ശാസ്ത്ര സാഹിത്യ പരിഷത്ത് സിൽവർ ലൈനുമായ് ബന്ധപ്പെട്ടുയർത്തിയ വിമർശനങ്ങളും സംശയങ്ങളും പ്രസക്തമാണ്. സിൽവർലൈൻ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവയൊന്നും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതെയും റെയിൽവേ ലൈനിന്റെ അലൈൻമെന്റ് കൃത്യമായി നിർണയിക്കാതെയും കേരളത്തിൽ അങ്ങോളമിങ്ങോളം കല്ലുകൾ നാട്ടി അതിർത്തി നിർണയിക്കുന്ന പ്രവർത്തനങ്ങൾ തികച്ചും ജനാധിപത്യ വിരുദ്ധമാകയാൽ, അതിൽ നിന്ന് കെ.റെയിൽ അധികാരികളും കേരള ഗവൺമെന്റും പിൻവാങ്ങണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നു.
സാധാരണക്കാരനെ മറന്ന് പണക്കാരൻ്റെ യാത്ര വേഗത്തിലാക്കാനുള്ള തൊഴിലാളി വർഗ സർക്കാരിനെ പരിഷത്ത് പരിഹസിക്കുന്നുണ്ട്. സിൽവർ ലൈൻ വഴി നേട്ടമുണ്ടാകുന്നത് ഒരു ന്യൂനപക്ഷത്തിനാണെങ്കിലും അതിന്റെ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങളെല്ലാം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളായിരിക്കും എന്ന മുന്നറിയിപ്പും പരിഷത്ത് നൽകുന്നു. കെ റെയിലുമായി ബന്ധപ്പെട്ട DPR, ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട്, എന്നീ മുഴുവൻ വിവരങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ലഭ്യമാക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാറിനോട ആവശ്യപ്പെടുന്നുണ്ട്. .പരിഷത്ത് ഉയർത്തിയ ആവശ്യങ്ങൾ ന്യായമാണെന്ന് തന്നെയാണ് എൻ്റെ പക്ഷം.
ഒരു കാലത്ത് സി.പി. എം ൻ്റെ സൈദ്ധാന്തിക വിഭവങ്ങൾ വിറ്റഴിക്കാനുള്ള മാർക്കറ്റിംഗ് എക്സിക്യുട്ടീവിൻ്റെ റോളായിരുന്നു പരിഷത്തിന്. അവർ ജനങ്ങളെ ചൂടാറാപെട്ടിയെയും , പുകയില്ലാത്ത അടുപ്പിനെയും പറ്റി പഠിപ്പിക്കാൻ ” ശാസ്ത്രം അദ്ധ്വാനം, അദ്ധ്വാനം സമ്പത്ത് ” തുടങ്ങി വലിയ ക്യാപ്സൂളുകൾ കണ്ടെത്തും. ഉദാഹരണത്തിന് ലോക ബാങ്ക് നിർദ്ദേശപ്രകാരം കുടിവെള്ള പദ്ധതിയിൽ നിന്ന് കേരള ജല അതോറിറ്റി പിൻമാറുമ്പോൾ, പങ്കാളിത്ത വികസനം എന്ന പേരിൽ അയൽക്കൂട്ടങ്ങൾ ഉണ്ടാക്കും. ‘. സേവന മേഖലയിൽ നിന്നുള്ള സർക്കാർ പിൻമാറ്റത്തിന് അവർ നൽകുന്ന ഓമനപ്പേരാണ് പങ്കാളിത്ത വികസനം ”. പരിഷത്ത്കാർ എല്ലാവരും മോശക്കാരാണെന്നും അവരുടെ പരിപാടികൾ എല്ലാം ഉട്ടോപ്പിയനാണെന്നുമല്ല പറയുന്നത്. പൊതുവെ പരിഷത്തിനെ പറ്റി പറയുന്ന ഒരു കാര്യമുണ്ട്. തലയിൽ കൊള്ളാത്ത ബുദ്ധി സഞ്ചിയിലാക്കി നടക്കുന്നവർ എന്ന്.! ഇടതുപക്ഷം അധികാരത്തിൽ എത്തുമ്പോൾ വിമർശന ബുദ്ധി സഞ്ചിയിലാക്കും. അത് വല്യേട്ടൻ എ.കെ. ജി. സെൻ്ററിൽ നിന്ന് കണ്ണുരുട്ടുന്നതുകൊണ്ടാണത് എന്ന് എല്ലാവർക്കും അറിയാം,. എന്നാൽ ഐക്യമുന്നണി അധികാരത്തിൽ എത്തിയാൽ ജനകീയ ശാസ്ത്ര വിപ്ലവാരിഷ്ട വിതരണം തുടങ്ങും.
ഇപ്പോൾ സ്ഥിതി ആകെ മാറിയോ? രണ്ടാം പിണറായി സർക്കാരിലൂടെ പാർട്ടിയുടെ കേന്ദ്രീകൃത അധികാരം എന്ന വർഗസമരം പൂർത്തിയായപ്പോൾ ” പരിഷത്തിനെ സി.പി. എം ” പിഴുതെറിഞ്ഞോ ? ..ആണെന്നാണ് തോന്നുന്നത്. പ്രത്യേകിച്ചും കെ. റെയിൽ കാര്യത്തിൽ. ഇപ്പോഴിതാ മുഖ്യമന്ത്രി നേരിട്ട് ഗോദയിലിറങ്ങി പൗര മുഖ്യരെയും പ്രമാണിമാരെയും കണ്ട് കെ റെയിലിന് അംഗീകാരം നേടാൻ ശ്രമിക്കുന്നു. നിയമസഭയെയോ പ്രതിപക്ഷത്തേയോ അഭിമുഖീകരിക്കാൻ അദ്ദേഹം എന്തിന് ഭയപ്പെടുന്നു എന്ന് മനസിലാവുന്നില്ല. ? ആഗോളവൽക്കരണത്തിനെതിരെ ചൂട്ട് കത്തിച്ചവരും , ആസിയാൻ കരാർ അറബിക്കടലിൽ എറിഞ്ഞവരും എല്ലാം ഇപ്പോൾ മുതലാളിത്ത പക്ഷത്തേയ്ക്ക് കൂറുമാറിയോ?. ഇനി ഉയർന്നു വരുന്ന ചർച്ച കെ റെയിൽ കാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ഭാവി എന്താവുമോ ? കാത്തിരുന്നു കാണാം.. പ്രൊഫ ജി ബാലചന്ദ്രൻ