കേരളത്തിൽ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി എന്നീ പാർട്ടികൾ നേതൃത്വം നൽകുന്ന മൂന്ന് മുന്നണികളാണ് പ്രബലമായിട്ടുള്ളത്.ബി. ജെ.പി. കേരളത്തിലെ പാഠം പഠിച്ച് ഗ്രൂപ്പ് തലം മുതൽ സംഘടന കെട്ടിപ്പടുക്കാനും ഭവന സന്ദർശനം നടത്തി ഫണ്ടു സമാഹരിക്കാനും തീരുമാനിച്ചു കഴിഞ്ഞു. സി.പി.എം ൻ്റെ ബ്രാഞ്ച് തലം മുതൽ പാർട്ടി കോൺഗ്രസ് വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയായി വരികയാണ്. അവരുടെ കരട് രാഷ്ട്രീയ പ്രമേയം പാർട്ടിക്കുള്ളിലും പൊതുമണ്ഡലത്തിലും വിമർശനാത്മകമായി ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നു. അഞ്ച് ലക്ഷത്തിലധികം കേഡർമാർമാരും മുപ്പതിനായിരത്തിലധികം ബ്രാഞ്ചുകളും അതിലേറെ വർഗ-ബഹുജന സംഘടനകളും ഉള്ള സി.പി.എം അവരുടെ സമ്മേളനങ്ങൾ വിവിധതലങ്ങളിൽ കാലാനുസൃതമായി നടത്തി വരുന്നു.
കോൺഗ്രസിൽ പുതിയ നേതൃത്വം വന്നപ്പോൾ ഉണർവ്വും ഊർജ്ജസ്വലതയും ഉണ്ടായിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ ഉണ്ടായ തിരഞ്ഞെടുപ്പ് തോൽവി കോൺഗ്രസിനെ അഖിലേന്ത്യാതലത്തിൽ വല്ലാതെ ക്ഷീണിപ്പിച്ചു. എന്നാലും കോൺഗ്രസിന് പ്രതീക്ഷയ്ക്ക് വകയുണ്ട്. കേരളത്തിൽ പ്രതിപക്ഷമെന്ന നിലയിൽ സമരവും പ്രസ്താവനയും നല്ലതു തന്നെ. അതു മാത്രം പോര, ഒരു പുതിയ കർമ്മമണ്ഡലത്തിന് വഴിയൊരുക്കണം. കൃത്യമായ ഒരു മാർഗരേഖയുണ്ടാക്കണം. മഹാത്മാഗാന്ധി അവസാന നാളിൽ പറഞ്ഞത് കോൺഗ്രസ് ഒരു സന്നദ്ധ സേവന സംഘടനയാകണമെന്നാണ്. ആ വാചകം കോൺഗ്രസ് ഒരു അതിജീവനമന്ത്രമായി സ്വീകരിക്കണം. മെമ്പർഷിപ്പ് വിതരണം നടക്കാനിരിക്കുന്നു. അതിൻ്റെ അടിസ്ഥാത്തിലുള്ള സംഘടനാ തിരഞ്ഞെടുപ്പും വരും.
ബൂത്തുതലം മുതൽ കോൺഗ്രസ് ശക്തിപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത് നല്ലത്. ഓരോ ബൂത്തിനും ഒരു മിനുറ്റ്സ് ബുക്കും ബൂത്തിലെ സജീവ പ്രവർത്തകരുടെ ലിസ്റ്റും ഉണ്ടാക്കണം. ജനങ്ങളുമായിട്ടുള്ള സംവാദവും നല്ലതാണ്. ഓരോ ഗ്രാമസഭയെയും ഒരു ബൂത്തായി കണ്ട് അതിനെ ചെറിയ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രാദേശിക പ്രവർത്തകരെ കണ്ടെത്തണം. കോൺഗ്രസിൻ്റെ ത്രിതല പഞ്ചായത്ത് മെമ്പർമാർ , പഞ്ചായത്ത് പ്രസിഡണ്ട്മാർ എന്നിവർ ചേർന്ന് ” പബ്ലിക് ഹിയറിംഗ് ” (Public Hearing) സെൻ്ററുകൾ ഉണ്ടാക്കണം. ഭവന സന്ദർശനം നടത്തി പാവപ്പെട്ടവരുടെ പരാതികൾ കേൾക്കുകയും അത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുകയും വേണം.
