അദ്ദേഹം എനിക്ക് ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു. ഞാനുമായുളള ബന്ധത്തിന്റെ ഓർമ്മകൾ ഉയർന്നു വരുന്നു. ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാൻ വരുമ്പോൾ വക്കം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായിരുന്നു. ഞാൻ കോളേജ് യൂണിയൻ ചെയർമാനായപ്പോൾ എന്നെ മർദ്ദിക്കാൻ കുറച്ചു CITU ഗുണ്ടകൾ വന്നു. രക്ഷയില്ലാതെ വന്നപ്പോൾ ഞാൻ YWCA യിൽ അഭയം തേടി. അവിടെ ഇരുന്നപ്പോഴാണ് അദ്ദേഹം വള്ളക്കടവിൽ നിന്ന് കുറച്ചേറെപ്പേരെ വരുത്തി ഞങ്ങളെ രക്ഷിച്ചത്.
പിന്നെ അദ്ദേഹവുമായി അടുത്തിടപഴകുന്നത് അദ്ദേഹം സ്പീക്കർ പദം രാജിവച്ച് ആലപ്പുഴ ലോക് സഭയിലേക്കു മത്സരിക്കാനെത്തിയപ്പോഴാണ്. വന്നിറങ്ങിയപ്പോൾ മുതൽ അദ്ദേഹത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ ആലപ്പുഴയിൽ നിറഞ്ഞു. രണ്ടു പ്രാവശ്യം അദ്ദേഹം ജയിച്ചു. PAC ചെയർമാൻ ഉൾപ്പെടെയുള്ള പല സ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചു. മൂന്നാം പ്രാവശ്യവും അദ്ദേഹം പുഷ്പം പോലെ ജയിച്ചു കയറുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ അതിനിടയിലുണ്ടായ രാജീവ് ഗാന്ധിയുടെ അപമൃത്യു കാരണം ഇലക്ഷൻ മാറ്റിവച്ചു. കോൺഗ്രസ്കാർ എല്ലാം തളർന്നു പോയി. അതു കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. വക്കം മാത്രമല്ല, ചേർത്തല നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച വയലാർ രവി യും തോറ്റു. ആലപ്പുഴയ്ക്ക് കുറച്ചേറെ നേട്ടങ്ങൾ അദ്ദേഹം ഉണ്ടാക്കിത്തന്നു. എറണാകുളം മുതൽ ആലപ്പുഴ വരെയുളള റെയിൽവേ യാഥാർത്ഥ്യമാക്കി. ആലപ്പുഴ തുറമുഖത്ത് അരിയുമായി വന്ന ഒരു കപ്പലടുപ്പിച്ചു. അന്ന് ഞങ്ങൾക്ക് അതൊരു ഉത്സവമായിരുന്നു. കുട്ടനാട്ടിൽ മുരിക്കന്റെ കായൽ നിലം വീതിച്ചുകൊടുത്തു. ഇപ്പോൾ അവിടെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ കൃഷി നടത്തുന്നു.
ഞാൻ ആറ്റിങ്ങലിൽ ലോക് സഭാ സ്ഥാനാർത്ഥിയായി വന്നപ്പോൾ അദ്ദേഹം ചെയ്തു തന്ന സഹായങ്ങൾക്ക് കണക്കില്ല.
ശ്രീ വക്കത്തിന് സ്നേഹാദരങ്ങൾ.
പ്രൊഫ.ജി.ബാലചന്ദ്രൻ