ലഹരിയുടെ കാണാപ്പുറങ്ങൾ

ദൈവത്തിൻ്റെ സ്വന്തം നാട് ലഹരിയുടെയും ആഭിചാരത്തിന്റെയും സ്വന്തം നാടായി അധ:പതിക്കുകയാണ്. ഹെറോയിൻ, ഹഷീഷ്, കൊക്കയിൻ, എൽ.എസ്.ഡി, എം.ഡി.എം.എ., അങ്ങനെ അറിയാവുന്നതും അറിയപ്പെടാത്തതുമായ ലഹരികളുടെ ആറാട്ടാണ് കേരളത്തിൽ. വിദേശങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇവിടേയ്ക്ക് ലഹരിമരുന്നുകളുടെ കുത്തൊഴുക്കാണ്.

കോവിഡിനു ശേഷം ലഹരിയുടെ നടുക്കുന്ന വ്യാപനമാണ് നടക്കുന്നത്. ലഹരിക്കേസുമായി ബന്ധപ്പെട്ടു 345 വിദേശ പൗരന്മാരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. മയക്കുമരുന്നിനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തിന് പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയത് അനുസരിച്ച് 2022ആഗസ്റ്റ് വരെ രജിസ്റ്റർ ചെയ്തത് 16,128 നാർക്കോട്ടിക് കേസുകളാണ്. ഈ വർഷത്തിൽ മാത്രം 17834 പേരെ അറസ്റ്റ് ചെയ്യുകയും 1340 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.

മാരകമായ ലഹരി പദാർത്ഥങ്ങൾ കമ്പോളങ്ങളെ അടക്കി വാഴുന്നു. ലഹരിമൂലം കൊലപാതകങ്ങളും ആത്മഹത്യകളും സ്ത്രീ പീഡനങ്ങളും മോഷണവും നാട്ടിൽ പെരുകിയിട്ടുണ്ട്. ആപ്പിളിനിടയിലും മാമ്പഴത്തിനിടയിലും തിരുകി വച്ചു കോടികളുടെ ലഹരിമരുന്നുകൾ കേരളത്തിലേക്കു കടത്തിക്കൊണ്ടു വരുന്നു. വില്പന മാത്രമല്ല, കൗമാരക്കാരെ കഴിപ്പിക്കാനും പ്രേരിപ്പിക്കുന്നു, പ്രലോഭിപ്പിക്കുന്നു. ആരെ കൊന്നിട്ടായാലും ലഹരിക്കുവേണ്ടി പണമുണ്ടാക്കാൻ ഭ്രാന്തു പിടിച്ചോടുന്ന യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും സാധാരണ കാഴ്ചയാവുന്നു. ഡാൻസ് ജോക്കി (DJ) പാർട്ടികളിൽ ലഹരി ഒരവിഭാജ്യ ഘടകമാണ്.

ലഹരിമരുന്നുകളിൽ ചിലത് സ്റ്റാമ്പു രൂപത്തിലാണ്,ചിലത് ലായനി, ചിലത് തൊട്ടുനക്കിയാൽ മതി. ഇതൊക്കെ മസ്തിഷ്ക്കത്തേയും ഹൃദയത്തേയും തകരാറിലാക്കുന്നു. മയക്കു മരുന്നു മാഫിയാകളുടെ കൈയ്യിൽ നിന്ന് മാസപ്പടി പറ്റുന്ന അധികാരികളെ ആർക്കു നിയന്ത്രിക്കാൻ കഴിയും. അനുദിനം വിശാലമാകുന്നു ലഹരിയുടെ ലോകം. പുത്തൻ ഉല്പന്നങ്ങളും പുത്തൻ മാർഗ്ഗങ്ങളും ലഹരിയുടെ വരവിനും പ്രചാരത്തിനും ഇടയാക്കുന്നു.

ലഹരി ശ്യംഖല ഒരു മഞ്ഞു മല പോലെ ജനസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നു. നർക്കോട്ടിക്ക് കേസുകളുടെ വല മുറുക്കിയിട്ടുണ്ട്. പക്ഷേ അവയുടെ കണ്ണി മുറിച്ച് പ്രതികൾ പുറത്തുചാടി വിരാജിക്കുന്നു. അവർ ഇരയെത്തേടി പുതിയ പുതിയ മേച്ചിൽ സ്ഥലങ്ങളിൽ ഇറങ്ങും. ഇതിന്റെ കാരിയർമാർ അധികവും സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളുമാണ്. ഇവർ മയക്കു മരുന്നിന്റെ വിതരണക്കാർ മാത്രമല്ല, ഈ മരുന്നുകളുടെ അടിമകളുമാണ്.

ജയിലിൽ പോലും ലഹരിക്കച്ചവടം നടക്കുന്നു. ലഹരി വ്യാപനത്തിന്റെ വ്യാപ്തിയുടെ ഭീകരത മനസ്സിലാക്കിയ കേരളാ സർക്കാർ പ്രതിരോധിക്കാൻ യോദ്ധാവ്, വിമുക്തി എന്നീ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പക്ഷേ ലാഭത്തിനു വേണ്ടി മദ്യ വില്പന കൂട്ടാനുള്ള മാർഗ്ഗങ്ങൾ വെറെ തുടങ്ങിട്ടുണ്ട്. ഇതൊക്കെ ഓർക്കുമ്പോൾ ഊറിച്ചിരിക്കാനേ കഴിയുന്നുള്ളു.

ലഹരിയും ദുർമന്ത്രവാദവും ആഭിചാരങ്ങളും ഇവിടെ കൊടികുത്തി വാഴുന്നു. രണ്ട് ഇരകളെ പൈശാചികമായി കൊന്നതു മാത്രമല്ല അവരുടെ മാംസം ഭക്ഷിക്കുകയും ചെയ്ത കശ്മലൻമാരെ വെടിവെച്ചു കൊല്ലണം.

” മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്” എന്ന ശ്രീ നാരായണ ഗുരുവിന്റെ ഉപദേശവും അന്ധവിശ്വാസത്തിന് എതിരായ ഗുരുവിന്റെ ഉത്ബോധനങ്ങളും ഏവരും പാലിക്കണം.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