കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ മാധ്യമങ്ങൾ നിർദ്ധിഷ്ട കെ റെയിൽ പദ്ധതിയുമായ് പുറത്ത് കൊണ്ടു വന്ന ചില മനുഷ്യപക്ഷ വാർത്തകളുണ്ട്. പദ്ധതിയുടെ പേരിൽ കുടിയൊഴിക്കപ്പെടേണ്ടി വരുന്നവരുടെ പ്രതിഷേധങ്ങളും ആർത്തനാദങ്ങളും ആയിരുന്നു അത്. പദ്ധതിയുടെ ഇരകളിൽ ചിലർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്ന ദയനീയ കാഴ്ചയായിരുന്നു അതിലൊന്ന്. ഈ പ്രതിഷേധങ്ങൾ ഒറ്റപ്പെട്ടതായി കണ്ട് അവഗണിച്ചുകൂടാത്തതാണ്. വികസന പ്രവർത്തനങ്ങങ്ങൾ തുടങ്ങുമ്പോൾ പൊതുജന പ്രതിഷേധം സ്വാഭാവികമാണ്. അത് പൊതുജനാഭിപ്രായം പരിഗണിക്കാത്തതു കൊണ്ട് രൂപപ്പെടുന്നതാണ്.
കെ റെയിൽ കേരളത്തോട് ചോദിക്കുന്ന സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ഒരുപാട് ചോദ്യങ്ങളുണ്ട്. 530 കിലോ മീറ്റർ പാതയ്ക്ക് കേരളം മുടക്കേണ്ടത് 63941 കോടി രൂപ. ! പദ്ധതി പൂർത്തിയാവുമ്പോൾ അത് ഒരു ലക്ഷം കോടി കവിയും എന്ന് പറയുന്നു. 11 ജില്ലകളിലെ 1200 ഹെക്ടർ സ്വകാര്യ ഭൂമി ഉൾപ്പെടെ 1300 ഹെക്ടർ ഭൂമി പാതയ്ക്ക് വേണ്ടി ഏറ്റെടുക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ സർക്കാർ പൊതുജനങ്ങളോട് പറയേണ്ട ചില കാര്യങ്ങളുണ്ട്. 1) കുടിയൊഴിപ്പിക്കപ്പെടുന്നവരെ കുടിയിരുത്താൻ ബദൽ മാർഗങ്ങൾ ഉണ്ടോ ? 2) പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൂടെ പാത കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാര നിർദ്ദേശങ്ങൾ ഉണ്ടോ ? 3) ഒരു വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് അടിച്ചേൽപ്പിക്കലാവില്ലെ പുതിയ സിൽവർ ലൈൻ ? 4) പദ്ധതി സംസ്ഥാനത്തിന് ലാഭകരമാകുമോ ? .
ചോദ്യങ്ങൾ വികസന വിരോധത്തിൻ്റെതല്ല. നാടിൻ്റെ വികസന മുന്നേറ്റത്തിന് മുന്നിൽ പ്രതിഷേധത്തിൻ്റെ ചുകന്ന കൊടികൾ ഭൂഷണവുമല്ല. എങ്കിലും ഒരു ജനതയുടെ നെഞ്ചിൽച്ചവിട്ടി 200 കിലോ മീറ്റർ വേഗത്തിൽ തീവണ്ടി ചൂളം വിളിച്ച് പായുമ്പോൾ നന്ദിഗ്രാം ഏറെ അകലെയല്ല എന്ന് ഓർക്കുന്നത് നല്ലതാണ്. കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങൾ തീർച്ചയായും ജനാധിപത്യപരമാകുകയും വേണം.
ഇക്കാര്യത്തിലുളള ഹൈക്കോടതിയുടെ ഇടപെടൽ ആശ്വാസകരമാണ്.
(പ്രൊഫ ജി ബാലചന്ദ്രൻ )