ലോകതത്ത്വ ചിന്തയെ ഇളക്കി പ്രതിഷ്ഠിച്ച മാർക്സും ഏംഗൽസും


മനുഷ്യവംശത്തിൻ്റെ ചരിത്രത്തിൽ പോരാട്ടത്തിൻ്റെ തീപ്പൊരി വിതറിയ തത്വചിന്തകരായിരുന്നു ജർമ്മൻകാരായ മാർക്സും ഏംഗൽസും. അഭിഭാഷകൻ്റെ മകനെങ്കിലും കൊടിയ ദാരിദ്ര്യത്തിൽ പിച്ചവെച്ച മാർക്സും (1818-1883) സമൃദ്ധിയുടെ നിറവിൽ അഭിരമിച്ച ഏംഗൽസും (1820-1895) ബൗദ്ധിക തലത്തിൽ ഒരേ തുവൽപക്ഷികളായി. ബർലിൻ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചുവെങ്കിലും സാമ്പത്തിക പരാധീനത മാർക്സിനെ അന്ത്യനാൾ വരെ വേട്ടയാടി. അവിടെയെല്ലാം “മൂലധനം” നൽകി കൈത്താങ്ങായത് ഏംഗൽസായിരുന്നു.
ഒരു ഫാക്ടറി ഉടമയുടെ മകനായ എംഗൽസ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സ്വന്തം പരുത്തി മില്ലിലെ തൊഴിലാളികളുടെ ദുരവസ്ഥ നേരിൽകണ്ട് അവരുടെ ദുരിതപർവ്വത്തെക്കുറിച്ച് ലേഖനമെഴുതി. കത്തിടപ്പാടുകളിലൂടെ ആശയ വിനിമയം നടത്തിയ ഏംഗൽസ് പാരീസിലെത്തി മാർക്സിനെ കണ്ടു. മാർക്സിൻ്റെ ആശയങ്ങൾ പരിധിവിട്ടപ്പോൾ ഫ്രാൻസ് മാർക്സിനെ പുറത്താക്കി. തുടർന്ന് മാർക്സ് ബ്രസ്സൽസിലെത്തി.
“ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തിന്റെ മേൽ നടത്തുന്ന അടിച്ചമർത്തലിന്റെ ഉപകരണമാണ് ഭരണകൂടം” എന്ന നിഗമനത്തിൽ മാർക്സും ഏംഗൽസും എത്തിച്ചേർന്നു. “എല്ലാവരും അവനവന്റെ കഴിവിനനുസരിച്ച്, ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാൽ മതി.” എന്ന ദർശനങ്ങൾ ദഹിക്കാതെ വന്നപ്പോൾ ബെൽജിയവും ജർമ്മനിയും മാർക്സിന് ഭ്രഷ്ട് കൽപ്പിച്ചു. തുടർന്ന് എംഗൽസിൻ്റെ കൂടെ ഇംഗ്ലണ്ടിലേക്ക്‌ കുടിയേറി. കമ്മ്യൂണിസ്റ്റ് ലീഗിൽ ഇരുവരും അംഗങ്ങളായി. തൊഴിലാളികളുടെ അവകാശ പ്രഖ്യാപനമായ “കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ” 1848 – ൽ അവർ പ്രസിദ്ധീകരിച്ചു. ലണ്ടനിൽ നടന്ന കമ്മ്യൂണിസ്റ്റു ലീഗിന്റെ രണ്ടാം കോൺഗ്രസ്സിൽ സംഘടനയുടെ നിലപാടു വ്യക്തമാക്കാനാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചത്. ആ ചെറു പുസ്തകം വിപ്ലവത്തിന്റെ തീപ്പൊരി വിതറി. പല നാടുകളിലും വിപ്ലവമുണ്ടായി. പാരീസ് കമ്യൂണിൻ്റെ ഭാഗമായി 1871 മാർച്ച് 18 മുതൽ മെയ് 28 വരെ പാരീസ് ഭരണം തൊഴിലാളികളുടെ കൈകളിലായി . വീണ്ടും ജന്മനാടായ ജർമ്മനിയിൽ തിരിച്ചെത്തിയെങ്കിലും മാർക്സിന് ഒളിവിൽ കഴിയേണ്ടിവന്നു. ഏംഗൽസ് സായുധ കലാപത്തിന് അഗ്നി പകർന്നെങ്കിലും ഇരുവർക്കും ജർമ്മനി വിടേണ്ടിവന്നു.
