ങിയവ രമണ മഹർഷിയുടെ കൃതികളാണ്. രമണ മഹർഷിയുടെ ആശ്രമത്തിലേക്കു നിത്യവും വിദേശികളും സ്വദേശികളുമായ എറെ പേർ ഇപ്പോൾ എത്തുന്നുണ്ട്. 1950 ഏപ്രിൽ 14 ന് ആശ്രമത്തിൽ തന്നെ മഹർഷി സമാധിയടഞ്ഞു. സമാധി മണ്ഡപം അവിടെ ഒരുക്കിട്ടുണ്ട്. അദ്ദേഹം തിരുവണ്ണാമല വിട്ടു പോയിട്ടേയില്ല. അദ്ദേഹം താമസിച്ച പാതള ലിംഗം ഗുഹ പുന:പ്രതിഷ്ഠ നടത്തി, പരിഷ്ക്കരിച്ചു. ഡോ എസ്. രാധാകൃഷ്ണനാണ് ഉദ്ഘാടനം നടത്തിയത്.
നടരാജ ഗുരു അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ആശ്രമത്തിനുള്ളിൽ താമസ സൗകര്യവും ഭക്ഷണവുമുണ്ട്. ധ്യാനത്തിനും ഭജനത്തിനുമുള്ള സൗകര്യവുമുണ്ട്. അതിനുള്ളിൽ ഒരു വലിയ പുസ്തകശാല പ്രവർത്തിക്കുന്നു.
ലാളിത്യത്തിന്റേയും ശാന്തിയുടേയും ധ്യാനത്തിന്റേയും കേന്ദ്രമായ രമണാശ്രമം ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