കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി പുറപ്പെട്ടു.
വഴിയാത്രയിൽ ഒരു രഥത്തിൽ തിബ്സ് രാജാവ് ചീറിപ്പാഞ്ഞു വന്നു. അദ്ദേഹം പ്രവാചകന്റെ അടുത്തേക്ക് പോകുകയായിരുന്നു തീബ്സ് രാജ്യം വലിയ പ്രതിസന്ധിയിലാണ്. വലിയ ദുരിതവും മഹാമാരിയും ക്ഷാമവും. കൂടാതെ ഒരു ഭീകര സത്വം തീബ്സിലെ വീരന്മാരെ ഒന്നൊന്നായി വിഴുങ്ങുന്നു. അതിന്റെ കാരണമറിയാനും പരിഹാരം തേടാനുമുള്ള ഉത്ക്കണ്ഠയിൽ അദ്ദേഹം ഡൽഫിയിൽ പോയി പ്രവചനം കേൾക്കാനുള്ള യാത്രയിലായിരുന്നു.
വഴിയിലുള്ള യാത്രക്കാരെ ചാട്ടവാർ കൊണ്ട് അടിച്ചോടിച്ചാണ് സാരഥി രഥമോടിച്ചിരുന്നത്. അപ്പോഴാണ് ഈഡിപ്പസ് എതിരേ വന്നത്. അയാൾ വഴിമാറിയില്ല. രഥ ചക്രങ്ങൾ ഇഡിപ്പസിന്റെ പാദങ്ങൾ ചതച്ചരച്ചു കൊണ്ടു പാഞ്ഞു. ഈഡിപ്പസിന് അരിശം കയറി. അയാൾ രഥം തടഞ്ഞ് കുതിരക്കാരനേയും അതിലിരുന്ന മനുഷ്യനേയും വധിച്ചു. അതു തീബ്സിലെ രാജാവായിരുന്നു. പിതാവും മകനും പരസ്പരം തിരിച്ചറിഞ്ഞില്ല.
അതിർത്തിയിൽ നിന്ന് ഒരു ഭീകര സത്വം തീബ്സിലെത്തി ജനങ്ങളെ ഭയവിഹ്വലരാക്കി. സ്പിൻക്സ് എന്ന ഭീകര സത്വത്തിന്റെ രൂപം വിചിത്രമായിരുന്നു സ്ത്രീയുടെ ശിരസ്സ് സിംഹത്തിന്റെ ശരീരം സർപ്പത്തിന്റെ വാൽ കഴുകന്റെ ചിറകുകൾ ഇവയെല്ലാം ചേർന്ന ഭയങ്കര സത്വം . തീബ്സിന്റെ രാജനഗരിക്കടുത്തുള്ള ഫീലിയം പർവ്വതത്തിന്റെ താഴ്‌വരയിൽ കിടന്ന ആ സത്വം തീബ്സിലെ വീരന്മാരോട് ഒരു പിടികിട്ടാ കടംകഥ ചോദിക്കും. ശരിയായ ഉത്തരമല്ലെങ്കിൽ അവരെ തൽക്ഷണം വിഴുങ്ങും അങ്ങനെ പല വീരന്മാരും യമപുരിയിലായി.
സ്പിൻക്സ് ചോദിക്കുന്ന കടങ്കഥ ഇങ്ങനെ: “ഒരേ സ്വരമുള്ളതും പ്രഭാതത്തിൽ നാലു കാലിൽ നടക്കുന്നതും മദ്ധ്യാഹ്നത്തിൽ രണ്ടു കാലിൽ നടക്കുന്നതും പ്രദോഷത്തിൽ മൂന്നുകാലിൽ നടക്കുന്നതുമായ ജീവിയുടെ പേരെന്താണ്?” ഉത്തരം തെറ്റിച്ചാൽ അവരെ സ്പിൻക്സ് വിഴുങ്ങും. അതല്ല ശരിയുത്തരം ആരെങ്കിലും പറഞ്ഞാൽ സ്പിൻക്സ് പർവ്വത മുകളിൽ നിന്ന് താഴേക്കു ചാടി ആത്മഹത്യ ചെയ്യുമെന്നാണ് സ്പിൻക്സിന്റെ വാഗ്ദാനം. ജനങ്ങളെല്ലാം ഭയന്നുവിറച്ചു. അവിടേയ്ക്ക് ഈഡിപ്പസ് യാദ്യച്ഛികമായി കടന്നു വന്നു. സത്വത്തെ നേരിട്ടു സ്പിൻക്സ് ചോദ്യം ആവർത്തിച്ചു. ഈഡിപ്പസ് നിഷ്പ്രയാസം മറുപടി പറഞ്ഞു ” മനുഷ്യൻ “. ഇളം പ്രായത്തിൽ നാലുകാലിൽ ഇഴയുകയും യുവത്വത്തിൽ രണ്ടു കാലിൽ നടക്കുകയും വാർദ്ധക്യത്തിൽ വടിയും കുത്തി മൂന്നു കാലിൽ നടക്കുകയും ചെയ്യുന്ന ഒരേ സ്വരമുള്ള ജീവി മനുഷ്യനാണ്. ശരിയായ ഉത്തരം കേട്ട് സ്പിൻക്സ് പർവ്വത മുകളിൽ നിന്ന് താഴേക്കു ചാടി. ശരീരം ചിന്നിച്ചിതറി.
