ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനിതരസാധാരണമായ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ദേശീയത, മതേതരത്വം, രാജ്യത്തിൻ്റെ അഖണ്ഡത എന്നിവ ഉയർത്തിപ്പിടിച്ച് ജനസാഗരങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ കോൺഗ്രസ് പാർട്ടിയിൽ നിന്ന് നേതാക്കൾ ഒന്നൊന്നായി കൊഴിഞ്ഞു പോകുന്നു. നവീന ഇന്ത്യയുടെ നിർമ്മിതിയിൽ വിസ്മരിക്കാനാവാത്ത സംഭാവന നൽകിയത് നെഹ്റു- ഗാന്ധി കുടുംബം ആണെന്നതിൽ യാതൊരു തർക്കവുമില്ല. എങ്കിലും ആ കുടുംബത്തിൽ നിന്നല്ലാതെ ശ്രേഷ്ഠനായ ഒരാൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ടാകുന്നത് ഒരു സമഗ്രമാറ്റത്തിനും പുരോഗതിക്കും വഴി വെയ്ക്കും. കാരണം രാഷ്ട്രീയം പ്രായോഗികതയുടെ കല കൂടിയാണ്. അവിടെയാണ് എ.ഐ.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുമെന്ന ചർച്ചകൾ ഏറെ പ്രസക്തമാകുന്നത്. എഴുത്തുകാരൻ, വാഗ്മി, സംഘാടകൻ, ജനപ്രതിനിധി, കേന്ദ്രമന്ത്രി പാർലമെൻ്റേറിയൻ എന്നീ നിലകളിൽ തരൂർ തൻ്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ഉന്നതമായ പദവികൾ വഹിച്ച തരൂർ സെക്രട്ടറി ജനറലാവാതെ പോയത് നിർഭാഗ്യം കൊണ്ട് മാത്രമാണ്. മൂന്ന് തവണ തിരുവനന്തപുരത്ത് നിന്ന് തുടർച്ചയായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ശശി തരൂരിൻ്റെ ജനപിന്തുണകൊണ്ട് കൂടിയാണ്. ഈ പ്രതിസന്ധിയുടെ കാലത്ത് തരൂർ പ്രസിഡണ്ടാകുന്നതാണ് അഭികാമ്യം അദ്ദേഹത്തിന് വിജയം ആശംസിക്കുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