കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റിയുടെ രൂപീകരണം ശ്രദ്ധേയവും അഭിനന്ദനീയവുമാണ്.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ അഴിച്ചുപണി ഏറ്റവും ശ്ലാഘനീയമാണ്. ശശി തരുരിനെ പോലൊരാളെ CWC യിൽ ഉൾപ്പെടുത്താൻ കാണിച്ച ഖാർഗെയുടെ മഹാമനസ്കത സർവ്വാദരണീയമാണ്. ചെറുപ്പക്കാരെയും ദളിതംഗങ്ങളെയും ഉൾപ്പെടുത്തിയതും നന്നായി. രമേശ് ചെന്നിത്തലയെക്കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു.
കോടിക്കണക്കിനു പാർട്ടി പ്രവർത്തകരുള്ള കോൺഗ്രസ്സിൽ നിന്ന് വർക്കിംഗ് കമ്മിറ്റിയിലേക്കു 39 പേരെയും സ്ഥിരം ക്ഷണിതാക്കളായി 32 പേരെയും പ്രത്യേകം ക്ഷണിതാക്കളായി 9 പേരെയും തെരഞ്ഞെടുക്കുക തികച്ചും ശ്രമകരം തന്നെ. പല സമവാക്യങ്ങളും പരിഗണനകളും നോക്കി സമവായത്തോടെ വലിയ ആക്ഷേപമില്ലാതെ CWC പുനസംഘടിപ്പിച്ചത് പാർട്ടിക്കു അഭിമാനകരം തന്നെ. സർവ്വതന്ത്ര സ്വതന്ത്രമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഈ സെലക്ഷൻ ഒരു ഭൂഷണമാണ്.
ഇപ്പോൾ ആകെ 52 ലോക് സഭാംഗങ്ങളേ കോൺഗ്രസ്സിനുള്ളൂ. 2024 ലെ തെരഞ്ഞെടുപ്പിൽ അതിന്റെ ഇരട്ടി അംഗങ്ങളെയങ്കിലും നേടിയെടുക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ് പാർട്ടി ഏർപ്പെട്ടിരിക്കുന്നത്. അതിന് ഒട്ടേറെ ഗൃഹ പാഠങ്ങൾ ചെയ്യേണ്ടതുണ്ട്. ജയിക്കുന്ന സ്ഥാനാർത്ഥികൾ വേണം. ജയിച്ചാൽ തന്നെ പാർലിമെന്റിൽ നാലക്ഷരം തെറ്റുകൂടാതെ പറയാൻ കഴിവുള്ളവരായിരിക്കണം. സമയോചിതമായി ചർച്ചയിൽ ഇടപെടുന്നവരായിരിക്കണം. അതിനുതകുന്ന തരത്തിലായിരിക്കണം സ്ഥാനാർത്ഥി നിർണ്ണയം.
അടുത്ത വർഷവും ചെങ്കോട്ടയിൽ താൻ തന്നെ പതാക ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മ വിശ്വാസത്തോടെ പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തിയും ശേഷിയും കോൺഗ്രസ്സിന് ഉണ്ടാകണം.
കോൺഗ്രസ്സ് സമീപനത്തിൽ വലിയ വിട്ടുവിഴ്ച കാണിച്ചിരിക്കുന്നു. ജി 23 യിലെ തിരുത്തൽ വാദികളെയും ശശി തരുരിനേയും ഉൾപ്പെടുത്തിയത് ചില്ലറക്കാര്യമല്ല. ബഹുസ്വരത കോൺഗ്രസ്സിന്റെ മുഖ മുദ്രയാണ്. കേരളത്തിനു പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. AK ആന്റണി, KC വേണുഗോപാൽ, ശശി തരൂർ എന്നിവരെ വർക്കിംഗ് കമ്മിറ്റിയിലേക്കും രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതൊക്കെ ശൂഭോദർക്കമായ സൂചനയാണ്. കഴിവുള്ളവർക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കണം. ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുമ്പോൾ അതിനെ വാളും പരിചയും ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നതല്ല കോൺഗ്രസ്സിന്റെ പാരമ്പര്യം. ഇനി എല്ലാവരും ഒരുമിച്ചു നീങ്ങിയാൽ സഖ്യ കക്ഷികൾ കോൺഗ്രസ്സിന്റെ ശക്തി മനസ്സിലാക്കി കോൺഗ്രസ്സിനെ വിശ്വാസത്തിലെടുക്കും സംസ്ഥാന തലത്തിൽ മറ്റു കക്ഷികളോടു കോൺഗ്രസ്സ് വിട്ടുവിഴ്ച ചെയ്ത് അവർക്കു മനോവേദയുണ്ടാവാതെ I.N.D.I.A. മുന്നണിയിൽ ഒരുമിച്ച് നിർത്തണം. അതായിരിക്കണം കോൺഗ്രസ്സിന്റെ അടുത്ത നീക്കം.
പ്രൊഫ.ജി.ബാലചന്ദ്രൻ