വരകളുടെയും വര്‍ണ്ണങ്ങളുടെയും പുതിയ ലോകം സൃഷ്ടിക്കാനാണ് കെ. കരുണാ,കരന്‍ കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയത്. കനല്‍പ്പാതകളിലൂടെ സഞ്ചരിച്ച് ഉന്നതിയുടെ പടവുകള്‍ ചവിട്ടിക്കയറിയ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നേതൃത്വവും ഭരണ സാമര്‍ത്ഥ്യവും അനന്യസാധാരണമാണ്. ചിലര്‍ ജന്മനാ നേതാക്കളായി ജനിക്കുന്നു, വേറെ ചിലരുടെ ശിരസ്സില്‍ നേതൃത്വത്തിന്‍റെ കിരീടം ജനങ്ങള്‍ ചാര്‍ത്തുന്നു. കരുണാകരനില്‍ അതെല്ലാം ഒത്തിണങ്ങിയിരുന്നു. കൊച്ചി, തിരുക്കൊച്ചി, കേരളം എന്നീ മൂന്നു നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. അതൊരപൂര്‍വ്വ സംഭവമാണ്. മാളയില്‍ നിന്ന് എട്ടു പ്രാവശ്യമാണ് ജയിച്ച് എം.എല്‍.എ ആയത്. മാളയുടെ മാണിക്യം എന്നാണ് മാളക്കാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആരോപണങ്ങളുടെ കൂരമ്പെയ്തും ആക്ഷേപങ്ങളുടെ ചെളി വാരിയെറിഞ്ഞും അദ്ദേഹത്തെ നിര്‍വീര്യനാക്കാന്‍ പലരും പലവട്ടം ശ്രമിച്ചു. ഐ.എന്‍.റ്റി.യൂ.സി കെട്ടിപ്പടുക്കുന്നതിനിടയില്‍ എടുത്ത ചില നിലപാടുകളുടെ പേരില്‍ കരിങ്കാലി കരുണാകരന്‍ എന്നു വിളിച്ചാക്ഷേപിച്ചു. ആരോപണശരങ്ങളെ ചിരിച്ചുകൊണ്ടാണദ്ദേഹം നേരിട്ടത്. മുനിസിപ്പല്‍ കൗണ്‍സിലറില്‍ തുടങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്‍റെ കിംഗ് മേക്കർ വരെയായി ലീഡര്‍ ഉയര്‍ന്നു. ഒന്‍പതു പേരുമായി ജയിച്ച് പ്രതിപക്ഷ നേതാവായി. കോണ്‍ഗ്രസ്സ് പിളര്‍പ്പോടെ നാലുപേര്‍ കൂറുമാറി സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ്സായി. പിന്നെയുള്ള അഞ്ചു പേരുമായാണ് അദ്ദേഹം തുഴഞ്ഞുനീങ്ങിയത്. ഇതിനിടയില്‍ എത്രയോ രാഷ്ട്രീയ നാടകങ്ങളും പിളര്‍പ്പുകളും കൂറുമാറ്റങ്ങളുമുണ്ടായി. നെഹ്റു, ഇന്ദിര, രാജീവ് ഗാന്ധി എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു. രാഷ്ട്രീയത്തിലെ ചാണക്യന്‍, ഭീഷ്മാചാര്യന്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ലീഡര്‍ക്ക് ചാര്‍ത്തിക്കിട്ടി.
ഞാന്‍ ആന്‍റണി ഗ്രൂപ്പിലായിരുന്ന കാലത്ത് ലീഡര്‍ക്കെതിരെ പ്രവര്‍ത്തിക്കാനായിരുന്നു ഗ്രൂപ്പു തീരുമാനം. അച്യുത മേനോന്‍ മന്ത്രിസഭയില്‍ ചേരണമെന്ന് കരുണാകരന്‍ ഗ്രൂപ്പും ചേരരുതെന്ന് യുവനേതൃത്വവും രണ്ടു നിലപാടെടുത്തു. മന്ത്രിസഭയില്‍ ചേര്‍ന്ന് ലീഡര്‍ ആഭ്യന്തരമന്ത്രിയായി. മുതിര്‍ന്ന നേതാക്കളെല്ലാം ഒതുങ്ങിപ്പോയി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പിളര്‍ന്നപ്പോള്‍ ഇന്ത്യയിലെ വമ്പന്മാരായ രാഷ്ട്രീയ നേതാക്കളെല്ലാം സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ്സിലായിരുന്നു. ഇന്ദിരാഗാന്ധിയോടൊപ്പം സാധാരണ ജനങ്ങള്‍ അണിനിരന്നു. ആന്‍റണിയും കൂട്ടരും മറുചേരിയിലായി. അതു മുതലാണ് ഞാനടക്കമുള്ള ചെറുപ്പക്കാര്‍ ഇന്ദിരാഗാന്ധിക്കും കരുണാകരനുമൊപ്പം ചേര്‍ന്നത്. തുറന്ന ചിരിയും കണ്ണിറുക്കലും അദ്ദേഹത്തിന്‍റെ മുഖമുദ്രയാണ്. ആശ്രിതവത്സലനായ ലീഡറെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയ സഹപ്രവര്‍ത്തകരോട് അദ്ദേഹം ശാശ്വത ശത്രുത വച്ചുപുലര്‍ത്തിയില്ല. ലീഡറോടൊപ്പം