വിഷ്ണു നാരായണന്‍ നമ്പൂതിരി സാറിനെ പരിചയപ്പെട്ടത് തികച്ചും യാദൃച്ഛികമായാണ്. യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്‍റായിരുന്നു സംഗമവേദി. കട്ടിക്കണ്ണട, ഖദര്‍ ജുബ്ബ, വിനയത്തിന്‍റെയും ലാളിത്യത്തിന്‍റെയും നിറകുടം. അതാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി. സാര്‍ എന്‍റെ ഭാര്യ ഇന്ദിരയുടെ അധ്യാപകനാണ്. ഇന്ദിരയുടെ അച്ഛന്‍ വിഷ്ണുസാറിന്‍റെ സുഹൃത്തുകൂടിയായിരുന്നു. സാറിനെക്കുറിച്ച് പറയുമ്പോള്‍ ഇന്ദിരയ്ക്ക് നൂറുനാവാണ്.
യൂണിവേഴ്സിറ്റി യൂണിയന്‍റെ ആഭിമുഖ്യത്തില്‍ ചരല്‍ക്കുന്നില്‍ നടത്തിയ സാഹിത്യ ക്യാമ്പില്‍ വച്ചാണ് നമ്പൂതിരി സാറുമായി കൂടുതല്‍ അടുത്തത്. സാറിന് ഒരു രാഷ്ട്രീയവുമില്ല. മൂന്നു പേരാണ് സാറിന്‍റെ ആരാധനാ മൂര്‍ത്തികള്‍. മഹാകവി കാളിദാസന്‍, ഗാന്ധിജി, ജയപ്രകാശ് നാരായണന്‍. ജീവിതത്തിലുടനീളം അവരുടെ സ്വാധീനം സാറില്‍ നിലനിന്നു.
ശിഷ്യ എന്ന നിലയില്‍ ഇന്ദിരയോടു കാണിച്ച വാത്സല്യം എന്‍റെ ഉള്ളു നിറയ്ക്കുന്നതായിരുന്നു. ഇന്ദിര ഗായത്രീമന്ത്രത്തെക്കുറിച്ച് ഒരു പുസ്തകമെഴുതി. ആ ഗ്രന്ഥത്തിന് നമ്പൂതിരി സാര്‍ ഒരു ആശംസയും എഴുതി തന്നു. ഇന്ദിര എഴുതിയ കാളിദാസ വൈഖരി എന്ന പുസ്തകത്തിലെ ഒരു ശ്ലോകത്തിൽ ഒരു തെറ്റുണ്ടെന്ന് ഒ.എൻ.വി സാർ പ്രസംഗമദ്ധ്യേ പറഞ്ഞു. അതല്ല ഇന്ദിര എഴുതിയതുതന്നെയാണ് ശരി എന്ന് വിഷ്ണു സാർ ഒരു എഴുത്തിലൂടെ ഇന്ദിരയെ അറിയിച്ചു. അപ്പോഴാണ് ഇന്ദിരക്ക് ആശ്വാസമായത്.
റിട്ടയര്‍മെന്‍റിനു ശേഷം നമ്പൂതിരി സാര്‍ അദ്ദേഹത്തിന്‍റെ കുടുംബ ക്ഷേത്രമായ തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി. അക്കാലത്താണ് അദ്ദേഹത്തിനു കവിയെന്ന നിലയില്‍ വിദേശത്തു പോകാന്‍ ക്ഷണം കിട്ടിയത്. പോയി മടങ്ങിവന്നപ്പോള്‍ സമൂദ്രം കടന്നതിന്‍റെ പേരില്‍ വിഷ്ണുസാറിന് ക്ഷേത്ര തന്ത്രി അക്കീരന്‍ കാളിദാസ ഭട്ടതിരിപ്പാട് വിലക്കു കല്‍പ്പിച്ചു. പ്രായശ്ചിത്തം ചെയ്യണമെന്നായി. പില്‍ക്കാലത്ത് ഈ കാളിദാസ ഭട്ടതിരിപ്പാടിന്‍റെ മകന്‍ വിദേശത്തു വച്ച് ഒരു മദാമ്മയെയാണ് വിവാഹം കഴിച്ചത്. അയാൾക്ക് എന്തു ശിക്ഷ കൊടുത്തുവോ എന്തോ?.
നമ്പൂതിരി സാറിനെ സംബന്ധിച്ചിടത്തോളം കവിയെന്നാല്‍ കാളിദാസനാണ്. ദേവതാത്മാവായ ഹിമവാന്‍റെ ഗാംഭീര്യവും കമനീയതയും അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ നിറഞ്ഞ് ഒളിമിന്നി നില്‍ക്കുന്നു. 1979ലാണ് ആദ്യമായി അദ്ദേഹം ഹിമാലയത്തില്‍ പോയത്. കാളിദാസ കാവ്യങ്ങള്‍ നല്‍കിയ സംസ്കാരത്തില്‍ നിന്നാണ് ഹിമാലയത്തിലെ ഭൂമിശാസ്ത്രം ഗ്രഹിച്ചത് എന്നദ്ദേഹം പറയാറുണ്ട്. സാറിന് ജാതിയും മതവുമില്ല. വിശ്വ മാനവികതയാണ് അദ്ദേഹത്തിന്‍റെ മതം. ലോകത്തിലെ ഏറ്റവും വലിയ ആത്മീയത അറിവാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നു.
പ്രൊഫ ജി ബാലചന്ദ്രൻ