രാജാവില്ലായിരുന്ന രാജ്യം അരാജകത്വത്തിലായിരുന്നു. അവിടെ മുഖശ്രീയുള്ള ഈഡിപ്പസിനെ കണ്ട് തിബ്സ് ജനത അദ്ദേഹത്തെ രാജാവാക്കാൻ തീരുമാനിച്ചു. സ്പിൻക്സിൽ നിന്ന് തങ്ങളെ മോചിപ്പിച്ച രക്ഷകനാണ് ഈഡിപ്പസ്. അദ്ദേഹത്തെ തീബ്സ് രാജാവായി വാഴിച്ചു. അവിടുത്തെ ആചാരമനുസരിച്ച് പുതുതായി വരുന്ന രാജാവ് വിധവയായ രാജ്ഞിയെ വിവാഹം കഴിക്കണം. അങ്ങനെ വിധിവശാൽ രാജ്ഞിയെ ഈഡിപ്പസ് ,മാതാവാണന്നെന്നറിയാതെ വിവാഹം കഴിച്ചു. പതിമൂന്നു വർഷം അവർ ആനന്ദഭരിതരായി ജീവിച്ചു. അവർക്കു നാലു മക്കളുണ്ടായി. കാലം കഴിഞ്ഞപ്പോൾ സുഭിക്ഷമായിരുന്ന രാജ്യം വല്ലാത്ത ദുരിതത്തിലായി. മഹാമാരി പടർന്നു പിടിച്ചു. അകാല മരണവും രോഗവും. ഈഡിപ്പസ് രാജാവ് തൊടുന്നതെല്ലാം പിഴയ്ക്കുന്നു. അതിനുള്ള കാരണവും പരിഹാരവും തേടി രാജാവും ജനങ്ങളും പ്രവാചകനായ ടൈറോസിയൂസിനെ വരുത്തി. പ്രവാചകൻ പറഞ്ഞു തുടങ്ങി. “പിതാവിനെ വധിച്ച് , മാതാവിനെ കല്യാണം കഴിച്ച ഒരു പാപി ഇവിടെ ജീവിക്കുന്നു. അതാണ് ദുരന്തങ്ങളുടെ കാരണം”…………. ആരാണയാൾ അന്വേഷണമായി. ഒടുവിൽ ഈഡിപ്പസാണെന്നു തെളിഞ്ഞു. ഈഡിപ്പസ് അറിയാതെ ചെയ്യുതു പോയ പാപഭാരത്താൽ ഹൃദയം തകർന്നു. രാജ്ഞി പാപഭാരത്താൽ മുറിയിൽ കയറി ആത്മഹത്യ ചെയ്തു. ഈഡിപ്പസ് മുറിയിൽ നോക്കുമ്പോൾ ഭാര്യയുടെ, അല്ല അമ്മയുടെ ജഡമാണ് കണ്ടത്. ഒട്ടും താമസിച്ചില്ല ഈഡിപ്പസ് രാജ്ഞിയുടെ സാരിയിൽ കുത്തുന്ന ബ്രോച്ച് ( പിൻ ) ഊരിയെടുത്ത് സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. അവശനായ ഈഡിപ്പസിനെ ശുശ്രൂഷിക്കാൻ മകൾ ആന്റിഗണി മാത്രമേ ഉണ്ടായിരുന്നുള്ളു. അധികാരം മോഹിച്ച് കാത്തിരുന്ന രാജ്ഞിയുടെ ബന്ധുക്കൾ അധികാരം കെെക്കലാക്കി. ക്രയോൺ രാജാവായി.
ഒടുവിൽ ഈഡിപ്പസ് മരിച്ചു. ആ ഭൗതിക ശരീരം സംസ്കരിക്കാൻ പോലും രാജാവ് അനുവദിച്ചില്ല. ആന്റിഗണി മാത്രം കാവലായി ഉണ്ടായിരുന്നു. ദീർഘ നാളുകൾക്കു ശേഷം മൃതശരീരം സംസ്കരിച്ചത് ഗ്രീക്ക് വീരനായ തേസിയൂസാണ്.
ഇങ്ങനെയൊരു ജീവിതവും ഭയാനക അന്ത്യവും ലോകത്തിലെ ഏറ്റവും വലിയ ട്രാജഡിയുടെ ബാക്കി പത്രമാണ്.
(വിശ്വവിഖ്യാതനായ സോഫോക്ലീസ് ഈഡിപ്പസ് രാജാവ് (OEDIPUS REX) എന്ന പേരിൽ ലോകോത്തരമായ നാടകം എഴുതിയുട്ടുണ്ട്. കാലം ബി.സി. 400 ഈ ട്രാജഡി നാടകത്തെ ഉപജീവിച്ച് നുറുകണക്കിനു ഗ്രന്ഥങ്ങൾ ലോക ഭാഷകളിൽ ഉണ്ടായിട്ടുണ്ട്.)
പ്രൊഫ.ജി.ബാലചന്ദ്രൻ