ജനഹൃദയങ്ങളിൽ കൈയ്യൊപ്പു പതിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ നിര്യാണം കേരള ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തി. ആ ദുഃഖം ആറും മുൻപേ മാർക്സിസ്റ്റു പാർട്ടി പുതുപ്പള്ളി മണ്ഡലം ഉന്നം വച്ച് ഒരു മുഴംകൂട്ടി എറിഞ്ഞിരിക്കുന്നു. അവർ അവിടെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
അരനൂറ്റാണ്ടു കാലം ഉമ്മൻ ചാണ്ടിയുടെ ഉള്ളം കൈയ്യിലിരുന്ന പുതുപ്പള്ളി തിരിച്ചു പിടിക്കാനുള്ള മാർക്സിസ്റ്റു പാർട്ടിയുടെ തന്ത്രങ്ങൾ യൂ.ഡി.എഫ് തിരിച്ചറിയണം. ദുഃഖാചരണം നടത്തുമ്പോൾ തന്നെ പുതുപ്പള്ളിയിൽ അങ്കം കുറിക്കാനുള്ള കരു നീക്കങ്ങൾ കോൺഗ്രസ്സ് ഉടനെ നടത്തണം. ദുഃഖാചരണ സമ്മേളനങ്ങൾ തെരഞ്ഞെടുപ്പു പ്രചരണ യോഗങ്ങൾ കൂടിയാകണം. പി.ടി.തോമസ് മരിച്ചു കഴിഞ്ഞ് അവിടെ പതിനെട്ടടവും എൽ.ഡി.എഫ് പ്രയോഗിച്ചതാണ്. എന്നിട്ടും യൂ.ഡി.എഫ്. അവിടെ ജയിച്ചു കയറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയ്ക്കു ഭൂരിപക്ഷം കുറവായത് മുതലാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അതിന് ഭരണാധികാരവും പണത്തിന്റെ സ്വാധീനവും മാർക്സിസ്റ്റ് പാർട്ടി പ്രയോജനപ്പെടുത്തുന്നു.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ദുഃഖത്തോടൊപ്പം ഒരു സഹതാപ തരംഗം തളം കെട്ടി നില്ക്കുന്നുണ്ട്. നാലു മാസത്തിനകം തെരഞ്ഞെടുപ്പു നടക്കാനാണ് സാദ്ധ്യത അതിന് കൈയ്യും മെയ്യും മറന്ന് എല്ലാ കോൺഗ്രസ്സുകാരും ഒന്നിച്ച് കളത്തിലിറങ്ങേണ്ട സന്ദർഭമാണിത്. ഒട്ടും താമസിയാതെ സമ്മതനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തി രംഗത്തിറക്കണം ജയം യു.ഡി എഫിന് നിഷ്പ്രയാസമാണെന്ന് എനിക്കുറപ്പാണ്. പക്ഷേ അതിന് കോൺഗ്രസ്സ് സജ്ജമാകണം. രാജസ്ഥാൻ, ഛത്തീസ്ഘട്ട്, മധ്യപ്രദേശ്, തെലുങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മൂന്നാലു മാസത്തിനകം നടക്കും അതോടനുബന്ധിച്ച് പുതുപ്പള്ളിയിലെ ഉപ തെരഞ്ഞെടുപ്പും നടത്തും. ഉമ്മൻ ചാണ്ടി ഈസിയായി അരന്തുറ്റാണ്ടുകാലം ജയിച്ച മണ്ഡലം കൈവിടാൻ പാടില്ല.
കോൺഗ്രസ്സ് ഓരോ ബൂത്തിലും ഓരോ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി തെരഞ്ഞെടുപ്പു പ്രവർത്തനം നീക്കണം മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തനം ഏകോപിപ്പിക്കുകയും വേണം. ഓരോ വീട്ടിലും വാളന്റിയറന്മാർ കയറിയിറങ്ങി ലഘു ലേഖകൾ എത്തിക്കണം. ഓരോ മണ്ഡലവും കേന്ദ്രീകരിച്ച് സംസ്ഥാന നേതാക്കളെ മുന്നിൽ നിർത്തി പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കണം. പിണറായി ഭരണത്തിന്റെ അഴിമതികൾ തുറന്നു കാണിക്കണം. ഉമ്മൻചാണ്ടിയുടേയും സ്ഥാനാർത്ഥിയുടേയും പടം വച്ചുള്ള അഭ്യർത്ഥന ഇറക്കണം.
പ്രൊഫ.ജി.ബാലചന്ദ്രൻ