പ്രധാനമന്ത്രി നരേന്ദ്രമോദി മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലുള്ള കൊച്ചു കൊച്ചു പാർട്ടിയെ മോദി അത്ര ഗൗനിക്കുന്നില്ല. ആദ്യമൊക്കെ രാഹുൽ അത്ര കേമനായിരുന്നില്ല. കാര്യഗൗരവമില്ലാത്ത
പക്വതയല്ലാത്തയാളാണ് രാഹുൽ ഗാന്ധിയെന്ന് നരേന്ദ്രമോദിയും ബി.ജെ.പിയും തലങ്ങും വിലങ്ങും പറഞ്ഞു കൊണ്ടിരുന്നു. അതിന് സൈബർ സേനയേയും കൂലിയെഴുത്തുകാരെയും നിയോഗിച്ചു. ബി.ജെ.പിയുടെ മത വർഗ്ഗീയതയെ വിമർശിച്ച ബുദ്ധിജീവികളെയും അക്കാദമിക്ക് പണ്ഡിതന്മാരെയും പല കാരണങ്ങൾ പറഞ്ഞു ജയിലിലടച്ചു. നിയമം കൈയ്യിലെടുത്ത ആൾക്കുട്ടങ്ങൾ ഗോമാംസത്തിന്റെ പേരിൽ അനേകം പേരെ തല്ലിക്കൊന്നു.
ഭാരത ശില്പിയായ ജവഹർലാൽ നെഹ്റുവിനെയും രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയേയും തമസ്ക്കരിക്കാൻ ബി.ജെ.പി ബോധപൂർവ്വം ശ്രമിച്ചു. എന്നാൽ ഇന്ത്യ മുഴുവൻ വേരോട്ടമുള്ള കോൺഗ്രസ്സിനും നെഹ്റുവിന്റെ ഇളം മുറക്കാരനായ രാഹുൽ ഗാന്ധിയ്ക്കും മാത്രമേ ഇന്ത്യയെ മോചിപ്പിക്കാൻ കഴിയൂ എന്ന് ബി.ജെ.പിയും ഇന്ത്യൻ ജനതയും തിരിച്ചറിഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസ്സിൽ സജീവമായതു മുതൽ അദ്ദേഹത്തെ ‘പപ്പു’ എന്ന് വിളിച്ചാക്ഷേപിച്ചു. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യ്ക്കു കഴിഞ്ഞു.
എന്നാൽ മതത്തിനും വർഗ്ഗീയ വിദ്വേഷത്തിനും എതിരായി ജനങ്ങളെ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും പാതയിൽ ഒരുമിപ്പിക്കാൻ ഒരു പുതിയ രാഹുൽ ഗാന്ധി ഉയിർത്തെഴുന്നേറ്റു. ‘ഭാരത് ജോഡോ യാത്ര’യിലൂടെ ഒരു വലിയ ഇമേജ് രാഹുൽ സൃഷ്ടിച്ചു. നാളിതുവരെ ഇന്ത്യ കണ്ടിട്ടില്ലാത്ത ഒരു പദയാത്ര. ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും നടന്നു നീങ്ങിയപ്പോൾ ആ സാഹസത്തിനു മുൻപിൽ ബി.ജെ.പി പതറിപ്പോയി. വെറുപ്പിന്റേതല്ല സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ഇന്ത്യയ്ക്കാവശ്യമെന്ന് രാഹുൽ തെളിയിച്ചു. ഉടനെ ബി.ജെ.