സുകുമാരക്കുറുപ്പ് സിനിമയാവുമ്പോൾ! .


“കുറുപ്പ് ” എന്ന സിനിമയ്ക്ക് വേണ്ടി ദുൽഖർ മുഖ്യനടനായി വേഷമിടുന്നതോടെ ചാക്കോ വധവും സുകുമാരക്കുറുപ്പും വീണ്ടും ചർച്ചയാവുകയാണ്.! കുറുപ്പ് സിനിമയാവുമ്പോൾ നീറുന്ന ഓർമകൾ ചാക്കോയുടെ കുടുംബത്തിന് എത്ര വേദനയുണ്ടാക്കുമെന്ന് ചാക്കോയുടെ മകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് … 1984 ജനുവരി 23. സുകുമാരക്കുറുപ്പിന്‍റെ പൈശാചികത ആരും മറന്നിട്ടില്ല. ഫിലിം റെപ്രസെന്‍റേറ്റീവായിരുന്ന ചാക്കോയൊ ചുട്ടുകൊന്ന സുകുമാര കുറുപ്പ് . ഫിലിം റപ്രസൻ്റേറ്റീവ് ആയി ജോലി കിട്ടിയ ശേഷം ചാക്കോ കല്യാണം കഴിച്ചു. അവര്‍ താമസിച്ചിരുന്നത് എന്‍റെ വീടിന് 50 മീറ്റര്‍ മാത്രം അകലെയാണ്. വൈഎംസിഎയ്ക്കും മാര്‍ത്തോമ്മാ പള്ളിക്കും വടക്കുമാറിയുള്ള ചാത്തനാട്ട് കോളനിക്കടുത്ത്. ഫിലിം റെപ്രസെന്‍റേറ്റീവായതുകൊണ്ട് ചാക്കോയ്ക്ക് ഫിലിം പെട്ടിയുമായി പല തിയേറ്ററുകളിലും പോകേണ്ടിവരും. ചാക്കോ അവസാനമായി എത്തിയത് കരുവാറ്റയിലെ ഹരി തിയേറ്ററിലാണ്. കെണി എന്ന സിനിമയുടെ സെക്കന്‍റ്ഷോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചു. രാത്രി പത്തര മണിയായി. കൈ കാട്ടിയപ്പോൾ ബസ് നിര്‍ത്തിയില്ല. കാലന്‍ കാറിന്‍റെ രൂപത്തില്‍ വന്നു .! പാവം ചാക്കോ കാറില്‍ കയറി. കാറില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ കൂടിയുണ്ട്. പുറികിലിരുന്നവര്‍ ചാക്കോയുടെ വായ്ക്കും കഴുത്തിനും കുത്തിപ്പിടിച്ചു ചരടിട്ട് ശ്വാസം മുട്ടിച്ചു. വായില്‍ മദ്യം ഒഴിച്ചു. . ചാക്കോ ഞെരിഞ്ഞു പിടഞ്ഞു മരിച്ചു. മാവേലിക്കര ചെറിയനാട്ടുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ചാക്കോയുടെ കൈ സ്റ്റിയറിംഗില്‍ പിടിപ്പിച്ചു. അത് സുകുമാരക്കുറുപ്പിന്‍റെ വീടായിരുന്നു. വളരെ വലിയ വീട്. ചാക്കോയുടെ മൃതശരീരം വീട്ടിനകത്തു കൊണ്ടുപോയി സുകുമാരക്കുറുപ്പിന്‍റെ മുണ്ടും ഷര്‍ട്ടും ധരിപ്പിച്ചു. മുഖത്തും ശരീരത്തിലും പെട്രോള്‍ ഒഴിച്ചു കത്തിച്ചു.എന്നിട്ട് ആ കരിഞ്ഞ ശരീരം വീണ്ടുമെടുത്തു ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തി. ഉന്തിത്തള്ളി കുറച്ചുദൂരെയുള്ള ഒരു പാടത്തിനടുത്ത് കൊണ്ടുചെന്ന് കാര്‍ കത്തിച്ചു. അയല്‍ക്കാരാരും ഇല്ലാത്ത പ്രദേശം. പോരാത്തതിന് അര്‍ദ്ധരാത്രിയും. കാറും ചാക്കോയും കരിഞ്ഞു. സുകുമാരക്കുറുപ്പിന്‍റെ കാര്‍ കത്തിയെന്നും അയാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചെന്നും അടുത്ത ബന്ധുവായ ഭാസ്കരന്‍ നായര്‍ പിറ്റേന്ന് കരഞ്ഞുകൊണ്ട് ഓടിനടന്നു പറഞ്ഞു. അയാളുടെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുറെശ്ശെ കുറേശ്ശെയായി സത്യം പുറത്തു ചാടി. ചാക്കോ നേരം പുലര്‍ന്നിട്ടും വീട്ടില്‍ വന്നില്ല. വീട്ടുകാര്‍ പരിഭ്രമിച്ചു. ചാക്കോയുടെ കഴുത്തു ഞെരിച്ചുകൊന്നതിൽ പൊന്നാനിക്കാരന്‍ ഷാഹുവും ഡ്രൈവറായ ആലപ്പുഴക്കാരന്‍ പൊന്നപ്പനുമുണ്ടായിരുന്നു. ഇത്രയും കാര്യങ്ങള്‍ സുകുമാരക്കുറുപ്പിന്‍റെ ബന്ധു തന്നെ പറഞ്ഞു. KLQ 7490 കാറിലിട്ടാണ് ചാക്കോയെ കൊന്നതും കത്തിച്ചതും. കുറുപ്പ് മുങ്ങുകയും ചെയ്തു.. വീണ്ടും ഭാസ്കരന്‍ നായരെ ചോദ്യം ചെയ്തപ്പോഴാണ് സുകുമാരക്കുറുപ്പ് ആസൂത്രണം ചെയ്ത കൊലപാതകമാണതെന്ന് മനസ്സിലായത്. ഒരു വലിയ തുകയ്ക്ക് സുകുമാരക്കുറുപ്പ് വിദേശത്ത് തന്‍റെ പേര്‍ക്ക് ഇന്‍ഷ്വറന്‍സ് എടുത്തിട്ടുണ്ട്. താന്‍ മരിച്ചാല്‍ ഭീമമായ തുക ഭാര്യയ്ക്കു കിട്ടും. ആ തുകയും വാങ്ങി വിദേശത്തു നിന്നു മുങ്ങി നാട്ടില്‍ വന്ന് സുഖമായി ജീവിക്കാമെന്നാണയാള്‍ സ്വപ്നം കണ്ടത്. ചാക്കോയുടെ ശവശരീരം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനിടയില്‍ ഞങ്ങള്‍ ചാക്കോയുടെ വീട്ടില്‍ പോയി. അവിടെ ചാക്കോയുടെ ഗര്‍ഭിണിയായ ഭാര്യ അലമുറയിട്ടു കരയുകയാണ്. വീട്ടിലെല്ലാവരും കരഞ്ഞു ക്ഷീണിച്ചു കിടക്കുന്നു. നൂറുകണക്കിന് നാട്ടുകാരും അയല്‍ക്കാരും കൂടിയിട്ടുണ്ട്. ചെകുത്താന്‍ പോലും കരഞ്ഞുപോകുന്ന ക്രൂരമായ നരഹത്യ. ചാക്കോയുടെ മൃതശരീരം ആയിരക്കണക്കിനാളുകള്‍ ചേര്‍ന്നു വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുവന്നു. തോമസ്മൂര്‍ അച്ചനാണ് ചരമപ്രസംഗം നടത്തിയത്. എന്‍റെ ജീവിതത്തില്‍ ഇത്രയും ഹൃദയസ്പര്‍ശിയായ ഒരു ചരമപ്രസംഗം കേട്ടിട്ടില്ല. ഇരുപതു മിനിട്ടു നീണ്ടുനിന്ന ആ പ്രസംഗത്തില്‍ കൊലപാതകത്തിന്‍റെ ക്രൂരതയെക്കുറിച്ചും ചെയ്തവരുടെ പാപത്തെക്കുറിച്ചും മരണമടഞ്ഞ ചാക്കോയുടെ കുടുംബത്തിന്‍റെ ദൈന്യതയെക്കുറിച്ചും ഹൃദയ ദ്രവീകരണ ഭാഷയിലും സ്വരത്തിലും ആണ് തോമസ്മൂര്‍ അച്ചന്‍ വിവരിച്ചത്. തോമസ് മൂര്‍ അച്ചന്‍ ഞങ്ങളുടെ കുടുംബസുഹൃത്തായിരുന്നു. എന്‍റെ കൂട്ടുകാരന്‍ ചങ്ങനാശ്ശേരി എസ്.ബി കോളേജ് പ്രൊഫസര്‍ സ്കറിയാ സക്കറിയായുടെ ജ്യേഷ്ഠനാണ്. ചാക്കോയുടെ ഭാര്യയുടെ ശോചനീയാവസ്ഥയും ആ അരുംകൊലയെക്കുറിച്ചുമായിരുന്നു നാട്ടിലെമ്പാടും സംസാരം. വളരെക്കാലം കഴിഞ്ഞ് ഷാഹുവും പൊന്നപ്പനും ഭാസ്കരന്‍ നായരും ശിക്ഷിക്കപ്പെട്ടു. ചാക്കോയുടെ ഭാര്യയ്ക്ക് ആശുപത്രിയില്‍ അറ്റന്‍ററുടെ ജോലി കിട്ടി. അവര്‍ പ്രസവിച്ചു. മകനിപ്പോള്‍ ഏകദേശം മുപ്പത്തഞ്ചു വയസ്സ് പ്രായമുണ്ട്. അവൻ കല്യാണം കഴിച്ചു ഒരു കുട്ടിയുമുണ്ട്.
വിചിത്രമായ ഈ അരുംകൊല നടത്താന്‍ കാരണക്കാരനായ സുകുമാരക്കുറുപ്പ് അന്തര്‍ദ്ധാനം ചെയ്തിട്ട് മൂന്നര പതിറ്റാണ്ടായി. അന്നത്തെ ആഭ്യന്തരമന്ത്രി വയലാര്‍ രവി പോലും ഈ കേസിൻ്റെ പേരിൽ വളരെയേറെ ആക്ഷേപങ്ങള്‍ കേട്ടു. ആലപ്പുഴയില്‍ നടന്ന മനുഷ്യഹിംസ മനസ്സില്‍ ഒടുങ്ങാത്ത നീറ്റലുണ്ടാക്കുന്നു. കുറുപ്പ് ഇപ്പോള്‍ നാട്ടിലോ വിദേശത്തോ നരകത്തിലോ? ആര്‍ക്കറിയാം.? (വിശദവായനയ്ക്ക് “ഇന്നലെയുടെ തീരത്ത് ” )

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