പാർട്ടി സമ്മേളനങ്ങൾ പൊടിപൊടിക്കുന്നു. വിപ്ലവ തിരുവാതിരകൾ അരങ്ങു തകർക്കുകയാണ്. തിരുവാതിരകളിൽ എല്ലാം പല സ്ഥലത്തും അസാധാരണമായ “സ്തുതി ഗീതങ്ങൾ” കേൾക്കുന്നുണ്ട്. അങ്ങിങ്ങായ് നേതാക്കളുടെ വക ചൈനാ സ്തുതിയും കേൾക്കുന്നുണ്ട്. അതൊന്നും മാർക്സും ഏംഗൽസും പഠിപ്പിച്ചതാവാൻ വഴിയില്ല. ഒരു രക്ത സാക്ഷിത്വത്തിൻ്റെ മുറിവുണങ്ങും മുമ്പ് നടത്തിയ കലാപ്രകടനം അഭംഗിയായി. തിരുവനന്തപുരത്തെ പാറശാലയിൽ തിരുവാതിര കാണാൻ പാർട്ടിയുടെ മുതിർന്ന പിബി അംഗവുമുണ്ടായിരുന്നു. ആ തിരുവാതിര പാട്ട് കേൾക്കുന്ന ആർക്കുമറിയാം അതെഴുതിയവർ പാർട്ടിക്കിട്ട് പണിയുകയാണെന്ന്. പാർട്ടിയെ സ്ഥാപനവൽക്കരിക്കലും നേതൃത്വത്തെ ബിംബവൽക്കരിക്കലും എല്ലാം നല്ല പ്രവണതയാണോ? അതെല്ലാം ആ പാർട്ടിയുടെ ആഭ്യന്തര കാര്യം തന്നെ. കോവിഡ് കാലത്ത് വിതരണം ചെയ്യപ്പെട്ട കിറ്റും പെൻഷനും എല്ലാം മാർക്സിസ്റ്റ് പാർട്ടി നൽകിയതാണെന്ന വായ്ത്താരിയും തിരുവാതിരക്കളിയിൽ ഉയർന്നു കേട്ടു.! ! അതു കേട്ടാൽ തോന്നും എ.കെ.ജി സെൻററിലെ അലമാരയിൽ നിന്ന് എടുത്ത് വിതരണം ചെയ്തതാണെന്ന്. കോവിഡിന് മരുന്ന് വാങ്ങിയ കോടികണക്കിന് രൂപയുടെ കണക്കും ഫയലുകൾ കാണ്മാനില്ല. കന്യസ്ത്രികൾക്ക് നീതി ലഭിച്ചില്ല.
ഭരണകക്ഷി എന്ന നിലയിൽ സി.പി.എം നിറവേറ്റേണ്ട പ്രാഥമിക കടമയുണ്ട്. പ്രത്യേകിച്ച് കോവിഡ് കാലത്ത്. അഞ്ഞൂറ് പേരെ വച്ച് തിരുവാതിര നടത്തി സാമൂഹിക അകലം പാലിച്ചിട്ടുണ്ട് എന്ന വിത ണ്ഡവാദമാവരുത്. ഡെൽറ്റയും , ഒമിക്രോണും പടർന്ന് പിടിക്കുമ്പോൾ ഈ ആൾക്കൂട്ട ഷോകൾ വേണോ എന്ന് പുനരാലോചിക്കണം. നേന്ത്രപ്പഴം വാങ്ങാൻ പോയവരും മരുന്നു വാങ്ങാൻ പോയവരും എല്ലാം ഏത്തമിടേണ്ടി വന്ന നാട്ടിൽ ഈ മഹാമഹങ്ങൾ എല്ലാം നിയന്ത്രിക്കണം. പാർട്ടിയുടെ സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും കൂടി നടക്കാനുള്ള സാഹചര്യത്തിൽ ജാഗ്രത വേണം. കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെടെ മറ്റു പാർട്ടികളും ഇക്കാര്യത്തിൽ അണികളെ ഉപദേശിക്കണം. തൽക്കാലം പ്രതിഷേധ പ്രകടനങ്ങൾ എല്ലാം ഒഴിവാക്കാനുള്ള UDF തീരുമാനം എന്തായാലും നന്നായി. കോവിഡിൻ്റെ താണ്ഡവത്തിൽ ലോകത്ത് ഇന്നുവരെ അന്യമായത് 5,560,046 മനുഷ്യ ജീവനാണ്. അതിലേറെ ജീവിത സാഹചര്യങ്ങളാണ് .
നാട്ടിലെമ്പാടും ഗുണ്ടാ വിളയാട്ടവും അരും കൊലകളും സ്ത്രീപീഡനങ്ങളും പെരുകുന്നു . ഇനി വൈകിക്കൂടാ! സത്യവും അഹിംസയും സമാധാനവും നാട്ടിൽ പുലരണം’ ‘
സംശയമില്ല മഹാന്മ ഗാന്ധിയുടെ തിരിച്ചു വരവ് ഇന്ത്യക്ക് ആവശ്യമാണ്
പ്രൊഫ ജി ബാലചന്ദ്രൻ