പി. രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചു. രാഹുൽ ഗാന്ധിയും അടങ്ങിയിരുന്നില്ല. അവസരം കിട്ടിയപ്പോഴൊക്കെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. നരേന്ദ്രമോദിയ്ക്കെതിരെയുയർന്ന ഒരു പ്രതിയോഗിയാണ് രാഹുൽ എന്നു തിരിച്ചറിവ് ബി.ജെ.പിക്കുണ്ടായി. 2023 ഫെബ്രുവരി ഏഴിന് രാഹുൽ ഗാന്ധിയുയർത്തിയ മോദി- അദാനി ബന്ധത്തെക്കുറിച്ചുള്ള വിമർശനം മോദിയുടെ നെഞ്ചിനു നേരെ തറച്ച അസ്ത്രമായിരുന്നു. അദാനിയുടെ ഷെൽ കമ്പനിയിൽ 20000 കോടി നിക്ഷേപിച്ചതിന്റെ പൊരുളറിയണമെന്ന് രാഹുൽ ചോദ്യമുന്നയിച്ചപ്പോൾ അതിനു നാളിതുവരെ മോദി മറുപടി പറഞ്ഞിട്ടില്ല. ഇനി രാഹുലിനെ ലോക് സഭയിൽ പ്രസംഗിപ്പിക്കില്ല എന്ന് അവർ തീരുമാനിച്ചു. ലണ്ടനിൽ വച്ചു നടത്തിയ പ്രസംഗിച്ചതിന്റെ നിജ സ്ഥിതി വിശദീകരിക്കാൻ ബി.ജെ.പി അംഗങ്ങൾ അനുവദിച്ചില്ല. അദാനി വിഷയത്തിൽ ജനശ്രദ്ധ തിരിച്ചു വിടാൻ രാഹുലിന്റെ പാർലമെന്റംഗത്വം റദ്ദാക്കി. മാത്രമല്ല കർണ്ണാടക കല്ലാറിൽ ഒരു തെരഞ്ഞെടുപ്പു പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ ഗുജറാത്ത് കോടതിയിലും തുടരെത്തുടരെ മറ്റു പന്ത്രണ്ടു കോടതികളിലും കേസുകളെടുപ്പിച്ചു. അപ്പീലുകൾ മുഖ വിലയ്ക്കെടുത്തില്ല.
പ്രതിപക്ഷത്തെ ഏറ്റവും വലിയ നേതാവായ രാഹുൽ ഗാന്ധിയെ ഇങ്ങനെ വളഞ്ഞിട്ടാക്രമിക്കണമെങ്കിൽ അതിനർത്ഥം ബി.ജെ.പി. രാഹുൽ ഗാന്ധിയെ ഭയപ്പെടുന്നു എന്നാണ്. അടുത്ത തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാതിരിക്കാനാണ് അയോഗ്യത കല്പ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി അതിലൊന്നും കുലുങ്ങാതെ മുന്നോട്ട് നീങ്ങുന്നു. തീ കുണ്ഡം പോലെ കത്തിയാളുന്ന, മനുഷ്യരെ കൊല്ലുന്ന മണിപ്പൂരിലേക്ക് രാഹുൽ ഗാന്ധി നീർഭയം കടന്നുചെന്നു. പാവങ്ങൾക്കു ആശ്വാസം പകർന്നു. പാവങ്ങളുടെ ദുരിദാശ്വാസ ക്യാമ്പുകൾ അദ്ദേഹം സന്ദർശിച്ചു. എന്നാൽ നരേന്ദ്ര മോദി പോലും അവിടേയ്ക്ക് പോകാൻ ധൈര്യപ്പെട്ടില്ല. പണ്ട് ബെൽചിയിലെ ദുരിധബാധിത പ്രദേശങ്ങളിൽ ഇന്ദിരാ ഗാന്ധി സന്ദർഷിച്ചതിനെയാണ് രാഹുലിന്റെ മണിപ്പൂർ സന്ദർഷനം ഓർമിപ്പിക്കുന്നത്. പാർലിമെന്റ് അംഗമല്ലെങ്കിലും പദവികളിയിലെങ്കിലും ഇന്ത്യൻ ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യങ്ങൾ.
പ്രൊഫ.ജി.ബാലചന്ദ്രൻ