കാറില്‍ സഞ്ചരിച്ചപ്പൊഴൊക്കെ അദ്ദേഹം രാഷ്ട്രീയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പല കാര്യങ്ങളും പങ്കു വച്ചു. കാറിന്‍റെ സ്പീഡും ഭരണത്തിന്‍റെ സ്പീഡും ലീഡര്‍ക്ക് നിര്‍ബന്ധമാണ്. പത്ര പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചത് മുഖ്യമന്ത്രി കെ. കരുണാകരനാണ്. പക്ഷെ അവരാണ് വാര്‍ത്തകള്‍ കൊണ്ടും കാര്‍ട്ടൂണുകള്‍ കൊണ്ടും അദ്ദേഹത്തെ മുറിവേല്‍പ്പിച്ചത്. ലീഡറെപ്പോലെ നര്‍മ്മവും മനുഷ്യത്വവും ഇത്രയേറെ നിറഞ്ഞുനിന്ന മറ്റൊരു നേതാവില്ല. ഐക്യ മുന്നണിയുടെ ശില്‍പ്പിയായ അദ്ദേഹം ഗുരുവായൂര്‍ ഭക്തനാണെങ്കിലും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ലീഡറെ വിശ്വാസത്തിലെടുത്തിരുന്നു. ദലിത് വിഭാഗത്തിന്‍റെ രക്ഷകനായിരുന്നു അദ്ദേഹം.. കല്യാണിക്കുട്ടിയമ്മയുടെ നിര്യാണത്തോടെ അദ്ദേഹത്തിന്‍റെ ചിറകൊടിഞ്ഞു. സ്നേഹമയിയായ ആ അമ്മ വിളമ്പിത്തന്ന ആഹാരം ഞാന്‍ പല പ്രാവശ്യം കഴിച്ചിട്ടുണ്ട്. പള്ളിപ്പുറത്തുവച്ചുണ്ടായ കാറപകടമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ തകര്‍ത്തത്. എന്നാലും മനസ്സ് ക്ഷീണിച്ചിരുന്നില്ല . രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു ശേഷമാണ് ലീഡറുടെ ചാണക്യബുദ്ധി തെളിഞ്ഞത്. കോണ്‍ഗ്രസ്സ് പകച്ചുനില്‍ക്കുന്ന സമയത്ത് നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ ലീഡറാണ് ചരടുവലിച്ചത്. പ്രധാനമന്ത്രിയായതിനുശേഷം റാവുവിന് ലീഡറോടു നീരസം തുടങ്ങി. ലീഡര്‍ പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്നു എന്ന് ആരോ റാവുവിനെ തെറ്റിദ്ധരിപ്പിച്ചതായാണ് ഞാന്‍ ഡല്‍ഹിയില്‍ നിന്നറിഞ്ഞത്. കരുണാകരന്‍ തനിക്ക് ഭീഷണിയായേക്കുമെന്ന് തോന്നിയതോടെ അദ്ദേഹത്തെ ഒതുക്കാന്‍ റാവു അടവുകളെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു കരുണാകരനെ മാറ്റാന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ റാവു ശ്രമിക്കുമെന്ന് ലീഡര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആ ദിവസങ്ങളില്‍ അദ്ദേഹം അനുഭവിച്ച വ്യഥയും ഉത്കണ്ഠയും ഞാന്‍ കണ്ടറിഞ്ഞതാണ്. എല്ലായിടത്തും താന്‍ തഴയപ്പെടുന്നു എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സ് തീച്ചൂളയിലെന്നപോലെ നീറുന്നുണ്ടായിരുന്നു. കരുണാകരന്‍റെ മരണവാര്‍ത്ത വെള്ളിടിപോലെയാണ് കേരള ജനത കേട്ടത്. ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ഞാനും പങ്കെടുത്തിരുന്നു. ലീഡറുടെ ഭൗതിക ശരീരം ഒരു നോക്കു കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും പതിനായിരക്കണക്കിനു ജനങ്ങളാണ് വഴിയോരങ്ങളില്‍ കാത്തുനിന്നത്.നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി ഗോശ്രീപാലം, കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം തുടങ്ങിയവ അദ്ദേഹത്തിന്‍റെ അനശ്വര സ്മാരകങ്ങളായി നിലകൊള്ളുന്നു. നയിക്കപ്പെടുന്നവനല്ല, നയിക്കുന്നവനാണ് നേതാവ് – ലീഡര്‍. അത് അദ്ദേഹം തെളിയിച്ചു.പുത്രനിര്‍വ്വിശേഷമായ വാത്സല്യം ആണ് അദ്ദേഹം എന്നോട് കാണിച്ചിരുന്നത്
പ്രൊഫ ജി ബാലചന്ദ്രൻ