“ഒരുമിപ്പിക്കും ഭാരതം വിജയിക്കും ഇന്ത്യ” എന്ന മുദ്രാവാക്യവുമായി 2024 ലെ തെരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി പടക്കളത്തിലിറങ്ങാൻ ഇന്ത്യാ മുന്നണിയുടെ മൂന്നാം സമ്മേളനം തീരുമാനിച്ചു. അതിന് 14 അംഗ കോ ഓർഡിനേഷൻ കമ്മിറ്റിയേയും നിശ്ചയിച്ചു. ഇന്ത്യൻ ജന സംഖ്യയിൽ 60% ജനങ്ങളുടെ മുന്നണിയാണ് INDIA യുടെതെന്ന് അവകാശപ്പെടുന്നു. കൂടിയാലോചനകളിലൂടെ തുടർ നടപടികൾ തീരുമാനിക്കുമെന്നു പ്രസ്താവിച്ചാണ് യോഗം പിരിഞ്ഞത്. ഇഞ്ചി പക്ഷവും കൊഞ്ചു പക്ഷവുമായി നില്ക്കുന്ന പാർട്ടികൾ കഴിയുന്നിടത്തൊക്കെ പൊതു സ്ഥാനാർത്ഥികളെ നേരത്തേ കൂട്ടി കണ്ടെത്താനും നിശ്ചയിച്ചു. സോണിയായും രാഹുൽ ഗാന്ധിയും കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു നിന്നു . കോൺഗ്രസ്സിൽ നിന്ന് KC വേണുഗോപാൽ മാത്രം. BJP ഒരു മുഴം നീട്ടിയെറിഞ്ഞ് അങ്കത്തട്ടിലിറങ്ങി. ‘ഒരിന്ത്യ ഒരു തെരഞ്ഞെടുപ്പ് ‘ എന്ന ആശയം പ്രാവർത്തികമാക്കാൻ അവർ കമ്മിറ്റികൾ രൂപീകരിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പു നേരത്തേയാക്കാനും ലോക് സഭ – അസംബ്ലി തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്താനും സാദ്ധ്യതയുണ്ടെന്നു പറയപ്പെടുന്നു. കോമൺ സിവിൽ കോഡ് ബി.ജെ.പി പ്രഖ്യാപിച്ചു കഴിഞ്ഞു. മുൻ തെരഞ്ഞെടുപ്പുകളിലൊന്നും ഇങ്ങനെ രണ്ടു മുന്നണികൾ രൂപപ്പെട്ടിരുന്നില്ല. ഇന്ത്യാ മുന്നണിയിലുള്ള പാർട്ടി നേതാക്കൾക്കെല്ലാം സ്വപ്നങ്ങളുണ്ട്. പ്രാദേശിക താത്പര്യങ്ങളുണ്ട്. എത്ര ഏച്ചുകെട്ടിയാലും ആ മുന്നണിയിൽ വിള്ളലുണ്ടാകുമെന്നും ആ വിടവിലൂടെ മുന്നണിയിൽ പിളർപ്പുണ്ടാക്കാനാവുമെന്നും ബി.ജെ.പി കണക്കു കൂട്ടുന്നു. ഓരോ ചുവടിലും ഹിന്ദുത്വ അജന്റാ നടപ്പിലാക്കാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. മോദി-അദാനി ബന്ധം തളിപ്പറയാനോ അദാനിക്കെതിരെ ചെറുവിരൽ അനക്കാൻപോലുമോ മോദി തയ്യാറായിട്ടില്ല. പ്രധാനമന്ത്രി മോദിയുടെ വ്യക്തി പ്രഭാവവും നേതൃത്വപാടവവും എതിരാളികൾ പോലും സമ്മതിക്കുന്നതാണ്. കൂടാതെ അമിത് ഷാ , രാജ്നാഥ് സിംഗ് എന്നിവരും ടീമിൽ ഉണ്ട്. ഇതിനൊക്കെ പുറമെ ഭരണത്തിന്റെ സ്വാധീനവും ആർ.എസ്.എസ്സിന്റെ സംഘടനാ ബലവും ബി.ജെ.പിയ്ക്കു മുതൽക്കൂട്ടാണ്. അടുത്ത സ്വാതന്ത്ര്യ ദിനത്തിലും ചെങ്കോട്ടയിൽ താൻ തന്നെ പതാക ഉയർത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകം മുഴുവൻ ഉറ്റു നോക്കുന്ന 2024 ലെ തെരഞ്ഞെടുപ്പിന്റെ പ്രസക്തി ഏറെയാണ്. ഇരു മുന്നണികളുടേയും അടവുകളും തന്ത്രങ്ങളും ഓരോ നാൾ കഴിയുന്തോറും പുറത്തെടുത്തു തുടങ്ങി. ഇരു മുന്നണികളുടേയും നിലനില്പിന്റെ പ്രശ്നമാണ് ഈ തെരഞ്ഞെടുപ്പ്. അടുത്ത ദിവസങ്ങളിൽ പാർലിമെന്റ് സമ്മേളനം അഞ്ച് ദിവസത്തേക്ക് കൂടാൻ തീരുമാനിച്ചിട്ടുണ്ട്. ഏതൊക്കെ ബില്ലുകൾ പാസ്സാക്കുമെന്നു കണ്ടറിയണം. എം.പി.മാർ തകൃതിയായി ഗ്രൂപ്പു ഫോട്ടോ എടുത്തു തുടങ്ങി. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്തു പ്രയോഗിക്കാനിരിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഒരു കുരുക്ഷേത്ര യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കും,തീർച്ച. എല്ലാവർക്കും ഉല്ക്കണ്ഠയും പ്രതീക്ഷയുമാണ്. കേന്ദ്ര സർക്കാർ പാചക വാതകത്തിനു വിലകുറച്ചിരിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും കർഷക പ്രശ്നവും മണിപ്പൂർ കലാപവും പക്കിസ്ഥാന്റേയും ചൈനയുടേയും അധിനിവേശവും പാവം ജനങ്ങളിൽ അസംതൃപ്‌തിയും ഭീതിയും പടർത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണ സാരഥ്യം ആർക്കായിരിക്കും?
പ്രൊഫ.ജി.ബാലചന്ദ്രൻ