ചരിത്രത്തെ വ്യാഖ്യാനിക്കുകയല്ല മാറ്റിമറിക്കുകയാണ് തത്ത്വചിന്തയുടെ മൗലിക ധർമ്മമെന്ന് മാർക്സ് പ്രഖ്യാപിച്ചു. മാർക്സ് മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ജീർണ്ണതകളെയും , ആന്തരിക വൈരുദ്ധ്യത്തേയുംക്കുറിച്ച് ചരിത്രപരമായ പഠനം നടത്തി. തൊഴിലാളി വർഗത്തിൻ്റെ ദുരിതവൽക്കരണവും, വർഗ സംഘട്ടനവും, ചൂഷണവും മിച്ചമൂല്യവും എല്ലാം പ്രതിപാദിച്ച് ചരിത്രത്തിന് ഭൗതിക വ്യഖ്യാനം നൽകിയ മാർക്സ് ” ദാസ് ക്യാപ്പിറ്റൽ ”(1867) എന്ന വിഖ്യാതമായ കൃതി രചിച്ചു. മാർക്സിന്റെ ചിന്തയുടേയും വീക്ഷണത്തിന്റേയും ആകെത്തുകയാണ് Marxism. തൊഴിലാളിയും മുതലാളിയും തമ്മിലുളള വർഗ്ഗ സമരത്തിൽ അന്തിമ വിജയം തൊഴിലാളികൾക്കായിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. “സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുക ” എന്ന മുദ്രാവാക്യം തന്നെ അതിന്റെ ആധാരശിലയാണ്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം നേടി സോഷ്യലിസം സ്ഥാപിച്ചു കഴിഞ്ഞാൽ ഭരണകുടം പിഴുതെറിയപ്പെടും എന്ന് മാർക്സ് വിശ്വസിച്ചു .
“മൂലധനത്തിന്റെ” (Das Capital) ആദ്യ വാല്യം മാർക്സിന്റെ ജീവിത കാലത്തു തന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. 1857 ലെ ഇന്ത്യൻ വിപ്ലവത്തെ കുറിച്ചു പോലും മാർക്സ് എഴുതി. “നല്ലനാളെ ” എന്ന സ്വപ്നത്തിനു വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഓരോ കൃതിയും. രാഷ്ട്രീയ പ്രവാസിയായ മാർക്സും ഭാര്യ ജെന്നിയും മക്കളും പട്ടിണി കടിച്ചമർത്തിക്കഴിഞ്ഞു. തൊഴിലാളി വർഗം ചൂഷണം ചെയ്യപ്പെടുന്നത് പഠിച്ച് പട്ടിണിയിലായ മാർക്സിനെ കരകയറ്റിയത് ഏംഗൽസാണെന്നത് ചരിത്രത്തിൻ്റെ വിരോധാഭാസമായിരിക്കാം.
മാർക്സിന്റെ മരണാനന്തരം മാർക്സിന്റെ കൃതികളായ “ദി ജർമ്മൻ ഐഡിയോളജി” , തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്നിവ എംഗൽസ് പ്രസിദ്ധീകരിച്ചു. 1883ൽ മാർക്സിൻ്റെ ചരമോപചാരത്തിൽ ഏംഗൽസ് പറഞ്ഞു: ” ഡാർവിൻ ജൈവ പ്രകൃതിയുടെ വികാസ നിയമം കണ്ടുപിച്ചതു പോലെ മാർക്സ് മാനവ ചരിത്രത്തിന്റെ വികാസ നിയമവും കണ്ടുപിടിച്ചു”.
