പലവട്ടം പടവെട്ടിത്തോറ്റ ബ്രൂസ് നിരാശനായി. ഒരു ചിലന്തി പിന്തിരിയാതെ വലകെട്ടുന്നതു കണ്ട് ബ്രൂസ് വീണ്ടും പടയൊരുക്കം നടത്തി. അങ്ങനെ ജയിച്ച കഥ നാം പാഠ പുസ്തകത്തിൽ കണ്ടിട്ടുണ്ട്. യഥാർത്ഥ ചിലന്തിയുടെ ഉത്‌ഭവത്തെക്കുറിച്ച് ഗ്രീസിൽ ഒരു ഐതിഹ്യമുണ്ട്.
തുന്നൽ വേലയിൽ വിദഗ്ദ്ധയായ അരാകിനിക്ക് അഹങ്കാരം തലയ്ക്കു പിടിച്ചു. പൊങ്ങച്ചം പറഞ്ഞ് തുടങ്ങി. തന്നെ ജയിക്കാൻ തുന്നൽക്കലയിൽ ലോകത്താരുമില്ലെന്ന് അവൾ വീമ്പിളക്കി. അവളുടെ തുന്നൽ വേലയുടെ കരചാതുര്യം കേട്ടറിഞ്ഞ് നാട്ടുകാർ മുതൽ അപ്സരസുകൾ വരെ അവളുടെ തുന്നൽ പാടവം നേരിട്ടു കാണാനെത്തി. തന്നെ പുകഴത്തുന്നവർക്കു സമ്മാനങ്ങൾ കൊടുക്കും. ഒന്നും മിണ്ടാതെ നില്ക്കുന്നവരെയും കുറ്റം പറയുന്നവരേയും അവൾ ഓടിച്ചു വിട്ടു.
“എത്ര മനോഹരമായ തുന്നൽ ” ഒരിക്കൽ ഒരു പെൺകുട്ടി ആശ്ചര്യത്തോടെ പറഞ്ഞു. ” അരാകിനീ നിന്നെ ഈ വിദ്യ പഠിപ്പിച്ചത് അഥീനി ദേവിയാണെന്ന ഞാൻ വിശ്വസിക്കുന്നു”. അതു കേട്ട മാത്രയിൽ അരാകിനി കോപം കൊണ്ട് കലി തുള്ളി ” എന്ത് ഞാൻ അഥീനിയിൽ നിന്ന് പഠിച്ചുവെന്നോ? വേണമെങ്കിൽ അഥീനി എന്റെ അടുക്കൽ വന്നു പഠിക്കട്ടെ. അഥീനി ദേവി കലയുടെ പ്രത്യേകിച്ച് തുന്നൽ കലയുടെ ദേവതയാണ്. അരാകിനിയുടെ ആത്മപ്രശംസ അതിരു കടന്നു. അഥീനി ദേവി ഈ വിവരമറിഞ്ഞു.
ഒരിക്കൽ അഥീനി ദേവി ഒരു കിഴവിത്തളളയുടെ വേഷം ധരിച്ച് ഭൂമിയിൽ എത്തി. കിഴവി അരാകിനിയുടെ അടുത്തെത്തിയപ്പോഴും അരാകിനി അഥീനി ദേവിയെ പരിഹസിക്കുകയാണ്. അഥീനി ദേവിക്ക് അരിശം വന്നു. അവർ അരാകിനിയോടു പറഞ്ഞു ” നിന്റെ തുന്നൽ എത്ര നിസ്സാരം.” ഒരു തുന്നൽ മത്സരത്തിന് അഥീനി ദേവിയെപ്പോലും അരാകിനി വെല്ലുവിളിച്ചു. ഒടുവിൽ കിഴവിത്തളള പ്രച്ഛന്ന വേഷം വെടിഞ്ഞ് പ്രത്യക്ഷയായി. ഒരു തുന്നൽ മത്സരത്തിനു കളമൊരുങ്ങി. അരാകിനിയുടെ ഉൾഭയവും പരിഭ്രമവും പുറത്തു കാണിക്കാതെ അവൾ തുന്നൽ മത്സരത്തിൽ ഏർപ്പെട്ടു. രണ്ടു പേരും തുന്നൽ തുടങ്ങി. അഥീനി ദേവി നെയ്ത ചിത്രത്തിൽ സ്യൂസ് ദേവനും ചുറ്റും ദേവീദേവന്മാരും നില്ക്കുന്ന ഒരു തുന്നൽ ചിത്രം മനോഹരമായി നിർമ്മിച്ചു . അരാകിനിയാകട്ടെ ദേവന്മാരെയും ദേവിമാരെയും കുരങ്ങുകളായി ചിത്രികരിക്കുന്ന ചിത്രം തുന്നിയെടുത്തു.
പ്രസിദ്ധരായ വിദഗ്ദ്ധർ രണ്ടു ചിത്രങ്ങളും പരിശോധിച്ച് വിലയിരുത്തി. അഥീനി ദേവിയുടെ ചിത്രമാണ് ഒന്നാം തരം. അതു കേട്ട അരാകിനി എല്ലാവരെയും ചീത്ത പറഞ്ഞു കണ്ണു പൊട്ടിച്ചു. അഥീനി ദേവി അരാകിനിയുടെ ചിത്ര കംബളമെടുത്തു നൂറു കഷണങളായി വലിച്ചു കീറി. അഥീനി ദേവി അരാകിനിയെ ശപിച്ചു. അരാകിനിയുടെ പാറിപ്പറന്ന തലമുടി പട്ടുനൂലുകളായി. കൈ വിരലുകൾ നീണ്ട എട്ടുകാലികളായി. എട്ടുകാലും പട്ടുനൂൽപ്പെട്ടിയുമുള്ള ചിലന്തിയായി അരാകിനി രൂപാന്തരപ്പെട്ടു. അരാകിനിയുടെ സന്താന പരമ്പരകളും ചിലന്തികളായി. അവരുടെ വലയിൽ അകപ്പെടുന്നതിനെയാണ് ചിലന്തികൾ ഭക്ഷണമാക്കുന്നത്.
കേരളത്തിൽ ഒരു ചിലന്തി ക്ഷേത്രമുണ്ട്. പത്തനംതിട്ട ജില്ലയിൽ കൊടുമൺ എന്ന സ്ഥലത്താണ് ചിലന്തി ക്ഷേത്രം ചിലന്തി കടിച്ചുണ്ടായ വിഷ ബാധയിൽ നിന്ന് മോചനം കിട്ടാൻ ഭക്തർ ഇവിടെ മലർ അർച്ചന നടത്തുന്നു. ദിവസവും കുറച്ചേറെപ്പേർ ഇവിടെ വരാറുണ്ട്. ഞാനും ഭാര്യ ഇന്ദിരയും ഒരിക്കൽ ആ ക്ഷേത്രം സന്ദർശിച്ചു. ചിലന്തിക്കഥ ഗ്രീസിൽ മാത്രമല്ല കേരളത്തിലുമുളളത് ശ്രദ്ധേയമാണ്.
പ്രൊഫ.ജി.ബാലചന്ദ്രൻ