വിഖ്യാത ഇന്ത്യൻ ഭൗതിക ശാസത്രജ്ഞൻ ചന്ദ്രശേഖരൻ വെങ്കിട്ടരാമൻ്റെ ” രാമൻ പ്രഭാവ “‘ത്തിൻ്റെ ഓർമ പുതുക്കിക്കൊണ്ട് വീണ്ടും ഒരു ദേശീയ ശാസ്ത്ര ദിനം.
1888 നവംബർ 7 ന് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ച സർ സി.വി. രാമൻ ഇന്ത്യ കണ്ട ശാസ്ത്രേതിഹാസമായിരുന്നു. ഒരു കപ്പൽയാത്രക്കിടെ നീലസാഗരത്തിൻ്റെ നീലവർണങ്ങൾ നിരീക്ഷിച്ച്കൊണ്ട് രാമൻ പ്രകാശപഠനത്തിലേക്ക് ചുവട് വച്ചു.
“നീലക്കടലിൻ്റെ നീല നിറംതേടി.’ തുടങ്ങിയ ആ അന്വേഷണാത്മകതയാണ് 1928 ഫെബ്രുവരി 28ന് “രാമൻ പ്രഭാവം” (Raman Effect) എന്ന പേരിൽ അറിയപ്പെട്ടത്. നോബൽ സമ്മാനവും, ഭാരതരത്നയും, സമാധാനത്തിനുള്ള ലെനിൻ പുരസ്കാരവും നേടിയ സി.വി.രാമൻ ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പിൻ്റെ ചൂണ്ടുപലകയായിരുന്നു.
സി.വി. രാമൻ എന്ന മഹാപ്രതിഭയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, ഒരു ഗവേഷക വിദ്യാർത്ഥിനിയോടുള്ള സ്ഥാപന മേലധികാരി എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ വിവേചനത്തോട് വിയോജിക്കേണ്ടിയിരിക്കുന്നു.
1933 ൽ ബാംഗ്ലുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷകയാവാൻ അപേക്ഷിച്ച് ഒരു പെൺകുട്ടി കാത്തിരുന്നു.. നിഷ്ഫലമായ കാത്തിരിപ്പിനൊടുവിൽ കാരണം തേടി അവർ അധികാരികളെ സമീപിച്ചു. മറുപടി ഇതായിരുന്നു .. “പെൺകുട്ടികൾ ഗവേഷണം നടത്താൻ പ്രാപ്തരല്ലത്രെ “. 1911 ൽ ഇൻഡോറിൽ ജനിച്ച ആ കുട്ടി ബോംബെ സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ഉന്നത വിജയം നേടിയായിരുന്നു ഗവേഷണ പഠനത്തിന് എത്തിയത്. ആ പെൺകുട്ടിയുടെ സ്വപ്നം ശാസ്ത്രജ്ഞയാവുക എന്നതായിരുന്നു ..
അവർ പിൻമാറിയില്ല .. നീതിക്കുവേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ ഡയറക്റുടെ ഓഫീസിനു മുന്നിൽ സത്യാഗ്രഹം ഇരുന്നു. ഒടുവിൽ ഡയറക്ടർ അവരുടെ അപേക്ഷ സ്വീകരിച്ചു. ശാസ്ത്രലോകത്തിൻ്റെ വാതിൽ ഇന്ത്യൻ പെൺകുട്ടികൾക്കായി തുറപ്പിച്ച ഡോക്ടർ കമലാ സഹോനിയായിരുന്നു ആ കുട്ടി. അത്ഭുതം അതല്ല! ഈ പെൺകുട്ടിക്ക് പ്രവേശനം നിഷേധിച്ച മഹാൻ നോബൽ സമ്മാന ജേതാവായ സി.വി. രാമൻ ആയിരുന്നു. പിന്നീട് അദ്ദേഹം ഇക്കാര്യത്തിൽ തെറ്റ് തിരുത്തിയത് തീർത്തും അഭിനന്ദനാർഹവുമാണ്.
ഗവേഷണ പഠനത്തിന് അനുവദിച്ചെങ്കിലും കമല ഒരുപാട് അനീതികൾ സഹിക്കേണ്ടി വന്നു.. ” ഒരു റെഗുലർ വിദ്യാർത്ഥിനിയായി കമലയെ അംഗീകരിക്കില്ല പോലും. ഒരു കൊല്ലത്തെ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ കാമ്പസിൻ്റെ ഭാഗമാക്കാം . ഗൈഡ് നിർദ്ദേശിച്ചാൽ രാത്രി ഏറെ വൈകിയും ജോലി ചെയ്യണം. പുരുഷ ഗവേഷകർക്ക് കമല ഒരു ശ്രദ്ധാകേന്ദ്രമാകരുത്.” കമലയുടെ ഈ ദുരവസ്ഥ അധികമാരും അറിഞ്ഞിട്ടില്ല.
അവർ കേംബ്രിഡ്ജിൽ ഉപരിപഠനം നടത്തി. പിന്നീട് അവർ ഇന്ത്യയുടെ ദാരിദ്ര്യ നിർമ്മാർജന പരിപാടിയുടെ മുഖമുദ്രയായി മാറി.
നോബൽ സമ്മാന ജേതാവായ സി.വി. രാമൻ എന്ന അതുല്യ ശാസ്ത്ര പ്രതിഭയുടെ സ്ത്രീത്വത്തോടുള്ള സങ്കുചിത നിലപാട് വിമർശിക്കപ്പെടേണ്ടതാണല്ലോ.
വേദ പഠനത്തിനു പോലും പ്രാചീന കാലത്ത് ഭാരതത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു.
ഈ ദേശീയ ശാസ്ത്ര ദിനത്തിൽ ലിംഗ വിവേചനം പോലെയുള്ള തലതിരിഞ്ഞ ചിന്തകൾ ചർച്ച ചെയ്യപ്പെടണം . ഉക്രൈൻ ഒരു യുദ്ധഭൂമിയായി മാറിയ കാലത്താണ് ഇന്ത്യ ഒരു ശാസത്ര ദിനം ആചരിക്കുന്നത്. ശാസ്ത്ര നേട്ടങ്ങൾ മാനവരാശിയുടെ ക്ഷേമത്തിന് എന്നതാവണം ശാസ്ത്ര ദിനത്തിൻ്റെ സന്ദേശം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത നല്ല നാളെയുടെ പ്രതീക്ഷയാണ് ശാസ്ത്രം –
പ്രൊഫ ജി ബാലചന്ദ്രൻ.