ഏറ്റവും വലിയ സാമൂഹ്യ ചിന്തകനായിരുന്നു മാർക്സ്. മനുഷ്യ ചരിത്രത്തെ ഏറ്റവും കുടുതൽ സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്തു.ക്രിസ്തുമതവും ഇസ്‌ലാം മതവും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മാർക്സിയൻ വീക്ഷണങ്ങളാണ്. മഹാവിപ്ലവങ്ങൾക്ക് വഴിവച്ച മാർക്സിസത്തിൻ്റെ സ്വാധീനവലയത്താൽ തൊഴിലാളികളും ബുദ്ധിജീവികളും ഉള്ളവരും ഇല്ലാത്തവരും ഒരു പോലെ അണിനിരന്നത് അതിൻ്റെ സ്വീകാര്യത കൊണ്ടുതന്നെയാണ്. എഴുത്തുകാർക്കും യുവാക്കൾക്കും ആ സിദ്ധാന്തം ഒരു ഉണർത്തു പാട്ടായി. ലോക ജനതയുടെ പകുതിയിലേറെപ്പേർ അതിന്റെ സ്വാധീനത്തിനു വിധേയരായി. എന്നാൽ മാർക്സിസത്തിൻ്റെ ദുർവ്യാഖ്യാനങ്ങളും അപക്വമായ കാഴ്ചപ്പാടും തെറ്റായ പ്രയോഗങ്ങളും വലിയ രക്തച്ചൊരിച്ചിലുകൾക്കിടയാക്കി. മാതൃകാ സമൂഹം സൃഷിക്കുന്നതിൽ കമ്മ്യൂണിസ്റ്റു പാർട്ടികൾ പരാജയപ്പെട്ടു.കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ പലതും ചീട്ടു കൊട്ടാരം പോലെ തകർന്ന് വീണു . ശരിയായ ലക്ഷ്യത്തിന് രക്തരൂഷിത മാർഗങ്ങൾ സ്വീകരിക്കാമെന്ന മാർക്സിയൻ തത്വം വർഗാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്കു വഴിമാറി .പോളണ്ട്, ഹംഗറി, ചെക്കോസ്ലോവേക്യ എന്നിവിടങ്ങളിൽ റഷ്യ സൈന്യ ശക്തിയിലൂടെ ആധിപത്യമുറപ്പിച്ചത് ഈ സമഗ്രാധിപത്യത്തിൻ്റെ നേർക്കാഴ്ചയായിരുന്നു.
സാമ്പത്തിക ബന്ധങ്ങൾക്ക് മാർക്സ്‌ അമിത പ്രാധാന്യം നൽകിയത് ദോഷമായെന്ന് ഏംഗൻസ് തൻ്റെ അവസാന കാലത്ത് തുറന്നു സമ്മതിച്ചു. മാർക്സിസം പൂർണ്ണമായും ഒരു യൂറോപ്യൻ തത്ത്വചിന്തയായായതിനാൽ മാർക്സിൻ്റെ സിദ്ധാന്തങ്ങൾ പ്രവചനങ്ങൾ മാത്രമായി. യൂറോപ്പിലെ സാമ്പത്തികക്കൊതിയന്മാർക്കെതിരെയാണ് മാർക്സ് ഗർജ്ജിച്ചത്. വ്യവസായിക കേന്ദ്രമായ യൂറോപ്പിൽ മാർക്സ് വിപ്ലവം സ്വപ്നം കണ്ടെങ്കിലും അത് നടന്നത് കാർഷിക രാജ്യമായ റഷ്യയിലാണ്.
വിയോജിപ്പുകൾ ഉണ്ടെങ്കിലും കമ്യൂണിസവും ഗാന്ധിസവും അംബേദ്കറിസവും തമ്മിൽ പൊതുവായ ചില സാദൃശ്യങ്ങളുണ്ട്. എങ്കിലും ഗാന്ധിജിയുടെ മാർഗ്ഗം എത്രയോ പവിത്രമാണ്. ഹിംസയല്ല അഹിംസയാണ് ഇന്ത്യയുടെ മാർഗ്ഗം . പടിഞ്ഞാറൻ തത്വചിന്തകളായ മുതലാളിത്തം, കമ്മ്യൂണിസം എന്നിവയെക്കാളെല്ലാം ശ്രേഷ്ഠം ജനാധിപത്യമാണ്. കമ്മ്യൂണിസത്തിൽ സർവ്വാധിപത്യവും ഏകാധിപത്യവും തലപൊക്കിയതാണ് ചരിത്രത്തിൽ കാണുന്നത്. ജനഹിതത്തിനുസരിച്ച് മാറ്റമുണ്ടാക്കാൻ ജനാധിപത്യത്തിനു കഴിയുന്നു. അത് കൊണ്ട് ഞാൻ ജനാധിപത്യത്തിലും ഗാന്ധിസത്തിലും ഉറച്ചു നില്ക്കുന്നു. സ്നേഹവും ജനാധിപത്യവുമേ നീണാൾ വാഴുകയുള്ളു.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