“ഒരുമിക്കുന്ന ചുവടുകൾ…ഒന്നാകുന്ന രാജ്യം” എന്ന ഐക്യഭാരത മുദ്രാവാക്യവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നടത്തുന്ന 5 മാസം നീണ്ടു നിൽക്കുന്ന പദയാത്ര പുരോഗമിക്കുകയാണ്. ഇതിനെ വേണമെങ്കിൽ കോൺഗ്രസിൻ്റെ ലോംഗ് മാർച്ച് എന്നു പറയാം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് കോൺഗ്രസ് നടത്തുന്ന ദീർഘമായ പദയാത്രയാണിത്. രണ്ട് സംസ്ഥാനങ്ങൾ പിന്നിടുമ്പോൾ ഗംഭീരമായ തുടക്കവും തുടർച്ചയുമാണ് ഐക്യഭാരത യാത്രയിൽ കാണുന്നത്.
ഏറെമുമ്പ് ഗാന്ധിജിയുടെ ദണ്ഡിയാത്രയാണ് ഇന്ത്യയ്ക്ക് പ്രചോദനമേകിയ ചരിത്രപരമായ പദയാത്ര. സ്വാതന്ത്ര്യ സമരത്തിന് ജനങ്ങൾ ഗാന്ധിജിയിൽ വിശ്വാസം അർപ്പിച്ചു. അന്ന് 40 കോടി ജനങ്ങളെ ഉണ്ടായിരുന്നുള്ളു, ചില പത്രങ്ങളും റേഡിയോയും മാത്രം വാർത്ത നൽകി. പക്ഷെ പറഞ്ഞ് പറഞ്ഞ് ആ “ഉപ്പ് സത്യാഗ്രഹ യാത്ര” ജനഹൃദയങ്ങളെ ഇളക്കി മറിച്ചു’
രാഹുൽ ഗാന്ധി ഇന്ന് നടത്തുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസ് പ്രവർത്തകർക്കും ജനങ്ങൾക്കും ഉണർവ്വ് നൽകും എന്നത് തീർച്ചയാണ്. രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്ക് ലാളിത്യവും പുതുമയും ഉണ്ട്. വഴിയോരങ്ങളിൽ തടിച്ചു കൂടുന്ന ജനങ്ങൾക്ക് പ്രത്യഭിവാദ്യങ്ങൾ അർപ്പിച്ചും വഴിവക്കിൽ നിന്ന് ഭക്ഷണം കഴിച്ചും കണ്ടയിനറുകളിൽ കിടന്നുറങ്ങിയും മുന്നോട്ടു നീങ്ങുന്ന കോൺഗ്രസ് ജാഥ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
രാഷ്ട്രീയ കാലാവസ്ഥ ഇന്ന് ആകെ മാറി. കോൺഗ്രസിൽ നിന്ന് നേതാക്കൾ കൊഴിഞ്ഞു പോവുന്നു. അവസാനം അത് ഗോവയിലും നാം കണ്ടു. പലയിടത്തും തിരഞ്ഞെടുപ്പിൽ തോൽവി സംഭവിക്കുന്നു. വാർത്താ മാധ്യമങ്ങളും ചാനലുകളും വിവിധ പാർട്ടികളും വിമർശന ബുദ്ധിയോടെ ഈ പര്യടനത്തെ നിരീക്ഷിക്കുന്നു. ഇന്ന് 135 കോടി ജനങ്ങൾ ഇന്ത്യയിലുണ്ട്. അവരുടെ വിശ്വാസം ആർജ്ജിക്കാനുള്ള തിരപ്പുറപ്പാടാണ് രാഹുലും കോൺഗ്രസും നടത്തുന്നത്. മഹാത്മാ ഗാന്ധിയെ പോലെ വ്യക്തി പ്രഭാവമോ, ജനസ്വാധീനമോ രാഹുൽ ഗാന്ധിക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇപ്പോൾ കോൺഗ്രസ്സിൽ ചില സുപ്രധാന മാറ്റങ്ങൾ ദൃശ്യമാണ്. ഗാന്ധി നെഹ്രു കുടുംബത്തിന് പുറത്ത് നിന്നൊരാൾ എ.ഐ.സി.സി പ്രസിഡണ്ടാകണമെന്ന് രാഹുൽ ഗാന്ധി പ്രസ്തവിച്ചത് ശുഭോധർക്കമാണ്. പരിഹാസങ്ങളും ആക്ഷേപങ്ങളും വിമർശനങ്ങളും ആരോപണങ്ങളും കോൺഗ്രസിനെക്കുറിച്ച് ഉണ്ടാവുന്നത് സ്വാഭാവികം മാത്രം.
അംഗുലി പരിമിതമായ അംഗങ്ങൾ മാത്രമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് സഖാവ് എ.കെ ഗോപാലന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു പ്രതിപക്ഷ നേതൃസ്ഥാനം നൽകി. എന്നാൽ പാർലമെൻറിൽ 53 അംഗങ്ങളുള്ള കോൺഗ്രസ്സിന് പ്രതിപക്ഷ നേതൃ സ്ഥാനത്തിനു പോലും ഇന്ന് അർഹത ഇല്ലത്രേ. പ്രതിപക്ഷ പാർട്ടികളെയെല്ലാം ഒരുമിച്ചു കൂട്ടി ബി.ജെ.പിക്ക് ഒരു ബദൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ ഭാഗ്യം.
വൈകി ഉദിച്ച വിവേകമാണെങ്കിലും കോൺഗ്രസ് ജോഡോ യാത്ര സംഘടിപ്പിച്ചത് നന്നായി എന്നാണ് എൻ്റെ പക്ഷം.
പ്രൊഫ.ജി.ബാലചന്ദ്രൻ
