അരവിന്ദഘോഷിന്റെ പിതാവ് ഡോ കൃഷ്ണധന ഘോഷ് വല്ലാത്ത ഇംഗ്ലീഷ് ഭ്രമക്കാരനായിരുന്നു. മക്കളെ ഇംഗ്ലീഷ് സംസ്ക്കാരത്തിലുടെയും ഭാഷയിലൂടെയും വളർത്താൻ അദ്ദേഹം നിർബ്ബന്ധം പിടിച്ചു. അവരെ ഇംഗ്ലണ്ടിലേക്കയച്ചു. മകൻ അരവിന്ദ ഘോഷിനെ ഐ.സി എസ്സു കാരനാക്കാനായിരുന്നു പിതാവിന്റെ മോഹം . അരവിന്ദൻ പഠനത്തിൽ സമർത്ഥനാണ്. ഐ.സി.എസ്സ്. പരീക്ഷയ്ക്കു എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് നേടി. കുതിര സവാരി ഐ.സി.എസ്സ് . പരീക്ഷയ്ക്കു നിർബ്ബന്ധമാണ്. ഐ.സി എസ് പരീക്ഷയുടെ അവസാനത്തെ പ്രധാന ഇനമായ കുതിര സവാരിയിൽ അരവിന്ദൻ മന:പൂർവ്വം തോറ്റു. അരവിന്ദനു താത്പര്യം സാഹിത്യത്തോടാണ്. വിജ്ഞാനത്തിന്റെ വഴിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സവാരി.
കേംബ്രിഡ്ജിലെ കിംഗ്സ് കോളേജിൽ പഠിക്കുമ്പോൾ അരവിന്ദനു 80 പവന്റെ പ്രതിവർഷ സ്കോളർഷിപ്പ് കിട്ടി. അച്ഛൻ സാമ്പത്തികമായി തകർന്നു. പണം അയയ്ക്കാനായില്ല. അരവിന്ദന്റെ സ്കോളർഷിപ്പുപണം കൊണ്ടാണ് സഹോദരങ്ങൾ കഷ്ടിച്ച് ജീവിച്ചത്.
അക്കാലത്താണ് ഇന്ത്യയെക്കുറിച്ചുള്ള ചിന്തകൾ ശക്തമായത്. ഇന്ത്യൻ വിദ്യാർഥികൾ ചേർന്ന്. “ഇന്ത്യൻ മജ്ലിസ്” എന്ന പേരിൽ ഒരു സംഘടന രുപീകരിച്ചു. ഇംഗ്ലീഷുകാരോടുള്ള ആരാധന കുറഞ്ഞു. ഇംഗ്ലീഷുകാർ ഇന്ത്യാക്കാരെ ദ്രോഹിക്കുന്നതും, മർദ്ദിച്ചൊതുക്കാൻ ശ്രമിക്കുന്നതും അരവിന്ദനെ ചൊടിപ്പിച്ചു. അരവിന്ദൻ അതിനെതിരെ പ്രസംഗിക്കാനും എഴുതാനും തുടങ്ങി. അരവിന്ദനും കുട്ടുകാരും ചേർന്ന് “താമരയും കഠാരയും” എന്ന പേരിൽ ഒരു സംഘടന രൂപികരിച്ചു. എന്നാൽ ആ സംഘടനയ്ക്കു ഏറെ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. അപ്പോഴേയ്ക്കും കേംബ്രിഡ്ജിലെ പഠനം പൂർത്തിയായി. മൊത്തം പതിനാല് വർഷമാണ് അരവിന്ദൻ ലണ്ടനിൽ താമസിച്ചത്. ബറോഡ രാജാവ് ലണ്ടൻ സന്ദർശിച്ചപ്പോൾ അരവിന്ദന്റെ കഴിവുകൾ മനസ്സിലാക്കി. അദ്ദേഹം അരവിന്ദനോടു ബറോഡ സ്റ്റേറ്റ് സർവീസിൽ ചേരാൻ നിർദ്ദേശിച്ചു.
