വന്ദേ മാതരം ഗാനത്തിന് 140 വയസ്സ്-ബങ്കിം ചന്ദ്ര ചാറ്റർജി-

ദേശാഭിമാനത്തെയും സ്വാതന്ത്ര്യബോധത്തേയും തട്ടിയുണർത്തി ജനങ്ങളെ കർമ്മ രംഗത്തേക്ക് ആനയിച്ച ഒരു മഹാ മന്ത്രമാണ് “വന്ദേ മാതരം” എന്ന ഗാനം . സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ച മറ്റൊരു ഗാനവും ഉണ്ടായിട്ടില്ലെന്നതാണ് ചരിത്ര സത്യം. നൂറ്റിനാല്പത് വർഷം കഴിഞ്ഞിട്ടും ഇന്നും “വന്ദേ മാതരം” ഇന്ത്യൻ മനസ്സിൽ കത്തിനിൽക്കുന്നു. വന്ദേ മാതരം ഉച്ചരിക്കുന്നത് പോലും കുറ്റകരമായി ബ്രിട്ടീഷ് അധികാരികൾ പ്രഖ്യാപിച്ചു. ഈ ഗാനം ജനഹൃദയങ്ങളിലുണ്ടാക്കിയ മാസ്മരിക ശക്തി അപാരമായിരുന്നു. ദേശസ്നേഹികളെ ജയിലിൽ അടച്ചെങ്കിലും വന്ദേ മാതരത്തെ പ്രതിരോധിക്കാൻ സാമ്രാജ്യത്വ ശക്തികൾക്കോ ആയുധങ്ങൾക്കോ കഴിഞ്ഞില്ല. ദേശാഭിമാനികളെ മർദ്ദിക്കുകയും ജയിലിലടക്കുകയും ചെയ്തപ്പോൾ

ആവേശത്തിന്റെ പോർവിളിയായി വന്ദേ മാതരം ഉച്ചത്തിൽ മുഴക്കിക്കൊണ്ടിരുന്നു. ആ ഗാനത്തിന്റെ പ്രസക്തിയും വികാരോഷ്മളതയും താളവും എന്നും ജനഹൃദയങ്ങളിൽ തുടികൊട്ടി നിന്നു.

ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചാറ്റർജിയാണ് വന്ദേ മാതരത്തിന്റെ കർത്താവ് 1838 ജൂൺ 2 നാണ് ബങ്കിം ബംഗാളിലെ മിദ്നാപുരിൽ ജനിച്ചത്. പഠനത്തിൽ മിടു മിടുക്കനായിരുന്നു. ബംഗാളി അക്ഷരമാല ഒറ്റ ദിവസം കൊണ്ട് പഠിച്ചു. കല്ക്കട്ട സർവ്വകലാശാലയിലെ ആദ്യത്തെ ബിരുധദാരികളിൽ ഒരാളായിരുന്നു അദ്ദേഹം. മജിസ്ട്രേറ്റായും ഡെപ്യൂട്ടി കളക്ടറായും ബങ്കിം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്തുത്യർഹമായ സേവനത്തിന് റായിബഹദൂർ സ്ഥാനം നൽകി ആദരിച്ചു. ഔദ്യോഗിക ജീവിതത്തിനിടയിൽ അദ്ദേഹത്തിന്റെ സാഹിത്യ സപര്യ അനുസ്യൂതം തുടർന്നു. ബംഗാളി ഭാഷയിൽ നോവലുകൾ ആദ്യമായി എഴുതിയത് ബങ്കിം ആയിരുന്നു. ദേശസ്നേഹത്തെ ഒരു മതമായി കണാൻ തന്റെ കൃതികളിലൂടെ ബങ്കിം ശ്രമിച്ചു. സമുദായ പരിഷ്കരണത്തിനും ദേശീയോത്ഗ്രഥനത്തിനും ഇന്ത്യയുടെ മോചനത്തിനും ഉത്തേജനം നല്കാനാണ് ബങ്കിം ചന്ദ്ര ചാറ്റർജി ശ്രമിച്ചത്. പല നോവലുകൾ ബങ്കിം എഴുതീട്ടുട്ടെങ്കിലും “ആനന്ദ മഠം ” എന്ന നോവലാണ് അദ്ദേഹത്തിന്റെ വിഖ്യാത കൃതി. അതിലാണ് “വന്ദേ മാതരം” ഗാനം ഉൾപ്പെടുത്തിയിട്ടുള്ളത്. പ്ളാസി യുദ്ധത്തേത്തുടർന്നുണ്ടായ ക്ഷാമവും അന്നത്തെ ദുർഭരണവുമാണ് പശ്ചാത്തലം. ബ്രിട്ടിഷൂകാരുടെ ഭരണം ആരംഭിച്ചിരുന്നെങ്കിലും മുഗളന്മാരുടെ ഭരണം അവസാനിച്ചിരുന്നില്ല. ക്ഷാമത്തിന്റെയും കൊള്ളയുടെയും അരാജകത്ത്വത്തിന്റെയും ഉത്തരവാദിത്വം മുഗളന്മാർക്കാണെന്നു കരുതിയ സന്യാസിമാർ കുടുംബത്തേയും സുഖ ജീവിതത്തെയും ഉപേക്ഷിച്ച് വനാന്തരങ്ങൾ അവരുടെ പ്രവർത്തന മേഖലയാക്കി. മാതൃഭൂമിയെ വിദേശീയാധിപത്യത്തിൽ നിന്നും മോചിപ്പിക്കുവാൻ രണ്ടും കല്പിച്ചിറങ്ങി. “ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരിയസി” (മാതാവും മാതൃഭൂമിയുമാണ് സ്വർഗത്തേക്കാൾ ശ്രേഷ്ഠം )എന്നതായിരുന്നു അവരുടെ പ്രമാണം. ആനന്ദ മഠത്തിലെ ‘പ്രധാന കഥാപാത്രമായ ഭവാനന്ദൻ നടത്തുന്ന മാതൃഭൂമി സ്തുതിയാണ് “വന്ദേ മാതരം” ഗാനം . ഭവാനന്ദൻ കണ്ണീർ വാർത്തുകൊണ്ടാണ് ഈ ഗാനം ആലപിക്കുന്നത്. സമസ്ത ഗുണങ്ങളുടെയും സമ്പൂർണ്ണത നിറഞ്ഞ ഭൂമിയായിട്ടാണ് ഭാരതത്തെ ബങ്കിം ചിത്രീകരിച്ചത്.

