സുബാഷ് ചന്ദ്രബോസിന്റെ വിഭിന്നമായ സ്വതന്ത്ര്യ സമര മാർഗ്ഗം

മാതൃരാജ്യത്തിന്റെ മോചനത്തിനുവേണ്ടി സായുധ സമരം വേണമെന്നു ഉറച്ചു വിശ്വസിച്ച സുബാഷ് ചന്ദ്ര ബോസ് ഒരു കൊടുങ്കാറ്റായിരുന്നു. സ്വാതന്ത്ര്യം അവകാശപ്പെട്ടതാണെന്നും. അതു പിടിച്ചു വാങ്ങണമെന്നും സുബാഷ് വാദിച്ചു. വിഭിന്ന മാർഗ്ഗമാണ് ഗാന്ധിജിയും ബോസും കൈക്കൊണ്ടത്. പട്ടാള യൂണിഫോമും പട്ടാളത്തൊപ്പിയും ധരിച്ചു കൊണ്ട് നില്ക്കുന്ന നേതാജിയുടെ ഗാംഭീര്യം തുളുമ്പുന്ന ഭാവം ഏതൊരു ഇൻഡ്യാക്കാരനും രോമാഞ്ച മുണ്ടാക്കുന്നതാണ്. കോൺഗ്രസ്സ് തെരഞ്ഞടുപ്പിൽ ഗാന്ധിജി സുബാഷിനെതിരായിരുന്നു.

മഹാത്മാ ഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന് ആദ്യം വിളിച്ചത് സുബാഷ് ചന്ദ്ര ബോസാണ്.

പുതിയ പുതിയ അറിവുകൾ തേടും തോറും സുബാഷിന്റെ മനസ്സ് വികസ്വരമായിക്കൊണ്ടിരുന്നു. അനശ്വരവും അനന്തവും അജ്ഞാതവുമായ എന്തോ ഒന്നിനെ കണ്ടെത്തുവാനുള്ള വ്യഗ്രതയുണ്ടായിരുന്നു. അതിനുവേണ്ടി അദ്ദേഹം വീടുവിട്ടു. അലയാത്ത സ്ഥലങ്ങളില്ല. തല മുണ്ഡനം ചെയ്ത് കാഷായം ധരിച്ച് ജപമാലയുമായി ആ കൗമാര യോഗി ഹിമവാനെപ്പോലെ ഉത്തുംഗനാകാനും ഭാരതത്തിന്റെ രക്ഷകനാകാനും കൊതിച്ചു. നിർഭയമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം.അദ്ദേഹം നാടു മുഴുവൻ ചുറ്റിയടിച്ചതിന് ശേഷം വീട്ടിൽ തിരിച്ചെത്തി പിന്നീട് പ്രസിഡൻസി കോളേജിൽ ചേർന്നു. മാതൃരാജ്യത്തിനെതിരായി ഇംഗ്ലീഷുകാരായ അദ്ധ്യാപകർ എന്തെങ്കിലും പറഞ്ഞാൽ ബോസ് പൊട്ടിത്തെറിക്കുമായിരുന്നു. “ഓട്ടൻ ” എന്ന സായിപ്പദ്ധ്യാപകന്റെ ധിക്കാരവും രോഷവും ആക്ഷേപവും സഹിക്കവയ്യാതെ വന്നപ്പോൾ ബോസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ചു. ബോസിനെ കോളേജിൽ നിന്നു പുറത്താക്കി.

പിന്നീട് ഇംഗ്ലണ്ടിൽ പോയി പഠിച്ച് ഐ.സി.എസ്സ്. പരീക്ഷ നിഷ്പ്രയാസം പാസ്സായി. ഏതൊരു ഇന്ത്യൻ യുവാവും അത്യുന്നത ബിരുദമെന്നു കരുതിയിരുന്ന ആ ബിരുദം ബോസിനു മുൾക്കിരീടമായി തോന്നി. ഉദ്യോഗം സ്വീകരിച്ചാൽ ബ്രിട്ടീഷുകാരുടെ അടിമപ്പണി ചേയ്യേണ്ടിവരും. അദ്ദേഹം ഐ.സി.എസ്സ്. ബിരുദം നിഷ്ക്കരുണം ഉപേക്ഷിച്ചു.

