സർവ്വാദരണീയമായ ഒരു യാത്രയയപ്പാണ് ഉമ്മൻ ചാണ്ടിക്കു ലഭിച്ചത്. വിലാപയാത്രയിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. ഇപ്പോഴും കല്ലറയിൽ പാവങ്ങളും സ്നേഹിതരും പോയി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നു. അതിനിടയിലാണ് ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖമന്ത്രിയെ വരുത്തി ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിച്ചത്. അതു ബുദ്ധി ശൂന്യതയായിപ്പോയി. പത്തുവർഷം നിരന്തരമായി ഉമ്മൻ ചാണ്ടിയെ വളഞ്ഞിട്ടാക്രരിച്ച, നട്ടാൽ കുരുക്കാത്ത നുണ പ്രചരണങ്ങൾ നടത്തിയ ശ്രീ പിണറായി മരണാനന്തരമെങ്കിലും നല്ലതു പറയുമെന്ന് നിരൂപിക്കാമോ?
അനുസ്മരണ യോഗത്തിൽ വിദ്യാർത്ഥികൾ സ്മര്യ പുരുഷൻ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് തെറ്റാകുന്നതെങ്ങനെ. പിണറായി ഗോബാക്ക് എന്നോ , പിണറായി മുർദ്ദാബാദ് എന്നോ വിളിച്ചില്ലല്ലോ. പിന്നെ മൈക്ക് ! ഏതോ ഫോട്ടോഗ്രഫറുടെ കാൽ തട്ടി വയർ ചുളുങ്ങിയപ്പോൾ നിമിഷ നേരത്തേക്കു മൈക്കിനു കേടുപറ്റി.
അത് വിമർശനത്തിന് തിരികൊളുത്തി. മൈക്കിനേയും മൈക്കുകാരനേയും കസ്റ്റഡിയിലെടുത്തു. വിവേകമുദിച്ചപ്പോൾ പാവം മൈക്കിനേയും മൈക്കുകാരനേയും വിട്ടയച്ചു. നാണം കെട്ട് കേസ് നിരൂപാധികം പിൻവലിച്ചു. കോൺഗ്രസ്സ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മുഖ്യാതിഥിയായി മുഖ്യമന്ത്രിയെ ക്ഷണിച്ചത് തനിക്കു ലഭിച്ച ഒരു ബഹുമതിയായി പിണറായി ധരിക്കേണ്ടതായിരുന്നു. ഉമ്മൻ ചാണ്ടി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് പ്രതിപാദിച്ചത് തെറ്റാണോ?
കയറു കണ്ട് പാമ്പാണെന്നു തെറ്റിദ്ധരിച്ച് ഭയക്കുന്നതു പോലെയായി മുഖ്യമന്ത്രിയുടെ അവസ്ഥ. കറുത്ത കൊടി കണ്ടാലും ഒരാൾ മുദ്രാവാക്യം വിളിച്ചാൽപ്പോലും ആകെ പേടിച്ചു വിറയ്ക്കുന്ന പിണറായിയ്ക്ക് ഇരട്ടച്ചങ്കുണ്ടെന്ന് ഏതു വിവരദോഷിയാണ് പറഞ്ഞത്. ചുരുക്കിപ്പറഞ്ഞാൽ വേലിയിലിരുന്ന പാമ്പിനെ എടുത്തു മടിയിൽ വച്ചതു പോലെയായി ആ സംഭവം. ഉമ്മൻചാണ്ടിയെക്കുറിച്ച് നാലു നല്ല വാക്കു പറയുവാനുള്ള മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ലല്ലോ?.
പ്രൊഫ.ജി.ബാലചന്ദ്രൻ