“സാഹിത്യ വാരഫലമെഴുതി” സാഹിത്യ ലോകത്തെ വിറപ്പിച്ച എം. കൃഷ്ണന്‍ നായര്‍ സാറുമായി എനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. സാഹിത്യ വിമര്‍ശകനാണദ്ദേഹം. എഴുത്തുകാരെ തല്ലിയും തലോടിയും മലയാളനാട് വാരികയിലും കലാകൗമുദിയിലും ഒടുവില്‍ സമകാലീന മലയാളത്തിലുമായി മുപ്പത്താറു വര്‍ഷം തുടര്‍ച്ചയായി സാഹിത്യവാരഫലം എഴുതി.
മലയാളത്തിലെ രചനകള്‍ വിലയിരുത്തുന്നതിനിടയില്‍ വിശ്വസാഹിത്യത്തിലേക്ക് ഊളിയിട്ടിറങ്ങി അടിത്തട്ടിലെ മുത്തുകളും രത്നങ്ങളും കാണിച്ചു തന്നു. ലോക സാഹിത്യത്തെ താക്കോല്‍പ്പഴുതിലൂടെ നോക്കിക്കണ്ട് അതുമായി മലയാള രചനകളെ തൂക്കി നോക്കി. “സമന്വയ”ത്തിനുവേണ്ടി ലേഖനമെഴുതിക്കാന്‍ ചെന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യം കണ്ടത്. സാര്‍ ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു. അപ്പോഴാണ് ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജില്‍ പഠിപ്പിക്കുമ്പോള്‍ എന്‍റെ ഭാര്യ ഇന്ദിര സാറിന്‍റെ സ്റ്റൂഡന്‍റാണെന്ന കാര്യം പറഞ്ഞത്. “ഒരു വെളുത്ത കുട്ടിയല്ലേ ? ഒരൊറ്റ കുട്ടി മാത്രമേ അന്ന് ബി.എ. ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളു . എന്‍റെ മകള്‍ രാധ, ഇന്ദിരയുടെ ജൂനിയറായി ചിറ്റൂര്‍ കോളേജിലുണ്ടായിരുന്നു”. അപ്പോള്‍ത്തന്നെ അദ്ദേഹം ഭാര്യയേയും മകളേയും വിളിച്ച് എന്നെ പരിചയപ്പെടുത്തി.
മുഖം നോക്കാതെ വാരികകളിലെ രചനകളെ തൂലികകൊണ്ട് കീറി മുറിച്ച് സാർ പോസ്റ്റുമോര്‍ട്ടം നടത്തി. തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം സാറുമായി സാഹിത്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എനിക്കു ഭാഗ്യമുണ്ടായി.
ഒരിക്കൽ അദ്ദേഹത്തിന്‍റെ വീടു പണിയുന്ന വേള. പണത്തിനു ബുദ്ധിമുട്ട്. മനോരമ പത്രാധിപര്‍ കെ.എം. മാത്യുവിന് സാര്‍ ഒരു കത്തെഴുതി. വീടുപണിയാണ് കുറച്ചു പണം അയച്ചുതരണം. ആ പണം ഞാന്‍ ലേഖനങ്ങളെഴുതി തീര്‍ത്തുകൊള്ളാം. മടക്കത്തപാലില്‍ തന്നെ സാറിന് ഒരെഴുത്തും ചെക്കും കിട്ടി. കത്തിലെ വരികള്‍ ഇങ്ങനെ: ലേഖനമൊന്നും എഴുതി കടം തീര്‍ക്കേണ്ട. ഇത് എന്‍റെ സംഭാവനയാണ്. ആ സൗമനസ്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സാര്‍ ഗദ്ഗദകണ്ഠനായി.
ഒരിക്കല്‍ ആലപ്പുഴ എസ്.ഡി.വി. ബസന്‍റ് ഹാളില്‍ പത്മഭൂഷണ്‍ കിട്ടിയതിന്‍റെ പേരില്‍ തകഴിക്ക് സ്വീകരണം ഏര്‍പ്പാടു ചെയ്തു. ഞാനും സംഘാടക സമിതി അംഗമാണ്. എം. കൃഷ്ണന്‍ നായര്‍, കെ. അയ്യപ്പപ്പണിക്കര്‍, തോപ്പില്‍ ഭാസി, പി.കെ. ബാലകൃഷ്ണന്‍, കെ. ജയകുമാര്‍ തുടങ്ങിയ വമ്പന്മാരായിരുന്നു പ്രസംഗകര്‍. കൃഷ്ണന്‍ നായര്‍ സാര്‍ പ്രസംഗമാരംഭിച്ചു. അദ്ദേഹം തുടങ്ങി തകഴിയുടെ ശ്രേഷ്ഠകൃതിയെന്നു നിങ്ങള്‍ വാഴ്ത്തുന്ന ചെമ്മീന്‍ തരംതാണ സാഹിത്യ സൃഷ്ടിയാണ്. ചെമ്മീനെ നിങ്ങള്‍ തിമിംഗലമാക്കരുത്. സംഘാടകരും സദസ്യരും വല്ലാതായി. അതിനെ വിമര്‍ശിച്ചുകൊണ്ട് തോപ്പില്‍ ഭാസി സംസാരിച്ചെങ്കിലും ഏശിയില്ല. തകഴിയെ ആദരിക്കുന്ന സദസ്സില്‍ വച്ചാണ് കൂര്‍ത്തുമൂര്‍ത്ത വിമര്‍ശനാക്രമണം.
ഇത്രയേറെ സാഹിത്യകാരന്മാരെ എതിരാളികളാക്കിയ മറ്റൊരു വിമര്‍ശകന്‍ മലയാളത്തില്‍ വേറെയില്ല. അദ്ദേഹത്തിന്‍റെ തല്ലും തലോടലുമേല്‍ക്കാത്ത സാഹിത്യകാരന്മാര്‍ മലയാളത്തില്‍ വിരളമാണ്.
ഒരു ദിവസം സാറിനോടു സംസാരിക്കുന്നതിനിടയില്‍ ജീവിതത്തില്‍ പലപ്പോഴായി എനിക്കുണ്ടായ നിരാശകളെക്കുറിച്ച് ഞാന്‍ പറഞ്ഞു. അതുകേട്ട അദ്ദേഹം ഒന്നൂറിച്ചിരിച്ചു. “പ്രതീക്ഷ മാത്രമാണ് മുന്നോട്ടുള്ള യാത്രയെ സുഗമമാക്കുന്നത്. ജീവിതം ദുഃഖങ്ങളും ദുരന്തങ്ങളും നിറഞ്ഞതാണ്. അതിനിടയില്‍ പ്രതീക്ഷയുടെ പ്രകാശരേണുക്കള്‍ ആരുടേയും മനസ്സില്‍ കുളിരുണ്ടാക്കും”. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. അത് ശരിയായിരുന്നു. അദ്ദേഹം എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും .
പ്രൊഫ ജി ബാലചന്ദ്രൻ