ബ്രിട്ടീഷുകാരുടെയും മുഗളന്മാരുടെയും ” ഭരണാധിപത്യത്തിന് എതിരെയുള്ള മുദ്രവാക്യമായിരുന്നു “വന്ദേ മാതരം” ഗാനം . ജനങ്ങളാകമാനം അത് ഏറ്റു പാടി. അത് കണാൻ ഗ്രന്ഥകർത്താവ് ജീവിച്ചിരുന്നില്ല 56-ാമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. അദ്ദേഹത്തിന്റെ അദൃശ്യശക്തി കൊണ്ട് ദേശീയ പ്രസ്ഥാനത്തിൽ ആവേശം പടർന്നു കൊണ്ടിരുന്നു. ബംഗാൾ വിഭജനത്തിന് എതിരായുള്ള പ്രക്ഷോഭത്തിന് ആ ഗാനം ചൂരും ചൂടും ശക്തിയും വ്യാപ്തിയും വർദ്ധിപ്പിച്ചു. ഉണരുവിൻ , യോജിക്കുവിൻ, ഭാരത മാതാവിനെ വന്ദിക്കുവിൻ എന്ന ശബ്ദം മാറ്റൊലിക്കൊണ്ടു . ബംഗാൾ വിഭജനം സൃഷ്ടിച്ച ബഹുജനരോഷം കൊടുങ്കാറ്റായി. വന്ദേ മാതരം ആലപിച്ചുകൊണ്ടാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. “വന്ദേ മാതരം” എന്ന് പറയുന്നത് പോലും വെള്ളക്കാർ നിരോധിച്ചു. സി.ആർ. ദാസിന്റെ നേത്യത്വത്തിൽ വന്ദേ മാതരം ആലപിച്ചുകൊണ്ടാണ് സമര ജാഥ നിങ്ങിയത്. നിയമ ലംഘനത്തിന്റെ പേരിൽ നിരവധി സമര നായകരെ ക്രൂരമായി മർദ്ദിക്കുകയും തടവിലിടുകയും ചെയ്തു. ഇതുകൊണ്ടൊന്നും ജനാവേശം കെട്ടടങ്ങിയില്ല. വന്ദേ മാതര ശബ്ദം കൊണ്ട് രാഷ്ട്രീയ മണ്ഡലം മുഖരിതമായി. നേതാക്കളെക്കാൾ മാസ്മരിക ശക്തി “വന്ദേ മാതരം” ഗാനത്തിനുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം ആരംഭിക്കുന്നതു പോലും വന്ദേ മാതരം ഗാനത്തോടുകൂടിയാണ്. ജനങ്ങളും നേതാക്കളും ആ ഗാനത്തിന്റെ ആവേശത്തുടിപ്പിൽ ഉയർന്നുണർന്നു. ഭഗത് സിംഗ് കൊലമരത്തിലേക്ക് പോകുമ്പോൾ പോലും “വന്ദേ മാതരം” ഗാനം ആലപിച്ചിരുന്നത്രേ.

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കീർത്തി ഉച്ചകോടിയിയെത്തിയപ്പോൾ അദ്ദേഹത്തിന് ഒരു ഗംഭീര സ്വീകരണം നൽകി. അന്ന് 23 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന രവീന്ദ്രനാഥ ടാഗോറും പങ്കെടുത്തിരുന്നു. ബങ്കിം തനിക്കു കിട്ടിയ പുഷ്പഹാരം എടുത്ത് ടാഗോറിന്റെ കഴുത്തിലണിയിച്ചു. ഈ സംഭവത്തിലൂടെ ടാഗോറാണ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ അനന്തരഗാമി എന്ന് ബോദ്ധ്യമായി.

ഇന്ത്യൻ സംസ്കാരത്തിന്റെ വിവിധ വശങ്ങൾ ജനങ്ങൾക്ക് അദ്ദേഹം പരിചയപ്പെടുത്തി.അതോടൊപ്പം തന്നെ പാശ്ചാത്യ സംസ്കാരത്തിന്റെ നല്ല വശങ്ങൾ സ്വായത്തമാക്കണമെന്ന് ബങ്കിം ഉപദേശിച്ചു.

കല്ക്കട്ടയിൽ നിന്നും എതാനും കിലോമീറ്റർ മാത്രം അകലെയുള്ള നയ്ഹത്തി സ്റ്റേഷനടുള്ള ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വസതി ഇപ്പോൾ “ബങ്കിം മ്യൂസിയം” ആണ്. ഒരു ജനതയെ ആകമാനം ആവേശം കൊള്ളിച്ച ബങ്കിമിന്റെ തൂലികയും ഗ്രന്ഥശേഖരവും കത്തുകളും അവിടെ സൂക്ഷിച്ചിട്ടുണ്ട്.

“വന്ദേ മാതരം”ഗാനം ജനഹൃദയങ്ങളിൽ വികാരമുദ്ര പതിപിച്ചു. രാജ്യസ്നേഹത്തിന്റെ രക്തവും ത്യാഗവും കൊണ്ടാണ് ആ ദേശഗീതം ജനിച്ചത്. അതിന്റെ ആവേശം,140 വർഷം കഴിഞ്ഞിട്ടും, ഇന്നും അഭംഗുരം തുടരുന്നു.

പ്രൊഫ.ജി. ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