സുകുമാര്‍ അഴീക്കോടുമായി പരിചയപ്പെട്ട കാലംമുതല്‍ ഒരു അനുജനോടുള്ള സ്നേഹവാത്സല്യങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്. വെള്ള ഖദര്‍ മുണ്ടും ഖദര്‍ ജുബ്ബയും ധരിച്ച കൃശഗാത്രന്‍. മൈക്കിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ശബ്ദത്തിന് ഗാംഭീര്യമേറുന്നു. കേരളം മുഴുവന്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ മുഴങ്ങിക്കേട്ടു. അഴീക്കോടിന്‍റെ വിമര്‍ശനത്തിന്‍റെ കൂരമ്പുകളേറ്റ് പലരും ചൂളുന്നതും വിളറുന്നതും ഓടിയൊളിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിലും മറ്റു പല വേദികളിലും ഞാന്‍ അദ്ദേഹത്തെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതലുള്ള അടുപ്പം അഴീക്കോടിന്‍റെ മരണംവരെ തുടര്‍ന്നു. മനുഷ്യ മനസ്സുകളെ ഭരിക്കുന്ന കലയാണ് പ്രഭാഷണം എന്ന് പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. അഴീക്കോടിന്‍റെ കാര്യത്തില്‍ അത് അക്ഷരംപ്രതി ശരിയാണ്.
അദ്ദേഹം കൊല്ലത്തോ തിരുവനന്തപുരത്തോ മീറ്റിംഗുകള്‍ക്ക് പോകും വഴി എന്‍റെ വീട് സന്ദര്‍ശിക്കും. അദ്ദേഹം എന്നെ വിളിക്കുന്നത് ബാലചന്ദ്രാ എന്നല്ല ബാലചന്ദ്റാ എന്നാണ്. കെ. കരുണാകരനെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുക അഴീക്കോടിനു രസമാണ്. ഒരിക്കൽ ശങ്കരമംഗലത്ത് വച്ച് തകഴിയെ ആദരിക്കുന്ന സമയത്ത് എല്ലാവരും കേള്‍ക്കെ ഞാന്‍ കുശലം ചോദിച്ചു? . സാറെന്തിനാ കെ. കരുണാകരനെ വെറുതെ വിമര്‍ശിക്കുന്നത്. മാഷ് പറയുകയാ അത് കരുണാകരനെ നന്നാക്കാനാണ് !! .
ഒരു പാതിരാത്രിയില്‍ അഴീക്കോട് സാറിന്‍റെ ഒരു ഫോണ്‍. ഏ.പി.പി. നമ്പൂതിരിയും സാറുമായുള്ള യാത്രയ്ക്കിടയില്‍ ഹരിപ്പാട്ടു വച്ച് നമ്പൂതിരി കാറില്‍ നിന്നിറങ്ങിയപ്പോള്‍ താഴെ വീണു തലപൊട്ടി. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ഏ.പി.പി. നമ്പൂതിരി മരിച്ചിരുന്നു. വസ്ത്രം മുഴുവന്‍ രക്തവുമായി പരിഭ്രമിച്ചു നില്‍ക്കുന്ന അഴീക്കോടിനു ഞങ്ങളെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. ഏ.പി.പി.യുടെ മരണം സാറിനെ വല്ലാതെ ഉലച്ചു. അതേക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം മനസ്സില്‍ ദുഃഖം അലയടിക്കുകയാണെന്ന് സാര്‍ പറഞ്ഞിരുന്നു. അഴീക്കോട് രോഗാതുരനായി അമലാ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞങ്ങള്‍ കുടുംബസമേതം ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. വേദനയുടെ നടുവിലും അദ്ദേഹം ഒന്നു ചിരിച്ചു. മെല്ലെയുയര്‍ത്തിയ കൈയ്യില്‍ ഞാന്‍ തലോടി. സമ്മേളനവേദികളില്‍ സിംഹഗര്‍ജ്ജനം നടത്തിയിരുന്ന സുകുമാര്‍ അഴീക്കോട് സംസാരിക്കാന്‍ പോലുമാകാതെ കിടക്കുന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു.
പ്രൊഫ ജി ബാലചന്ദ്രൻ