അതിനകം അച്ഛൻ മരിച്ചു. അമ്മ മാനസിക രോഗിയായി . ബറോഡയിലെത്തിയ അരവിന്ദൻ സർവ്വേ ഡിപ്പാർട്ടുമെന്റിൽ ജോയിൻ ചെയ്തു. പിന്നീട് കോളേജിൽ ഫ്രഞ്ച് അദ്ധ്യാപകനായിത്തീർന്നു. പഠിപ്പിക്കാനും പ്രസംഗിക്കാനുമുള്ള അനിതര സാധാരണമായ കഴിവ് സർവ്വരും അംഗീകരിച്ചു. “ഇന്ദു പ്രകാശ്” എന്ന പ്രസിദ്ധീകരണത്തിൽ “പഴയവയ്ക്കു പകരം പുതിയ വിളക്കുകൾ ” എന്ന പേരിൽ ലേഖന പരമ്പരയെഴുതി. അദ്ദേഹത്തിനു ഇംഗ്ലീഷ് , ഫ്രഞ്ച്, ഗ്രീക്ക്, ലാറ്റിൻ, ജർമ്മൻ, സ്പാനിഷ് , തുടങ്ങിയ ഭാഷകളിൽ നല്ല വ്യുൽപ്പത്തി ഉണ്ടായിരുന്നു. ഗുജറാത്തി, ബംഗാളി ഭാഷകൾ പഠിച്ചെടുത്തു. മാക്സ് മുള്ളർ വിവർത്തനം ചെയ്ത “പൗരസ്ത്യ ദേശത്തിലെ വിശുദ്ധ ഗ്രന്ഥങ്ങൾ” അരവിന്ദനെ നന്നേ ആകർഷിച്ചു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും അദ്ദേഹം തത്പരനായി
“ഒരു കൈയിൽ ഗീതയും മറുകൈയിൽ വാളു”മായി സ്വാതന്ത്ര്യ സമ്പാദനത്തിനിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യുവാക്കളെ അതിനു സജ്ജരാക്കാൻ “ഭവാനീ മന്ദീർ ” എന്ന പേരിൽ ഒരു കേന്ദ്രം തുടങ്ങി. ബുദ്ധി ശാലികളും പ്രതിഭാശാലികളുമായ ഒട്ടേറെപ്പേർ അരവിന്ദനോടൊപ്പം ചേർന്നു. ചില കോൺഗ്രസ്സ് സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുത്തു,പ്രസംഗിച്ചു. പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ബംഗാൾ വിഭജനത്തിനെതിരായ സമരത്തിന്റെ മുൻ നിരയിൽ അരവിന്ദഘോഷുണ്ടായിരുന്നു. “എന്റെ ഭാരതമേ ഉണരുക എവിടെ നിന്റെ പ്രാണശക്തി” എന്ന് അദ്ദേഹം ഭാരതീയരോടു ചോദിച്ചു.
ആലിപ്പൂർ ബോംബു സ്ഫോടന കേസിൽ അരവിന്ദൻ പ്രതിയായി. ഇംഗ്ലീഷുകാരായ കെന്നഡിയെയും ഭാര്യയെയും വിപ്ലവകാരികൾ ബോംബ് എറിഞ്ഞു കൊന്നു. ആ കേസിലും അരവിന്ദനെ പ്രതിയാക്കി. ഒടുവിൽ ഒളിവിൽ പോയി.
“യുഗാന്തർ” , “വന്ദേ മാതരം” എന്നീ പത്രങ്ങളിൽ തീപ്പൊരി ചിതറുന്ന ലേഖനങ്ങൾ അദ്ദേഹം എഴുതി. മിതവാദികളോടായിരുന്നില്ല തീവ്രദേശീയ വാദികളോടായിരുന്നു അരവിന്ദന് മമത. “സ്വരാജ് ജീവനാണ്, സ്വരാജ് അമൃതമാണ്,സ്വരാജ് മുക്തിയാണ്: അദ്ദേഹം ഉദ്ഘോഷിച്ചു. സായുധ വിപ്ലവത്തിലൂടെ പൂർണ്ണ സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യമായിരുന്നു അരവിന്ദന്. ബോംബുകളും ആയുധങ്ങളും സംഭരിച്ചിരുന്ന സ്ഥലം അരവിന്ദന്റേതായിരുന്നു. അതുകൊണ്ട് മറ്റു വിപ്ലവകാരികളോടൊപ്പം അരവിന്ദൻ പ്രധാന പ്രതിയായി. വിചാരണ ഒരു വർഷത്തോളം നീണ്ടു. 42 പ്രതികൾ 222 സാക്ഷികൾ. കേംബ്രിഡ്ജിൽ തന്നോടൊപ്പം പഠിച്ച ബിച്ച് ക്രോപ്പ്റ്റായിരുന്നു ജഡ്ജി. ദേശബന്ധു സി.ആർ ദാസ് ആയിരുന്നു അരവിന്ദന്റെ അഭിഭാഷകൻ. അദ്ദേഹം ഗംഭീരമായി വാദിച്ചു .
ആലിപ്പൂർ ജയിലിലെ വാസം അരവിന്ദന്റെ ജീവിതത്തേയും കാഴ്ചപ്പാടിനേയും മാറ്റിമറിച്ചു . വലിയ മാനസാന്തരമാണ് അരവിന്ദനു സംഭവിച്ചത്. ആ കർമ്മ യോഗി വിപ്ലവത്തിൽ നിന്ന് സന്യാസത്തിലേക്കു തിരിഞ്ഞു. പ്യൂപയിൽ നിന്ന് ചിത്രശലഭം രൂപമെടുക്കുന്നതു പോലെയുള്ള രൂപ ഭാവമാറ്റം. “കർമ്മയോഗി” എന്ന പേരിൽ ഒരു വാരിക തുടങ്ങി. വിപ്ലവത്തിന്റെ കനൽ വഴികളിലൂടെ നടന്നു നീങ്ങിയ അദ്ദേഹത്തിന്റെ മാനസിക പരിവർത്തനം മാസ്മരികമായിരുന്നു.
