തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവൻ വിപ്ലവകാരിയായിരുന്നു. ആദർശ ധീരതയും അടിപതറാത്ത നിലപാടും ജീവിത സമരമാക്കിയ സി. കേശവൻ ഒരിക്കൽ പറഞ്ഞു:
“ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാവും”. സി.കേശവന്റെ മകൻ കെ. ബാലകൃഷ്ണൻ കലാപകാരിയായിരുന്നു. പ്രസംഗം കൊണ്ടും പ്രവർത്തനം കൊണ്ടും അടിമുടി റിബലായിരുന്ന ബാലകൃഷ്ണൻ യുവാക്കളുടെ ആവേശവുമായിരുന്നു. പിതാവും മുഖ്യമന്ത്രിയുമായ സി. കേശവനെപ്പോലും എതിർക്കുന്ന ചങ്കുറ്റം! 1971 ൽ ആർ.എസ്.പി ക്കാരനായ കെ. ബാലകൃഷ്ണനെ യു. ഡി . എഫിന്റെ അമ്പലപ്പുഴ (ഇന്നത്തെ ആലപ്പുഴ മണ്ഡലം) പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിയോഗിച്ചു. ആലപ്പുഴയിൽ അത് ഒരു വലിയ സംഭവമായിരുന്നു. സുശീലാ ഗോപാലനായിരുന്നു കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് പ്രചരണം ഉഷാറായി. ഞാനും ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങി. ഓരോ ബൂത്തിലേക്കും ഓരോ കാർ എന്ന കണക്കിൽ നൂറിലധികം കാറുകൾ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നിരന്നു. കണ്ടവർ കണ്ടവർ വിസ്മയം പൂണ്ടു . സാഹിത്യകാരന്മാരും രാഷ്ട്രീയക്കാരും ബാലകൃഷ്ണനു വേണ്ടി പ്രസംഗ വേദികളിൽ പാറി നടന്നു. വീരശൂര പരാക്രമിയായ ബാലകൃഷ്ണന്റെ പ്രാഗത്ഭ്യം നാട്ടിൽ ഉടനീളം പ്രചരിച്ചു. തെരഞ്ഞെടുപ്പു വിജയം പ്രവചനാതീതമായിരുന്നു. ഒടുവിൽ വോട്ടെണ്ണിയപ്പോൾ കെ. ബാലകൃഷ്ണൻ 25000 വോട്ടിനു ജയിച്ചു. അദ്ദേഹം ഡൽഹിക്ക് പോയി. ലോക്സഭയുടെ ആദ്യസമ്മേളനം കഴിഞ്ഞു വന്ന ബാലകൃഷ്ണൻ പറഞ്ഞു. “അവിടെ ഞാൻ ഒരു പുരുഷനേയെ കണ്ടുള്ളു: അത് ഇന്ദിരാ ഗാന്ധിയാണ്.”
ഒടുവിൽ അദ്ദേഹത്തിന് ലോക് സഭ മടുത്തു. പ്രതിഭാശാലിയായ കെ.ബാലകൃഷ്ണൻ കൗമുദിയിലുടെ സൃഷ്ടിച്ച അത്ഭുതം ഇന്നും ഓർക്കുന്നു. സാഹിത്യകാരൻമാരുടെയും ഇടതുപക്ഷ നേതാക്കളുടെയും താവളമായിരുന്നു കൗമുദിയുടെ ഓഫീസ്. എത്രയോ ചെറുപ്പക്കാരെയാണ് സാഹിത്യത്തിലേക്ക് അദ്ദേഹം ഉയർത്തി ക്കൊണ്ടു വന്നത്. കൗമുദിയിലെ “പത്രാധിപരോടു ചോദിക്കാം ” എന്ന ചേദ്യോത്തര പംക്തി ഇന്നും ആരും മറന്നിട്ടില്ല. സപ്ത സാഗരങ്ങൾക്കും സൂര്യനുമിടയിലുള്ള എല്ലാ കാര്യങ്ങൾക്കും അദ്ദേഹം പംക്തിയിലൂടെ മറുപടി നൽകി. ബാലകൃഷ്ണനും ചന്ദ്രികയും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നു. അവരുടെ വിവാഹത്തിനു മുൻ ദിവസം അനുജൻ ഭദ്രകുമാർ വിമാനാനാപകടത്തിൽ കൊല്ലപ്പെട്ടത് ഏറെ ദുഃഖകരമായ വാർത്തയായിരുന്നു. പൊതുപ്രവർത്തകൻ എന്ന നിലയിൽ സി. കേശവനെപ്പോലെ തന്നെ സ്വന്തമായ നിലപാടുള്ളയാളായിരുന്നു ബാലകൃഷ്ണൻ . 1984 ൽ ഒരു ജൂലായ് മാസത്തിൽ 59ാം വയസിലാണ് കേരളത്തിൻ്റെ സിംഹഗർജനം നിലച്ചത്. അദ്ദേഹത്തിൻ്റെ ദീപ്തമായ സ്മരണയ്ക്കു മുന്നിൽ ഒരു പിടി ഓർമ്മപ്പൂക്കൾ.
പ്രൊഫ ജി ബാലചന്ദ്രൻ
#ഇന്നലെയുടെതീരത്ത് (ആത്മകഥ)