ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്.
യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ സ്റ്റൈൻ (ട്രോട്സ്ക്കി ) ജനിച്ചത്. സാർ ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ റഷ്യയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന് യുക്രൈൻ.സമ്പന്നരായ ഭൂവുടമകൾ കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തു. അതിനെതിരായ രോഷം കൊച്ചു ട്രോട്സ്ക്കിയിൽ പ്രചോദനമരുളി. യുവാവായ ട്രോട്സ്ക്കി സോഷ്യൽ ഡെമോക്രാറ്റിക്ക് കക്ഷിയിൽ ചേർന്നു. തൊഴിലാളികളെ സംഘടിപ്പിച്ചു. അതിന്റെ പേരിൽ ട്രോട്സ്കിയെ അറസ്റ്റു ചെയ്ത് സൈബീരിയയിലേക്കു നാടു കടത്തി. നാലുവർഷത്തിനു ശേഷം ട്രോട്സ്കി എന്ന പേരുളള ഒരു ജയിലറയുടെ പാസ്സ്പോർട്ടുമായി ബ്രോൺ സ്റ്റൈൻ ഇംഗ്ലണ്ടിലേക്കു കടന്നു. അന്നു മുതൽ ട്രോട്സ്കി എന്ന പേരിലാണ് അറിയപ്പെട്ടത്. ലണ്ടനിലെത്തിയ ട്രോട്സ്ക്കി ലെനിനുമായി പരിചയപ്പെട്ടു. ഇരുവരും “തീപ്പൊരി ” എന്ന പ്രസിദ്ധീകരണത്തിൽ പങ്കാളികളായി. സോഷ്യൽ ഡെമോക്രാറ്റുകൾ പിളർന്ന് മെൻഷെവിക്കും,ബോൾഷെവിക്കും ഉണ്ടായി. അതിൽ ട്രോട്സ്ക്കി മെൻഷെവിക്കിലും ലെനിൻ ബോൾഷെവിക്കിലുമാണ് നിലയുറപ്പിച്ചത്. 1905 ൽ റഷ്യയിലുണ്ടായ ബ്ലഡി സൺഡേ എന്നറിയപ്പെട്ട കുട്ടക്കൊലയും പണി മുടക്കും വിപ്ലവത്തിലേക്കു വഴി മരുന്നിട്ടു. ട്രോട്സ്ക്കി റഷ്യയിൽ സെന്റ് പീറ്റേഴ്സ് ബർഗ്ഗിലെത്തി. ഒരു വിപ്ലവ സോവിയറ്റ് കൗൺസിൽ രുപീകരിച്ചു. അദ്ദേഹത്തെ സോവിയറ്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സോവിയറ്റിന്നർത്ഥം ‘തൊഴിലാളി സഭ’ എന്നാണ്. ഈ സൈനിക സഭകൾ 1917 ലെ റഷ്യൻ വിപ്ലവത്തിന്റെ ശക്തികേന്ദ്രങ്ങളായി. വിപ്ലവത്തെ സാർ ഭരണകൂടം അടിച്ചമർത്തി. ട്രോട്സ്കിയെ വീണ്ടും നാടു കടത്തി. അദ്ദേഹം രക്ഷപ്പെട്ട് വിയന്നായിലെത്തി. പ്രവ്ദ (സത്യം) യുടെ പത്രാധിപരായി. ഏഴു വർഷം കഴിഞ്ഞ് അദ്ദേഹം ജർമ്മനിയിലെത്തി. ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ട്രോട്സ്ക്കി അതിനെതിരായി പ്രതികരിച്ചതിന് ജർമ്മനിയിൽ തടവുകാരനാക്കപ്പെട്ടു. പിന്നീട് പല രാജ്യങ്ങളിൽ എത്തിയെങ്കിലും അവിടെയൊക്കെ അനഭിമതനായിരുന്നു 1917 ലെ റഷ്യൻ വിപ്ലവത്തെത്തുടർന്ന് ലെനിൻ അധികാരത്തിലേക്ക് വന്നു. 1924 ൽ ലെനിൽ അന്തരിച്ചപ്പോൾ നേതൃസ്ഥാനത്തേയ്ക്കു ട്രോട്സ്കിയുടേയും സ്റ്റാലിന്റേയും പേരുകൾ ഉയർന്നു വന്നു. ലെനിൻ സ്റ്റാലിനെ തന്റെ പിൻഗാമിയാക്കാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ സ്റ്റാലിൻ ബോൾഷെവിക്ക് കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ആധിപത്യമുറപ്പിച്ചു. സ്ഥിരം വിപ്ലവമെന്നതായിരുന്നു ട്രോട്സ്ക്കിയുടെ ആശയം. സ്റ്റാലിന്റെ ഏകാധിപത്യത്തിനെതിരെ ട്രോട്സ്ക്കി കരു നീക്കങ്ങളാരംഭിച്ചപ്പോൾ ട്രോട്സ്കി സ്റ്റാലിന്റെ കണ്ണിലെ കരടായിത്തിർന്നു. മുഖ്യ ശത്രു എന്ന നിലയിൽ ട്രോട്സ്ക്കിയെ നാട്ടിൽ നിന്നോടിച്ചു. പിന്നെ സ്റ്റാലിന്റെ തേർവാഴ്ചയും നരഹത്യയുമായി. ചോദ്യം ചെയ്യാൻ ആരുമില്ലാതായി.
