രാജീവ് ഗാന്ധിയ്ക്കു രാഷ്ട്രീയത്തോട് ഒട്ടും മോഹമില്ലായിരുന്നു . പൈലറ്റ് ജോലിയിൽ സന്തുഷ്ടനായി കഴിയവേയാണ് കോൺഗ്രസ്സിലേക്കു പ്രവേശിച്ചത്. 1981 ൽ അമേഠിയിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984 ഒക്ടോബർ 31നുണ്ടായ ഇന്ദിരാ ഗാന്ധിയുടെ ദാരുണമായ രക്തസാക്ഷിത്വം ഇന്ത്യയെയും ലോകത്തേയും ദു:ഖത്തിലാഴ്ത്തി .ഇന്ദിരയുടെ നെഞ്ചിൽ നിന്നു വാർന്നൊഴുകിയ രക്തത്തിന്റെ നനവുണങ്ങുന്നതിനു മുൻപ് പ്രധാനമന്ത്രിയാകാൻ രാജീവ് നിർബന്ധിതനായി. ഈറനണിഞ്ഞ കൺപീലികളുമായി വിങ്ങുന്ന ഹൃദയത്തോടെയാണ് 41 വയസ്സു മാത്രം പ്രായമുള്ള രാജീവ് ഗാന്ധി സ്ഥാനമേറ്റത് .
യുവത്വത്തിന്റെ ഊർജ്ജസ്വലതയും 21-ാം നൂറ്റാണ്ടിലേക്കുളള സ്വപ്നവുമായി പ്രധാനമന്ത്രിയായ രാജീവ് ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു. അധികാരത്തിൽ തുടരാൻ കഴിയുമായിരുന്നിട്ടും പുതിയ മാൻഡേറ്റ് തേടാൻ തെരഞ്ഞെടുപ്പ് നടത്തി. 540 അംഗ ലോകസഭയിൽ 405 അംഗങ്ങളുടെ പിന്തുണയുമായി രാജീവ് അധികാരത്തിൽ വന്നു. ഇന്ത്യയെ പുരോഗതിയുടെ പന്ഥാവിലേക്ക് നയിച്ചു. എത്രയോ ഭരണ പരിഷ്കാരങ്ങൾ നടത്തി.. ശാസ്ത്ര സാങ്കേതിക രംഗത്തും, വിവര സാങ്കേതിക വിദ്യയിലും, പ്രതിരോധ രംഗത്തും, വ്യോമയാന മേഖലയിലും, അടിസ്ഥാന വികസനത്തിലും രാജീവ് ഗാന്ധി എടുത്ത നടപടികൾ ഇന്ത്യയ്ക്ക് പുതു ഊർജ്ജം നൽകി. വിദേശ രാജ്യങ്ങളുമായി നല്ല കൂട്ടൂകെട്ടുണ്ടാക്കുന്നതിനും ഇന്ത്യൻ യുവതയെ കർമ്മോത്സുകരാക്കുന്നതിനും രാജീവിനു കഴിഞ്ഞു.
ചരിത്രപുരുഷൻ്റെ അന്ത്യനിമിഷങ്ങൾ
1991 മെയ് 21- വൈകുന്നേരം 6 മണി. രാജീവ് ഗാന്ധി വിശാഖപട്ടണത്ത് ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി. ചെന്നൈയിലേക്ക് പറക്കാൻ തയ്യാറായി. ഹെലികോപ്ടർ കാത്തുനിൽപ്പുണ്ട്. പെട്ടെന്ന് പൈലറ്റ് രാജീവിനെ അറിയിച്ചു. യന്ത്രത്തകരാർ കാരണം യാത്ര സാധ്യമല്ല. അദ്ദേഹം നിരാശനായി ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുമ്പോൾ പോലീസിൻ്റെ വയർലസ് സന്ദേശം എത്തി. ഹെലികോപ്ടർ റെഡിയാണ്. രാജീവ്ജി പിന്നെ ഒന്നും നോക്കിയില്ല. തൻ്റെ അംഗരക്ഷകർ പോലുമില്ലാതെ എയർപ്പോർട്ടിലേക്ക് കുതിച്ചു. രാത്രി 8.30 ന് ചൈന്നെ എയർപോർട്ടിലെത്തുമ്പോൾ ജി.കെ മൂപ്പനാരും മരഗതം ചന്ദ്രശേഖറും സന്തോഷത്തോടെ രാജീവിനെ സ്വീകരിച്ചു. അവരോടൊപ്പം തന്നെ ശ്രീപെരുംപത്തൂരിലേക്ക് യാത്ര തിരിച്ചു.
