—————————————————-
പിണറായി സർക്കാരിന്റെ രണ്ടാം ഊഴത്തിന്റെ രണ്ടാം വർഷത്തിൽ ജനങ്ങൾ ആകെ കുത്തുപാളയെടുക്കുന്ന ദയനീയ കാഴ്ചയാണ് ബാലഗോപാലിന്റെ ബഡ്ജറ്റ്. സി.എ.ജി റിപ്പോർട്ടനുസരിച്ച് 21797 കോടി രൂപാ നികുതിക്കുടിശ്ശിക സർക്കാരിനു പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും കടമെടുക്കാനാണ് തിടുക്കം. പാവങ്ങൾക്കുള്ള ക്ഷേമത്തിനു ഒരു രൂപാ പോലും കൂട്ടിയില്ലെന്നു മാത്രമല്ല അതു കൊടുക്കുന്നുമില്ല.
പെട്രോളിനും ഡീസലിനും സെസ്, വെള്ളക്കരം, വൈദ്യുതി ചാർജു, മിൽമാ പാലിന്റെ വില എല്ലാം വർദ്ധിപ്പിച്ചു. പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന ബഡ്ജറ്റ്. സാധനങ്ങളുടെ വില കുതിച്ചു കയറി. ഇപ്പോൾ കൊള്ളയടിച്ച സഹകരണ ബാങ്കുകളുടെ പിന്നാലെ നടക്കുകയാണ് കടം വാങ്ങാൻ. കിഫ്ബിയ്ക്കു ഇനിയും പണം കണ്ടെത്തുമെന്നാണ് ധനമന്ത്രി പറയുന്നത്. ജി.എസ്സ്.റ്റി. ചില ഓഫീസുകളിൽ പരിശോധിച്ചപ്പോൾ 471 കോടിയുടെ ക്രമക്കേട് കണ്ടു. 4000 കോടിയുടെ നികുതിക്കുടിശിക പിരിച്ചെടുക്കാൻ ഒരു നടപടിയുമില്ല. ഇതിനൊക്കെ പുറമെ തദ്ദേശ സ്ഥാപനങ്ങൾ 1000 കോടി പിരിച്ചെടുക്കാൻ നിർദേശിച്ചിരിക്കുന്നു. ഭൂമിയുടെ കരം കൂട്ടി. ഭൂമിയുടെ തറവില വർദ്ധിപ്പിച്ചു. ഒരു പൈസ പോലും കുറയ്ക്കുകയില്ലെന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി. നുറുദിന പരിപാടികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
കടക്കെണിയിൽ കൈകാൽ ഇട്ടുടിച്ച് കുഴഞ്ഞു നില്ക്കുമ്പോഴാണ് മുഖ്യ മന്ത്രി മന്ദിരത്തിൽ കന്നുകാലിത്തൊഴുത്തിന് 4240000 രൂപാ, ലിഫ്റ്റിന് 25 ലക്ഷം രൂപാ, ഏഴു കമ്മീഷനുകളെ നിയോഗിച്ചതിന് കോടികൾ , ചിന്തയുടെ വാഴക്കുലയ്ക്കും ശമ്പള കുടിശികയ്ക്ക് താമസത്തിനു ലക്ഷങ്ങൾ.
ലൈഫ് മിഷൻ അഴിമതി കേസിൽ എം.ശിവശങ്കരന്റെമേലുള്ള ഇ.ഡി. കുരുക്ക് മുറുകുകയാണ് സ്വപ്ന സുരേഷിന്റെ അഴിമതി വെളിപ്പെടുത്തലുകൾ ഇനിയും പലരെയും കുടുക്കും. അഴിമതിക്കഥകൾ എത്ര എത്ര? റിസോർട്ടിനെച്ചൊല്ലിയുള്ള ജയരാജന്മാർ പോരു മൂർച്ഛിച്ചിരിക്കുന്നു. മയക്കുമരുന്നു കടത്തും അശ്ലീല ചിത്രം പിടിക്കലും പാർട്ടിക്കുള്ളിൽ കൊടുമ്പിരി കൊണ്ടിരിക്കുന്നു. കുട്ടനാട്ടിൽ പാർട്ടിക്കാർ തമ്മിൽ ഏറ്റുമുട്ടി. CPI കലിപ്പിലാണ്. എല്ലാവരും അസംതൃപ്തർ. നേതാക്കളും മുതലാളിമാരും തിന്നു കൊഴുക്കുന്നു. ക്വാറിക്കും മണൽ മാഫിയയ്ക്കും വഴിവിട്ട് സഹായങ്ങൾ . മോദിമാത്രമല്ല പിണറായിയും വിഴിഞ്ഞത്തിന്റെ പേരിൽ അദാനിക്ക് കോടികൾ കൊടുക്കാൻ പോകുന്നു. പാർട്ടിയിൽ നിന്നു പലരും പൊഴിഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മുഖ്യമന്ത്രിയുടെ അകമ്പടി യാത്ര. വികസനത്തിന്റെ പേരിൽ ധൂർത്ത് മാത്രം. പാർട്ടിക്കാർ തമ്മിലടിച്ച് ചോരയൊഴുക്കുന്നു. വിലക്കയറ്റത്തിന് ഒരു അറുതിയുമില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് 2.5 കോടി രൂപ. മുഖ്യമന്ത്രിയുടെ പിന്നീൽ ഒളിച്ച് അഡീഷണൽ സെക്രട്ടറി രവിന്ദ്രൻ രക്ഷപ്പടാൻ ശ്രമിക്കുന്നു.
സഭയ്ക്ക്കത്തും പുറത്തും പ്രതിപക്ഷ സമരം നടത്തിയിട്ട് ഒരു പ്രയോജനവുമില്ല. ജല പീരങ്കിയും കണ്ണീർ വാതകവും ലാത്തി ചാർജും കൊണ്ട് സമരങ്ങളെ അടിച്ചൊതുക്കുന്നു. മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കാൻ ജനങ്ങളെ പീഡിപ്പിക്കുന്നു.
തെരഞ്ഞെടുപ്പിൽ ജനങ്ങൾ പകരം ചോദിക്കും.
പ്രൊഫ. ജി. ബാലചന്ദ്രൻ