ഭക്ഷണവും ഉറക്കവുമില്ലാതെ അദ്ദേഹം ധ്യാനത്തിലും യോഗയിലും സാധനയിലും മുഴുകി. ആത്മജ്ഞാനത്തിന്റെ പാത ഒരു വശത്ത്, മറുവശത്ത് സ്വാതന്ത്ര്യ സമ്പാദനത്തിനുള്ള ത്വര. കേസിന്റെ വിധി വന്നു. അരവിന്ദനെ വെറുതേ വിട്ടു. മൂന്ന് പേരെ തൂക്കി കൊല്ലാൻ വിധിച്ചു; ബാക്കിയുള്ളവരെ നാടുകടത്താനും.
ഇന്ത്യയ്ക്കകത്താണെങ്കിലും ഇന്ത്യയ്ക്കു പുറത്താണെങ്കിലും അരവിന്ദഘോഷ് ബ്രീട്ടിഷുകാർക്കു ഒരു പേടിസ്വപ്നമായിരുന്നു. ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാർ വിട്ടുപോയതിനു ശേഷമേ ഇന്ത്യയിൽ കാലുകുത്തൂ എന്ന് അരവിന്ദഘോഷ് പ്രതിജ്ഞയെടുത്തു.
അന്ന് പോണ്ടിച്ചേരി പോർച്ചുഗീസിന്റെ അധീനതയിലായിരുന്നു. അദ്ദേഹം പോണ്ടിച്ചേരിയിൽ എത്തി. അവിടെ ഒരു ആശ്രമം സ്ഥാപിച്ചു.
“ആര്യ” എന്ന പേരിൽ ഒരു ദാർശനിക മാസിക ആരംഭിച്ചു. അതിലെ 64 പേജും എഴുതി നിറച്ചത് അരവിന്ദയോഗിയാണ്. പിന്നീട് അതിന്റെ പ്രസിദ്ധീകരണം നിലച്ചു. അരവിന്ദാശ്രമം വൃത്തിയും വെടിപ്പുമുള്ള ഒരു കേന്ദ്രമായിത്തീർന്നു. അനുഗ്രഹം വർഷിക്കുന്ന ഒരു തീർത്ഥാടന കേന്ദ്രമായി പ്രസ്തുത ആശ്രമം മാറി. മൂന്ന് അനുയായികളുമായാണ് 1910ൽ പുതുച്ചേരിയിൽ എത്തിയത്. പിന്നീട് ശിഷ്യവലയം വർദ്ധിച്ചു.
1947 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം- അരവിന്ദന്റെ ജന്മദിനവുമാണ്. ഒരു പഴയ യുഗത്തിന്റെ അന്ത്യവും പുതുയുഗത്തിന്റെ ആരംഭവുമായിരുന്നു. അരവിന്ദഘോഷിന്റെ ആത്മീയ സംഭാവന അതുല്യമാണ്. 1950-ൽ അദ്ദേഹം എഴുതിയ “മാനവൈക്യം” എന്ന ഗ്രന്ഥത്തിൽ ചൈനീസ് ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളെ അധികരിച്ച് ഒട്ടേറെ പ്രൗഢ പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. മരണത്തെ ജയിക്കുന്ന മഹാകാവ്യമായ “സാവിത്രി” എന്ന ഗ്രന്ഥം1950-ൽ പ്രസിദ്ധികരിച്ചു. ആശ്രമത്തിന്റെ കീർത്തി കേട്ട് ഒട്ടനവധി ആരാധകരും ശിഷ്യന്മാരും ഭക്തന്മാരും അവിടെയത്തി. അരവിന്ദയോഗിയേ സ്തുതിച്ചു കൊണ്ട് രവിന്ദനാഥ ടാഗോർ ഒരു കവിതയെഴുതി.
അരവിന്ദഘോഷിന്റെ സംഭവബഹുലമായ ജീവിതത്തിന് 1950 ഡിസംബർ 5ാം തിയതി രാത്രി 1.10 ന് തിരശ്ശീല വീണു. ആശ്രമ മുറ്റത്തുളള സേവാ മരത്തിന്റെ ചുവട്ടിലാണ് ഭൗതിക ശരീരം അന്ത്യവിശ്രമം കൊള്ളുന്നത്. അനുഗ്രഹം വർഷിക്കുന്ന ഒരു തീർത്ഥാടന കേന്ദ്രമായി പ്രസ്തുത ആശ്രമം മാറിയിരിക്കുന്നു.
വിപ്ലവത്തിൽ നിന്ന് സന്യാസത്തിലേക്കു മാറിയ ആ ജ്ഞാന സൂര്യന്റെ പ്രകാശരശ്മികൾ ഇന്ത്യയ്ക്കെന്നും തെളിവെളിച്ചമാണ്.
പ്രൊഫ.ജി.ബാലചന്ദ്രൻ