രാത്രി 10:10 ആയിട്ടും പിരിഞ്ഞുപോവാതെ ഒരു വൻ ജനാവലി രാജീവിനെ കാത്ത് നിൽപ്പുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു മുപ്പതുകാരി രാജീവിനടുത്തേക്ക് വന്നു. അനുസൂയ എന്ന പോലീസ് കോൺസ്റ്റബിൾ ആ സ്ത്രീയെ തടയാൻ ശ്രമിച്ചെങ്കിലും രാജീവ് പോലീസുകാരിയോട് പറഞ്ഞു. ” Don’t worry” Relax” . പിന്നെ നടന്നത് സ്വതന്ത്ര ഇന്ത്യകണ്ട നിഷ്ഠൂരമായ ബോംബ് സ്ഫോടനം ! ഇന്ത്യയുടെ വീരപുത്രൻ രക്തസാക്ഷിത്വം വരിച്ചിച്ചിരിക്കുന്നു. രാജ്യം നിശ്ചലമായി. ഗാന്ധിയുടെയും ഇന്ദിരയുടെയും ഹൃദയരക്തം വീണ ഭാരതമണ്ണിൽ 47 കാരനായ രാജീവ്ജിയും പിടഞ്ഞു വീണിരിക്കുന്നു. തമിഴ് വിമോചന സേനയുടെ നരവേട്ടയിൽ ഇന്ത്യക്ക് നഷ്ടമായത് ആധുനിക ഇന്ത്യയെ വാർത്തെടുത്ത യുവകേസരിയായ രാജീവിനെയാണ്.
സ്വന്തം ഭാര്യയ്ക്കോ കുഞ്ഞുങ്ങൾക്കോ അന്ത്യചുംബനം അർപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ ആ ശരീരവും മുഖവും വികൃതമായിരുന്നു. ആറു ദശാബ്ദമായി ഇന്ത്യയെ നയിച്ച നെഹ്റു കുടുംബത്തിലെ അവസാന കണ്ണിയാണ് രാജീവ്.
അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം വീണ്ടും ഓർമയിലെത്തുമ്പോൾ ഇന്ത്യ ചർച്ച ചെയ്യുന്നത് അദ്ദേഹത്തിൻ്റെ വധത്തിനു പിന്നിൽ പ്രവർത്തിച്ച പേരറിവാളൻ്റെ മോചന വിഷയമാണ്. ചരിത്രത്തിന്റെ നിയോഗം പോലെ സ്വന്തം പിതാവിന്റെ കേസിലെ പ്രതികളോടു പൊറുക്കാനും ക്ഷമിക്കാനും രാജീവ് കുടുംബം മഹാമനസ്കത കാട്ടി. അന്നു പത്തൊൻപതു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പേരറിവാളിന് 31 വർഷത്തിനു ശേഷം മോചനം നല്കിയത് യാദൃച്ഛികമാകാം
സ്വതന്ത്ര ഭാരതത്തിൽ മഹാത്മാഗാന്ധിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ദാരുണമായി കൊലചെയ്യപ്പെട്ടത് നമുക്കെന്നും വേദനയാണ്.
അവരുടെ പാവന സ്മരണകൾ ഇന്ത്യയ്ക്കും ഇന്ത്യാക്കാർക്കും വഴി വിളക്കാവട്ടെ. (ശ്രീ പെരുംപത്തൂരിലെ സ്മാരകത്തിൻ്റെ ചിത്രം താഴെ ചേർത്തിരിക്കുന്നു )
പ്രൊഫ.ജി.ബാലചന്ദ്രൻ