ദേശബന്ധു സി.ആർ ദാസായിരുന്നു സുബാഷിന്റെ മാർഗ്ഗദർശിയും രാഷ്ട്രിയ ഗുരുവും. അഭിഭാഷകരുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന സി.ആർ. ദാസ് കോടതി ഉപേക്ഷിച്ചു. കല്ക്കത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സി.ആർ ദാസ് മേയറായി. അദ്ദേഹം സുബാഷ് ചന്ദ്രബോസിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ബോസ് പല കർമ്മ പരിപാടികളും ആവിഷ്ക്കരിച്ചു. ബോസിനെ ബ്രിട്ടീഷുകാർക്കും ഭയമായിരുന്നു. അസൂയ പൂണ്ട അവർ ബോസിനെ അറസ്റ്റു ചെയ്തു. മരക്കൂടു പോലെയുള്ള ജയിലിലടച്ചു. തിലകനും ലാലാ ലജ്പത് റായിയുമൊക്കെ ഈ ജയിലിൽ കിടന്നിട്ടുണ്ട്. നെഹ്റുവിന് സുബാഷിനെ വലിയ ഇഷ്ടമായിരുന്നു. ഗാന്ധിജിയുടെ ദണ്ഡി യാത്രയെക്കുറിച്ച് സുബാഷ് ആവേശഭരിതനായി. പൂർണ്ണ സ്വരാജിൻ കുറഞ്ഞ ഒന്നിലും ഒത്തു തീർപ്പുണ്ടാക്കാൻ ബോസ് തയ്യാറായിരുന്നില്ല.

കോൺഗ്രസ്സ് പ്രസിഡന്റായപ്പോൾ അമ്പത്തി ഒന്നു കാളകളെ പൂട്ടിയ രഥത്തിൽ ബോസിനെ സ്വീകരിച്ചാനയിച്ചു. കോൺഗ്രസ്സിനുള്ളിലെ എതിർപ്പും സ്വന്തം രോഗവും ബോസിനെ തളർത്തി.

ജയിലിലായ ബോസ് പ്രഖ്യാപിച്ചു: “ഒന്നുകിൽ എന്നെ മോചിപ്പിക്കുക, അല്ലെങ്കിൽ ഞാൻ ജീവിതം ഉപേക്ഷിക്കും”. നിരാഹാരത്തിന് ബോസ് തുനിഞ്ഞു. ജയിലിൽ വച്ച് ഭാവി പ്രവർത്തനം ബോസ് ആസൂത്രണം ചെയ്തു.

വേഷം മാറി മൗലവിയുടെ വേഷത്തിൽ ബോസ് നാടുവിട്ടു. ബർലിനിലെത്തി. ഭാരതത്തിനു സ്വാതന്ത്ര്യം നേടുന്നതിന് ഏതറ്റം വരെ പോകാനും ബോസ് തയ്യാറായി. ജർമ്മൻ സർക്കാരിന്റെ സഹായത്തോടെ “ആസാദ് ഹിന്ദ് ” ഉദ്ഘാടനം ചെയ്തു. ഒരു പുതിയ അഭിവാദ്യ പദം ഭാവന ചെയ്തു. അതാണ് “ജയ്ഹിന്ദ്”. സ്വതന്ത്ര ഇന്ത്യാ കേന്ദ്രത്തിന്റെ തലവന് “നേതാജി” എന്ന സ്ഥാനം ചാർത്തിക്കിട്ടി. “ആസാദ് ഹിന്ദ് റേഡിയോ”യിലൂടെ നേതാജി സംസാരിച്ചപ്പോൾ അത് കേട്ട ഇന്ത്യാക്കാർ കോരിത്തരിച്ചു. അതിലൂടെ ബോസ് നടത്തിയ പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. “ആസാദ് ഹിന്ദ് സർക്കാർ” ബ്രിട്ടീഷുകാർക്കു തലവേദനയായി.

