വില്ലാളിവീരനായ അർജുനനെ വെല്ലുന്ന കർണൻ

കുരുക്ഷേത്രയുദ്ധത്തിലെ യഥാർത്ഥ വിജയി ആരെന്ന ചോദ്യത്തിന് ഭഗവാൻ കൃഷ്ണൻ പോലുംപറയുന്ന ഉത്തരം സൂര്യപുത്രനായ കർണൻ എന്നാവും. തന്നെ പരിചരിച്ച കുന്തീദേവിയ്ക്ക് ദുർവ്വാസാവ് ഒരു വരം നൽകി. ” മനസ്സിൽ ധ്യാനിക്കുന്ന ദേവനിൽ നിന്ന് പുത്രഭാഗ്യം നേടാം”. കൗമാരത്തിൻ്റെ ചാപല്യത്തിൽ കുന്തി ഇഷ്ടപ്രാണേശ്വരനായി സൂര്യദേവനെ ധ്യാനിച്ചു. സൂര്യകടാക്ഷംകൊണ്ട് കുന്തി ദിവ്യഗർഭം ധരിച്ചു. കർണാഭരണവിഭൂഷിതനായ ഒരു കുഞ്ഞിനെ പ്രസവിച്ചു. കവചകുണ്ഡലങ്ങളാൽ പിറന്ന തൻ്റെ പുത്രൻ അജയ്യനാവുമെന്ന് സർവ്വസാക്ഷിയായ സൂര്യൻ ഉറപ്പുനൽകി. എങ്കിലും ലോകാപവാദം ഭയന്ന് കുന്തി മാതൃത്വം ഒളിച്ചുവച്ചു. കടിഞ്ഞൂൽക്കനിയെ ഒരു പെട്ടിയിൽ അടച്ചു ചർമ്മണ്ണ്വാവതിപ്പുഴയിലൂടെ യമുനയിലേക്കൊഴുക്കി ‘

ആകസ്മികമായി ആ പെട്ടി സൂതനായ അതിരഥൻ്റെ ദൃഷ്ടിയിൽപ്പെട്ടു. തേജോമയനായ ആ കുഞ്ഞിനെ മക്കളില്ലാത്ത അതിരഥദമ്പതികൾ വളർത്തി. കർണാഭരണങ്ങളുടെ ശോഭകൊണ്ട് അവർ കുഞ്ഞിന് കർണൻ എന്ന് പേരിട്ടു. ദ്രോണരുടെ കീഴിൽ ആയുധാഭ്യാസത്തിന് അയച്ചു. കർണൻ അതിവേഗം ശസ്ത്രാഭ്യാസങ്ങൾ പഠിച്ചു തീർത്തു.

ഏതൊരു യോദ്ധാവിനെയും പൊലെ വിശ്വവിജയിയാകണമെന്ന ത്വര കർണനുമുണ്ടായിരുന്നു. അതുകൊണ്ട് ബ്രഹ്മാസ്ത്രം ഉപദേശിച്ചു തരണമെന്ന് കർണൻ ദ്രോണരോട് അഭ്യർത്ഥിച്ചു. തപസിദ്ധിയുള്ള ക്ഷത്രിയനും ബ്രാഹ്മണനും മാത്രമേ ബ്രഹ്മാസ്ത്രം ഉപയോഗിക്കാനാവൂ എന്ന് പറഞ്ഞ് കർണനെ ദ്രോണർ മടക്കിഅയച്ചു. പിന്നീട് കർണൻ ആയുധ വിദ്യയിൽ അഗ്രഗണ്യനായ പരശുരാമനെ ബ്രാഹ്മണൻ എന്ന വ്യാജേന സമീപിച്ചു. ശസ്ത്രവിദ്യ മുഴുവൻ പഠിച്ചു. എന്നാൽ കർണൻ ബ്രാഹ്മണനല്ല എന്നു തിരിച്ചറിഞ്ഞ പരശുരാമൻ കർണനെ ശപിച്ചു. “അവശ്യസമയത്ത് ഞാൻ പഠിപ്പിച്ചതെല്ലാം ഓർക്കാതെ പോവട്ടെ”. മറ്റൊരിക്കൽ ഒരു മുനിയുടെ വളർത്തു മൃഗത്തെ അമ്പെയ്ത് കൊന്നതിൻ്റെ പേരിൽ കർണന് ശാപം ഏൽക്കേണ്ടി വന്നു; ” യുദ്ധ വേളയിൽ നിൻ്റെ തേർച്ചക്രം ഭൂമിയിൽ താഴ്ന്നു പോവട്ടെ.”

ദ്രോണാചാര്യർ തൻ്റെ ശിഷ്യൻമാരുടെ അസ്ത്രശസ്ത്ര വിദ്യയിലുള്ള അരങ്ങേറ്റത്തിന് വേദിയൊരുക്കി . എല്ലാവരും അവരുടെ കഴിവുകൾ തെളിയിച്ചു. അർജുനനാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. അർജുന സ്തുതി അതിരുവിട്ടപ്പോൾ കർണൻ പറഞ്ഞു. ” ഇതിലും ഗംഭീരമായി അസ്ത്രശസ്ത്ര വിസ്മയം തീർക്കാൻ എനിക്കും കഴിയും” .

