കോൺഗ്രസ് കർണാടകയെ കൈപ്പിടിയിലാക്കിരിക്കുന്നു. കന്നഡ മണ്ണിൽ കോൺഗ്രസ്സിൻ്റെ ത്രിവർണ പതാകകൾ ഉയർന്നു പാറുകയാണ്. വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന മട്ടിൽ ബി.ജെ.പി നിലം പൊത്തി.
പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ ആദ്യം ബി.ജെ.പി. മുന്നിലായിരുന്നു. ഇലക്ട്രോണിക് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്. നിമിഷം പ്രതിയാണ് അട്ടിമറി നടത്തി കോൺഗ്രസ് വെന്നിക്കൊടി പാറിച്ചത്. രാഹുലും ഖാർഗെയും ശിവകുമാറും സിദ്ധാ രാമയ്യയും ഒരുമിച്ച് നിന്നപ്പോൾ നേട്ടം കൊയ്യാൻ പാർട്ടിക്ക് കഴിഞ്ഞു. എക്സിറ്റ് പോൾ ഫലം ആദ്യം കോൺഗ്രസിന് അനുകൂലവും പിന്നീട് തൂക്ക് മന്ത്രി സഭയാകുമെന്നാണ് രാഷ്ട്രീയ ജ്യോത്സ്യൻമാർ പ്രവചിച്ചത്. ഫലപ്രഖ്യാപനം സസ്പെൻസ് ത്രില്ലറായിരുന്നു. കിംഗ് മേക്കറാവാം എന്ന ജെ.ഡി. എസ്. സ്വപ്നം വിഫലമായി. പ്രതികാര രാഷ്ട്രീയത്തിന് തിരശീല വീണു എന്നു ഇനി പറയാനാകും. തിരഞ്ഞെടുപ്പിൽ പല ഇന്ദ്രജാലവും കാണിച്ച സംസ്ഥാനമാണ് കർണാടക. അവസാന ലാപ്പിൽ കോൺഗ്രസിന്റെ ഭൂരിപക്ഷം കൂടി വന്നു. ക്ലൈമാക്സിൽ കോൺഗ്രസ്സിൻ്റെ ഫിനിഷിംഗ് ആശ്ചര്യകരമായിരുന്നു. ദക്ഷിണേന്ത്യയിൽ നിലവിലുണ്ടായിരുന്ന അവശേഷിക്കുന്ന താമരയുടെയും തണ്ടൊടിഞ്ഞു.
ശിവകുമാറിൻ്റെ രാഷ്ട്രീയ തന്ത്രവും ആത്മവിശ്വാസവും അപാരമായിരുന്നു. ഹനുമാനും സർപ്പവും ബജ്റംഗ് ദളും വിഷയങ്ങളായി. സ്ഥാനാർത്ഥികളുമായി അടുത്തിടപെട്ട്, കമ്പോടു കമ്പ് തന്ത്രം മെനഞ്ഞ ശിവകുമാറിൻ്റെ പ്രവർത്തനം മികച്ചതായിരുന്നു. വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം നല്ല രീതിയിൽ ഉപയോഗിച്ചു. കോൺഗ്രസ്സിൻ്റെ വോട്ടു ശതമാനത്തിൽ വൻ വർദ്ധന ഉണ്ടായി.പക്ഷെ കോൺഗ്രസിലേക്ക് വന്ന ഷെട്ടാറിന് രക്ഷപ്പെടാനായില്ല. കർണാടക കോൺഗ്രസ് നേതൃത്വത്തിന് ജനാധിപത്യവും സ്വാതന്ത്ര്യവും വികസനവും കാത്തു സൂക്ഷിക്കാൻ കഴിയട്ടെ. .
ഇന്ത്യയിലാകെ പ്രതിപക്ഷത്തിനു ശക്തി പകരുന്ന തെരഞ്ഞെടുപ്പു ഫലം. കേരളത്തിനും മാതൃകയാകട്ടെ..
മുഖ്യമന്ത്രി സാദ്ധ്യത ടി.കെ.ശിവകുമാറിനായിരിക്കും.
അഭിവാദ്യങ്ങൾ
പ്രൊഫ.ജി.ബാലചന്ദ്രൻ
Cong: 136 | BJP: 65 | JDS: 19 | OTH: 04