എന്റെ ബന്ധുവായ എസ് എൽ പുരം സദാനന്ദൻ ആണ് പി കൃഷ്ണപിള്ളയെ കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും എന്നോട് പറഞ്ഞത് ” അന്ത്യനാളിൽ എട്ടുദിവസം കൃഷ്ണപിള്ളയോടൊപ്പം ഉണ്ടായിരുന്നു . 42 വയസ്സ് മാത്രം ജീവിച്ച കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും ദീർഘകാലം പാർട്ടി സെക്രട്ടറിയുമായിരുന്നു . ഒളിവിലും തെളിവിലും ഇരുന്ന് പാർട്ടി സംഘടിപ്പിച്ചു. രാമൻ എന്ന കള്ളപ്പേരിൽ കൃഷ്ണപിള്ള ആലപ്പുഴ കണ്ണാർകാട്ടെ ചെല്ലപ്പൻ്റെ കുടിലിലെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിലേക്ക് ഉള്ള റിപ്പോർട്ട് എഴുതാനാണ് കൃഷ്ണപിള്ള എത്തിയത്. മണ്ണെണ്ണ വിളക്കിൻ്റെ മങ്ങിയ പ്രകാശത്തിൽ കടലാസിൽ എഴുതി തുടങ്ങി: *വിമർശനം ഉണ്ട് പക്ഷേ സ്വയം വിമർശനം ഇല്ല* : അത്രയുമേ എഴുതിയുള്ളൂ’ . ബാക്കി അദ്ദേഹത്തിൻറെ മനസ്സിലായിരുന്നു” ‘ അപ്പോഴേക്കും അദ്ദേഹത്തെ ഒരു പാമ്പുകടിച്ചു: ബോധരഹിതനായ കൃഷ്ണപ്പിള്ളയെ ഒരു കട്ടിലിൽ ചുമന്ന് ഒന്നു രണ്ട് വിഷഹാരികളുടെ അടുക്കലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.. കാട്ടു തീ പോലെ മിന്നൽ വേഗത്തിൽ വിവരം നാട്ടുകാർ അറിഞ്ഞു .. ആളുകൾ ഓടിക്കൂടി, രക്ത പതാകകൾ താഴ്ത്തികെട്ടി. പാർട്ടി ഓഫീസിലെ പൊതു ദർശനത്തിന് വെച്ച ശേഷം ഭൗതിക ശരീരം വലിയ ചുടുകാട്ടിൽ സംസ്കരിച്ചു. കൃഷ്ണപിള്ളയുടെ സ്മാരകം ചിലർ പാർട്ടിയിലെ കുടിപ്പക മൂലം അടിച്ചുതകർത്തു: ധീരനും കഠിനാദ്ധ്വാനിയും, സൈദ്ധാന്തികനുമായിരുന്ന കൃഷ്ണപിള്ളയാണ് കമ്യൂണിസ്റ്റ് പാർട്ടിയെ കരുപിടിപ്പിച്ചത്.
ഇപ്പോൾ സി.പി.എമ്മിൻ്റെ സംഘടനാ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. കണ്ണൂരിൽ എം.വി. ജയരാജൻ വീണ്ടും സെക്രട്ടറിയായി. ആക്ഷേപങ്ങൾക്കൊടുവിൽ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറി പദവിയിൽ തിരിച്ചെത്തി. എറണാംകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും തൽസ്ഥിതി തുടരാനാണ് സാധ്യത. പാർട്ടി കോൺഗ്രസിന് കണ്ണൂർ വേദിയാവുകയാണ്. യെച്ചൂരിക്ക് പകരം ആര് എന്ന ചർച്ച നടക്കാനിരിക്കുന്നതേ ഉള്ളു.. കൃഷ്ണപിള്ളയുടെ വാക്കുകൾ എന്നും പ്രസക്തമാണ്. പ്രത്യേകിച്ച് ഉൾപ്പാർട്ടി ജനാധിപത്യവും ഉൾപ്പാർട്ടി വിപ്ലവവും നയമാക്കിയ പാർട്ടികൾക്ക്. വിമർശനവും സ്വയം വിമർശനവും എല്ലാവർക്കും നല്ലതാണ്.. കൃഷ്ണപിള്ള എന്ന നല്ല സഖാവിൻ്റെ ഓർമ്മകൾക്ക് മരണമില്ല !വാക്കുകൾക്കും .
പ്രൊഫ ജി ബാലചന്ദ്രൻ