സൂതപുത്രനായ തനിക്ക് രാജകുമാരൻമാരുമായി യുദ്ധം ചെയ്യാൻ എന്തർഹത എന്നു പറഞ്ഞ് ദ്രോണർ കർണനെ അപമാനിച്ചു. അപ്പോൾ കർണൻ്റെ മുഖം വെയിലേറ്റുവാടിയ താമരപ്പൂ പോലെയായി. ആ അപമാനഭാരത്തിൽ നിന്ന് കർണന് രക്ഷകനായത് ദുര്യോധനനാണ്. കുലമഹിമയാണ് കർണന് ആയുധാഭ്യാസ പ്രകടനത്തിന് തടസ്സം എങ്കിൽ ഞാൻ സൂതപുത്രനായ കർണ്ണനെ അംഗരാജാവായി വാഴിക്കുന്നു എന്ന് പറയാൻ ദുര്യോധനൻ ആർജ്ജവം കാണിച്ചു.

കുരുക്ഷേത്രയുദ്ധത്തിന് പടനിലം ഒരുങ്ങി. കുന്തീ ദേവി തന്നെ കർണനെ സമീപിച്ചു. തൻ്റെ മൂത്ത പുത്രനാണ് കർണനെന്നും പാണ്ഡവരെ വധിക്കരുതെന്നും പറഞ്ഞു. അർജുനൻ ഒഴികെ ഒരു പാണ്ഡവനെയും വധിക്കില്ല എന്ന് കർണൻ പെറ്റമ്മയക്ക് വാക്ക് കൊടുത്തു. കർണ്ണൻ്റെ ദാനധർമ്മിഷ്ഠത മുതലെടുത്ത് തൻ്റെ പുത്രന് വിജയം ഒരുക്കാൻ അർജുനൻ്റെ പിതാവായ ദേവേന്ദ്രൻ വേഷപ്രച്ചന്നനായി ചെന്ന് കർണൻ്റെ കവച കുണ്ഡലങ്ങൾ യാചിച്ച് വാങ്ങി.

കുരുക്ഷേത്ര യുദ്ധത്തിനു മുമ്പായി ഭഗവാൻ ശ്രീ കൃഷ്ണൻ കർണനെ സമീപിച്ചുകൊണ്ട് പാണ്ഡവ പക്ഷത്ത് ചേരണമെന്ന് പറഞ്ഞു. ദുര്യോധനൻ്റെ ചങ്ങാത്തം വിട്ടുകൊണ്ട് ഒരു രാജ്യാധികാരവും എനിക്കു വേണ്ടെന്ന് പറഞ്ഞ് കർണൻ കൃഷ്ണ വാക്കുകളോട് സ്നേഹപൂർവ്വം വിയോജിച്ചു’

ഭീഷ്മർക്കും ദ്രോണർക്കും ശേഷം കൗരവപ്പടയെ നയിക്കാൻ കർണനെയാണ് ചുമതലപ്പെടുത്തിയത്. കർണൻ്റെ തേര് തെളിച്ചത് ശല്യരായിരുന്നു. ‘ മുഴുവൻ സമയവും ശല്യർ കലഹിച്ചും കുത്തിനോവിച്ചും കർണൻ്റെ ആത്മവീര്യം കെടുത്തിക്കൊണ്ടേയിരുന്നു.

ഭൂമിയിൽ താണുപോയ തേർച്ചക്രം ഉയർത്തുന്നതിനിടയിൽ യുദ്ധ നിയമം ലംഘിച്ച് അർജുനൻ കർണൻ്റെ നേരെ അമ്പെയ്ത് വധിച്ചു. അപ്രതിരോധ്യനായ, കർണൻ യുദ്ധക്കളത്തിൽ രക്തസാക്ഷിയായത് ചതിയിലൂടെയാണ്.

കർണനെ വധിച്ച് സ്വന്തം തേർത്തട്ടിൽ നിന്ന് ക്യഷ്ണനും അർജുനനും ഇറങ്ങിയപ്പോൾ അവരുടെ രഥം കത്തിച്ചാമ്പലായി. അപ്പോൾ കൃഷ്ണൻ പറഞ്ഞു : “അർജുനാ അതാണ് കർണൻ്റെ ശക്തി”

ജ്യേഷ്ഠ പാണ്ഡവനായ കർണന് ശേഷക്രിയ ചെയ്യുമ്പോൾ ദു:ഖഭാരത്താൽ അമ്മയായ കുന്തിയെ യുധിഷ്ഠിരനും ജന്മരഹസ്യം മറച്ചു വെച്ചതിന് ശപിക്കുന്നുണ്ട്. ഇതെല്ലാം അടയാളപ്പെടുത്തുന്നത് മഹാഭാരത കഥയിൽ കർണനോളം കീർത്തിയും വ്യക്തിത്വവുമുള്ള മറ്റൊരു കഥാപാത്രം ഇല്ല എന്നു തന്നെയാണ്.

പ്രൊഫ ജി ബാലചന്ദ്രൻ

#കർണൻ

No photo description available.

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