ട്രോട്സ്ക്കി വേട്ടയാടപ്പെട്ട്, അഭയാർത്ഥിയായി പല നാടുകളിൽ അലഞ്ഞു തിരിഞ്ഞു. ഓരോ രാജ്യവും ആ വിപ്ലവകാരിയെ പുറത്താക്കി. റഷ്യയിൽ സ്റ്റാലിന്റെ ഉന്മൂലന പ്രക്രിയ നടമാടി . റഷ്യയിലുണ്ടായിരുന്ന ട്രോട്സ്ക്കിയിസ്റ്റുകളായവരെ മുഴുവൻ നിഷ്ഠൂരം വധിച്ചു. സംശയമുളളവരെ മുഴുവൻ സ്റ്റാലിൻ സൂത്രത്തിൽ കൊന്നൊടുക്കി. ഒരു പാർട്ടി യോഗത്തിൽ സ്റ്റാലിനും ലെനിൻഗ്രാഡ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്ന റെക്കോവും പ്രസംഗിക്കാനുണ്ടായിരുന്നു. ഇരുവരും പ്രസംഗിച്ചു കഴിഞ്ഞപ്പോഴുണ്ടായ കൈയ്യടി സ്റ്റാലിൻ ശ്രദ്ധിച്ചു. തനിക്കു കിട്ടിയതിനേക്കാൾ മികച്ച കൈയ്യടി റെക്കേവിനു കിട്ടി. അന്നു രാത്രി ദുരൂഹ സാഹചര്യത്തിൽ റെക്കോവ് കൊലചെയ്യപ്പെട്ടു. അതിന്റെ ഉത്തരവാദിത്വം തന്റെ ശതുക്കളിൽ കെട്ടിവച്ച് അവരെയും വധിച്ചു.
1937 ൽ ട്രോട്സ്കിയുടെ അഭാവത്തിൽ ട്രോട്സ്കിയെ വധശിക്ഷയ്ക്കു വിധിച്ചു. മെക്സിക്കോയിൻ സ്വവസതിയിൽ കഴിഞ്ഞിരുന്ന ട്രോട്സ്കിയെ സ്പെയിൽ കാരനായ സ്റ്റാലിന്റെ ഒരു കിങ്കരൻ മഞ്ഞു കോടാലി കൊണ്ട് അടിച്ചു കൊന്നു. മെറ്റൽ ഡിറ്റക്ടറിൽ പോലും തെളിയാതിരിക്കാനാണ് മഞ്ഞു മഴു ഉപയോഗിച്ചത്.
ട്രോട്‌സിയ്ക്ക് ഒട്ടനവധി ആരാധകരുണ്ടായിരുന്നു. ടെററിസം ആന്റ് കമ്മ്യൂണിസം , ഏ ഹിസ്റ്ററി ഓഫ് റഷ്യൻ റവലൂഷൻ, ലെനിൻ തുടങ്ങി അനേകം കൃതികൾ ട്രോട്സ്ക്കി രചിച്ചു.
വിപ്ലവം അതിന്റെ കുഞ്ഞിനെ വേട്ടയാടി വധിച്ച കഥയാണ് റഷ്യൻ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ ട്രോട്സ്കിയുടേത്. റഷ്യൻ ചരിത്രത്തിലെ രക്തപങ്കിലമായ ചിത്രത്തിലെ ദുരന്ത നായകനാണ് ട്രോട്സ്കി .
ലെനിന്റെ കാലത്തുണ്ടായ ലഹളകളെ അടിച്ചെതുക്കിയത് ട്രോട്സ്കിയുടെ ചെമ്പടയായിരുന്നു.
സ്റ്റാലിന് സംശയമുണ്ടായ എല്ലാവരേയും യമപുരിക്കയച്ചു. മയക്കോവ്സ്ക്കി ആത്മഹത്യ ചെയ്തു. എഴുത്തുകാരെ നിശ്ശബ്ദമാക്കി. സ്റ്റാലിന്റെ ഭാര്യ പോലും ആത്മഹത്യ ചെയ്തു. മാനസിക വിഭ്രാന്തിയും മരണ ഭയവും സ്റ്റാലിനെ ഒടുവിൽ അലട്ടി.
1953 മാർച്ച് 1 ന് ഹൃദ്രോഗ ബാധയുണ്ടായ സ്റ്റാലിന് വൈദ്യസഹായം നൽകിയില്ല. സ്റ്റാലിന്റെ കൊടും ക്രൂരത സഹിക്കനാവാതെ സഹ പ്രവർത്തകർ സ്റ്റാലിനെ മരണത്തിനു എറിഞ്ഞു കൊടുത്തതായി ചരിത്രം കുറിക്കുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