നേതാജിയുടെ ഇച്ഛാശക്തിയ്ക്കു വഴങ്ങി സൈനിക വിഭാഗമായ “ഇന്ത്യൻ ലീജിയൻ” രൂപീകരണത്തിനു ജർമ്മൻ ഗവർമെന്റ് അനുമതി നല്കി. ബ്രിട്ടിഷുകാരുടെ സൈനിക ശക്തിയെ മറ്റൊരു സൈനിക ശക്തി കൊണ്ടു നേരിടാനാണ് നേതാജി പദ്ധതിയിട്ടത്. ഐ.എൻ.എ. പല രാജ്യങ്ങളിലും രൂപീകരിച്ചു. സ്ത്രീകൾക്കായി ത്സാൻസി റാണി റെജിമെന്റിനു രൂപം നല്കി. ഹിറ്റ്ലർ പോലും ബോസിനെ നേതാജി എന്നാണ് വിളിച്ചിരുന്നത്. ജപ്പാൻ പ്രസിഡന്റ് ടോജോയുമായി നേതാജി കൂടിക്കാഴ്ച്ച നടത്തി.

കരയിലും കടലിലും ആകാശത്തും ആരംഭിച്ച ലോക മഹാ യുദ്ധത്തിന്റെ വ്യാപനം ഇന്ത്യയിലേക്കു കടന്ന് ബ്രീട്ടിഷുകാരെ തുരത്താൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ബോസിന്റെ പുതിയ സർക്കാരിന് ജപ്പാൻ, ജർമ്മനി, ഇറ്റലി തുടങ്ങി 8 രാജ്യങ്ങൾ അംഗീകാരം നൽകി. മാതൃഭൂമിയുടെ ഓരോ ഇഞ്ചും പൊരുതി നേടാനുളള നേതാജിയുടെ പടയോട്ടം ജപ്പാൻ സൈനിക നീക്കത്തിലൂടെ കുറച്ചു സ്ഥലം

പിടിച്ചെടുത്തു. പിന്നെ പല പ്രദേശങ്ങളും അധീനതയിലായി. പക്ഷേ പ്രതികൂലമായ കാലാവസ്ഥ തടസ്സമായി. യുദ്ധത്തിന്റെ പരിണാമം വിജയത്തിലേക്കല്ല പരാജയത്തിലേക്കാണു നീങ്ങിയത്. “ബർഹം” വിട്ടു പോകാൻ നേതാജി നിർബന്ധിതനായി. യുദ്ധത്തിൽ തോറ്റതായി ബോസിനു സമ്മതിക്കേണ്ടി വന്നു. സിങ്കപ്പൂരിലെത്തിയ നേതാജി അറിഞ്ഞ വാർത്തകൾ ഹൃദയ ഭേദകമായിരുന്നു. ജനക്കൂട്ടം മുസ്സോളിനിയെ തല്ലിക്കൊന്നു. ഹിറ്റ്ലർ ആത്മഹത്യ ചെയ്തു.

ഇന്ത്യയുടെ സ്വപ്നം രണ്ടു വർഷത്തിനു ശേഷം സാർത്ഥകമായി.

സുബാഷ് ചന്ദ്രബോസിന്റെ അന്ത്യം ആരെയും വേദനിപ്പിക്കുന്നതായിരുന്നു.

ബോസ് സഞ്ചരിച്ച വിമാനം “നെയ്പ്പോയി” എയർ പോർട്ടിൽ വച്ചുണ്ടായ അപകടത്തിൽ പൊട്ടിത്തെറിച്ച് ഒരു അഗ്നി കുണ്ഡമായി. നേതാജി ഒരു അഗ്നി നാളമായി അതിൽ ലയിച്ചു. നേതാജി ഇപ്പോഴും ജീവിച്ചിരിക്കുന്നൂ എന്ന് ചിലർ വിശ്വസിക്കുന്നു

പ്രൊഫ.ജി.ബാലചന്ദ്രൻ

#subashchandrabose

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