സമൃദ്ധിയിലും ദാരിദ്ര്യം അനുഭവിക്കുന്നു എന്നതാണ് കേരള മോഡലിൻ്റ ഒരു വിരോധാഭാസം. അതു കൊണ്ട് തന്നെ പട്ടിണിപ്പാവങ്ങളുടെയും ആലംബഹീനരുടെയും പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്ക് അന്നവും അഭയവും ഉറപ്പു വരുത്തുകയും വേണം. രാഷ്ട്രീയമായ എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും രക്തദാനം , വിശക്കുന്നവർക്ക് പൊതിച്ചോറ്, ആതുരസേവനം എന്നിവയിൽ DYFl ഉം സേവാഭാരതിയും ചെയ്യുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. അത്തരം പ്രവർത്തനങ്ങൾ കോൺഗ്രസും ആരംഭിക്കണം’
അയൽക്കൂട്ടങ്ങൾ പോലെയുള്ള ഒരു ചെറു കൂട്ടായ്മ (50 മുതൽ 60 വരെ പേർ) സംഘടിപ്പിക്കുന്നത് നല്ലതാണ്. അന്ധവിശ്വാസവും ജാതി മത സ്പർദ്ധയും ലഹരിമരുന്ന് ഉപയോഗവും അഴിമതിയും തടയുന്നതിന് ഇത്തരം കൂട്ടായ്മകൾ വേദിയാക്കണം.. പാവങ്ങൾക്ക് നീതി ലഭിക്കുന്നതിനാവശ്യമായ നിയമ സഹായം കൊടുക്കണം. അതിന് യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐ. എൻ. ടി. യു.സി. പോഷക സംഘടനകൾ എന്നിവ കർമ്മനിരതരാകണം:
സ്റ്റേജിൽ നിരന്നിരിക്കാനും, ഫോട്ടോയ്ക്കായി ഇടിയ്ക്കാനുമുള്ള ത്വര കുറയ്ക്കണം . രാഷ്ട്രീയ പഠന ക്ലാസുകൾ വിവിധ ഘടകങ്ങൾക്കായി പ്രത്യേകം നൽകണം.കാര്യങ്ങൾ പഠിക്കാതെയുള്ള നേതാക്കൻമാരുടെ പ്രസംഗ കോലാഹലം ഒഴിവാക്കണം. ഇപ്പോൾ നടക്കുന്നത് ആവർത്തന വിരസതയുളവാക്കുന്ന പ്രസംഗങ്ങളാണ്. അതിന് പകരം ഓരോ നേതാവും ഓരോ രാഷ്ട്രീയ സംഭവ വികാസങ്ങൾ ആഴത്തിൽ പഠിച്ച് ജനശ്രദ്ധയാകർഷിക്കുന്ന തരത്തിൽ അവതരിപ്പിക്കണം. നിലപാടുകളിൽ വ്യക്തത വരുത്തുകയാണാവശ്യം. ചെറുപ്പക്കാരായ പ്രവർത്തകർക്ക് പാർട്ടിയിൽ കൂടുതൽ അവസരങ്ങൾ നൽകണം. എങ്കിലെ അവർക്ക് നേതൃപദവിയിലേക്ക് ഉയർന്നു വരാൻ കഴിയൂ. അതിന് മാർക്സിസ്റ്റ് പാർട്ടി കാണിച്ച മാതൃക അഭിനന്ദനീയമാണ്. ഏതു പാർട്ടിയിലായാലും നേതാക്കൻമാർ പദവികളിൽ ആചന്ദ്രതാരം തുടരണമെന്ന് വാർദ്ധക്യകാലത്തും ആഗ്രഹിക്കുന്നതും വാദിക്കുന്നതും അപഹാസ്യമാണ്.
എൽ ഡി എഫ് അവരുടെ രാജ്യ സഭാ സ്ഥാനാർഥികളെ എത്ര ഭംഗിയായാണ് നിശ്ചയിച്ചത്. അജഗളസ്തനം പോലയുളള നേതാക്കൾ സംഘടനയ്ക്ക് ഒരു ബാദ്ധ്യതയാണ്. 3ജി നേതാക്കളുടെ
അഭിപ്രായങ്ങൾ ഉൾക്കൊള്ളണം.ഇനിയെങ്കിലും കെട്ടിയിറക്കലുകൾ ഉപേക്ഷിക്കണം.
പ്രൊഫ ജി ബാലചന്ദ്രൻ